Tuesday, November 1, 2016

നിങ്ങള്‍ ബിസിനസിന് അകത്തോ, പുറത്തോ?


രു ചെറിയ സ്‌റ്റേഷനറി കട നടത്തുന്ന, അച്ഛന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹം വളരെ ഊര്‍ജ്ജസ്വലനും നല്ല കാര്യപ്രാപ്തിയുള്ള ആളുമാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ കാര്യങ്ങള്‍ മുന്‍കൈ എടുത്തു ചെയ്യുന്ന ഒരാള്‍. പക്ഷെ, നാട്ടിലെ മിക്ക പരിപാടികളിലും ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കാറില്ല. കടയടച്ചു പോന്നാല്‍ 'ശരിയാവില്ല' എന്നതുതന്നെ കാരണം. മുമ്പ് ഒരു തവണ കട, അസിസ്റ്റന്റ് സാഗറിനെ ഏല്‍പ്പിച്ചു പോന്നതിന്റെ കഥ ഇപ്പോഴും അദ്ദേഹം പറയും. തെറ്റി എടുത്തുകൊടുത്തത് 800 രൂപയുടെ സാധനങ്ങള്‍, കാണാതായത് വേറെ 650 രൂപയോളം. പിന്നെ കണക്കെഴുത്ത് തെറ്റിയതിലൂടെ വേറെയൊരു 1200 രൂപയും. അതോടെ ഇത്രയും മൂല്യമെങ്കിലും ഉള്ള പരിപാടികള്‍ വന്നാലേ കടയടച്ചിടുന്ന (സാഗറിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ!) പ്രശ്‌നം ഉദിക്കുന്നുള്ളൂ എന്ന് കക്ഷി തീരുമാനി ച്ചു. പ്രതാപന്‍ എന്ന് പേരുള്ള വേറൊരു പരിചയക്കാരനുണ്ട്. അദ്ദേഹത്തിന് ആഫ്രിക്കയിലേക്ക് തുണി കയറ്റി അയക്കുന്ന ബിസിനസാണ്. ഒപ്പം രണ്ട് ചെമ്മീന്‍കെട്ടും മൂന്നാറില്‍ ഒരു ഫാം ഹൗസുമുണ്ട്. കോടികളുടെ വരുമാനമുള്ള ശരിക്കും ഒരു പ്രതാപന്‍! ഇദ്ദേഹമാകട്ടെ നല്ല വെള്ള ജുബ്ബയും മുണ്ടും കയ്യില്‍ ഒരു 'ടിസോട്ട്' വാച്ചും കെട്ടി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാകും. ഒരുകാലത്ത് എന്നെ ഏറെ കുഴക്കിയിരുന്ന ഒരു ചോദ്യമായിരുന്നു അത്! ചില ബിസിനസുകാര്‍ വളരെ 'ബിസി'യും മറ്റു ചിലര്‍ വളരെ 'ഫ്രീ'യും ആകുന്നതെങ്ങനെ?

അകത്തും പുറത്തും

ബിസിനസുകളെ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് ഈ ചോദ്യവും ഉത്തരവും കൂടുതല്‍ സ്പഷ്ടമായത്. റോബര്‍ട്ട് കയോസാക്കി പറയുന്നതുപോലെ, നിങ്ങളില്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മുന്നോട്ട് പോകുന്നില്ലെങ്കില്‍, നിങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്കുവേണ്ടി ജോലിയെടുക്കുന്നത്. ഒരു ട്രെയിനറെയോ, ഡോക്ടറേയോ 
പോലെ അത് ഒരുതരം സെല്‍ഫ് എംപ്ലോയ്‌മെന്റാണ്. ഇന്ന് ജോലിചെയ്താല്‍ പ്രതിഫലം ഇല്ലെങ്കില്‍ ഇല്ല എന്ന അവസ്ഥ.

ഇത്തരം ഒരു അവസ്ഥയെ ബിസിനസ് എന്ന് വിളിക്കാനേ സാധ്യമല്ല. അതുകൊണ്ടു തന്നെ അച്ഛന്റെ ആ സുഹൃത്ത് ചെയ്യുന്നത് വെറുമൊരു സെല്‍ഫ് എംപ്ലോയ്‌മെന്റും എന്‍ഗേജ്‌മെന്റുമാണ്. ഇത്തരക്കാര്‍ ചെയ്യുന്നത് ബിസിനസ് ആണെന്ന തെറ്റിദ്ധാരണയില്‍ ജീവിതം മുഴുവന്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഹോമിക്കുകയാണ്. ചെറിയ കച്ചവടക്കാരില്‍ മാത്രമല്ല, അല്‍പ്പസ്വല്‍പ്പമൊക്കെ നല്ല രീതിയില്‍ സ്ഥാപനം വികസിപ്പിച്ചെടുത്തവരിലും ഈ 'അസുഖം' കാണാറുണ്ട്. പര്‍ച്ചേസും സ്റ്റോക്കും എക്കൗണ്ട്‌സും സെയില്‍സും എല്ലാം ഒറ്റയ്ക്ക് ചെയ്ത് 'സന്തോഷ് പണ്ഡിറ്റാ'കാന്‍ ശ്രമിക്കുന്നവര്‍ ഏറെ. ഇവരെല്ലാം ബിസിനസിന് അകത്താണ്!

ബിസിനസുകാര്‍ 'പണ്ഡിറ്റ്' ആകുമ്പോള്‍

എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ബിസിനസുകാര്‍ ഒന്നും ശരിയായി ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഓരോന്നും ചെയ്യാന്‍ കഴിവുള്ള, വിശ്വസ്തരായ ആളുകളെ കണ്ടെത്തി ഏല്‍പ്പിച്ചു കൊടുക്കുന്നിടത്താണ് ബിസിനസ് മാനേജ്‌മെന്റിന്റെ വൈദഗ്ദ്ധ്യം കാണിക്കേണ്ടത്. അല്ലാതെ എല്ലാം സ്വയം ചെയ്താലേ ശരിയാകൂ എന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ട് കൂവിയാര്‍ക്കുന്ന ഇത്തരക്കാര്‍, അതിനേക്കാള്‍ മോശമായാണ് ഒരു ബിസിനസ് നടത്തുന്നതെന്ന് മനസിലാക്കുന്നേയില്ല. അവര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

സ്റ്റാഫ് നമ്മളെ പറ്റിക്കുമോ?

ഇത്തരം 'പണ്ഡിറ്റു'മാര്‍ സ്ഥിരം പറയുന്ന ഒരു അനുഭവകഥയുണ്ട്. ഏതെങ്കിലും ഒരു സ്റ്റാഫ് പറ്റിച്ചുകടന്നുകളഞ്ഞ കഥ! എങ്ങനെ, എന്തുകൊണ്ട് പറ്റിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ? ഒരുകാര്യം വ്യക്തമായി മനസിലാക്കിയേ പറ്റൂ. നമ്മള്‍ അനുവദിച്ചുകൊടുക്കാതെ നമ്മളെയാര്‍ക്കും പറ്റിക്കാന്‍ സാധ്യമല്ല. സ്റ്റാഫ് എന്തു ചെയ്യുന്നുവെന്നും ഷോപ്പില്‍ എത്ര സ്റ്റോക്കുണ്ടെന്നും കാഷുണ്ടെന്നും, എത്ര ക്രെഡിറ്റ് കൊടുത്തിട്ടുണ്ടെന്നും ഒന്നും വ്യക്തമായി അറിയാന്‍ സംവിധാനമില്ലാതെ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത് തെരുവില്‍ ഒരു സ്വര്‍ണാഭരണം അലക്ഷ്യമായി വലിച്ചെറിയുന്നതിന് സമാനമാണ്. ആരെങ്കിലും എടുത്തുകൊണ്ടുപോ കുമെന്ന് തീര്‍ച്ച. വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ശരിയായി വികസപ്പിച്ചെടുത്ത റിപ്പോര്‍ട്ടുകളും സാങ്കേതികവിദ്യയുടെ സഹായവും കൂടിയാകുമ്പോള്‍ ഒരാള്‍ക്കും ആരെയും പറ്റിക്കാന്‍ കഴിയാതെ വരും. പക്ഷെ ഇത്തരം 'സിസ്റ്റം' വികസിപ്പിച്ചെടുക്കാന്‍ ഒരു നല്ല മാനേജ്‌മെന്റ് വിദഗ്ധന്റെ സഹായം വേണ്ടിവന്നേക്കാം.

എങ്ങനെ ബിസിനസിന് പുറത്തേക്ക് കടക്കാം?

എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്ത് ഒരു യാത്രപോലും പോകാന്‍ പറ്റാത്ത രീതിയില്‍ ബിസിനസിന് അകത്ത് കുടുങ്ങിക്കിടക്കുന്നവര്‍ ബിസിനസ് 'സിസ്റ്റമൈസ്' ചെയ്‌തേ മതിയാകൂ. ഓരോ ജോലിക്കാരനും വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് പൂര്‍ത്തിയാക്കിയോ എന്ന് ഉറപ്പുവരുത്താനുള്ള റിപ്പോര്‍ട്ടിംഗ് രീതികളും വികസിപ്പിച്ചെടുക്കുക. ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം തേടാമെങ്കില്‍ വളരെ നന്ന്. പക്ഷെ നമുക്കാവശ്യമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അനാലിസിസുകളും ഉള്ള സോഫ്റ്റ്‌വെയറാണെന്ന് ഉറപ്പുവരുത്തണം. ഇതിനൊക്കെ ഒരുപാട് പണം വേണ്ടേ എന്നതാണ് പലരുടേയും വേവലാതി. പല ചെറിയ സോഫ്റ്റ്‌വെയറുകളും ഇന്ന് വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. മാത്രമല്ല, ഇനി വില കൂടിയ സോഫ്റ്റ്‌വെയറുകളാണെങ്കില്‍ തന്നെ, നിങ്ങള്‍ ലാഭിക്കുന്ന സമയത്തിന്റെ വിലയോളം വരില്ല അത്. കാര്യങ്ങള്‍ പ്രൊഫഷണലാകുമ്പോള്‍, ജീവനക്കാരില്‍ പലര്‍ക്കും അതിനോടൊപ്പം എത്താനുള്ള കഴിവോ മനോഭാവമോ ഉണ്ടായെന്നു വരില്ല. അത്തരക്കാരെ അവര്‍ക്കു കഴിയുന്ന ജോലികളിലേക്ക് ഒതുക്കി നിര്‍ത്തി, കഴിവുള്ളവരുടെ ഒരു ടീം സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. 20 വര്‍ഷം കൂടെയുണ്ടായിരുന്നു എന്ന ഒറ്റകാരണം കൊണ്ട് ഒരാളെ ഓപ്പറേഷന്‍സ് ഹെഡ് ആക്കേണ്ട കാര്യമില്ല. അയാളുടെ കഴിവും മനോഭാവവും അനുയോജ്യമാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, മറ്റേതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക. വളരെ മോശം മനോഭാവവും മാറ്റങ്ങളെ എതിര്‍ക്കുന്നവരുമാണെങ്കില്‍ പതിയെ പറഞ്ഞുവിടുന്നതാകും ഉചിതം. 

നിങ്ങള്‍ക്ക് മാനസികമായി ഒരുപാട് അടുപ്പമുള്ള ഒരാളാണെങ്കില്‍ പറഞ്ഞുവിട്ടിട്ട്, എല്ലാ മാസവും വീട്ടിലേക്ക് ഒരു സംഖ്യ അയച്ചുകൊടുത്താലും തരക്കേടില്ല...! അല്ലെങ്കില്‍ ഇത്തരക്കാര്‍ മൊത്തം ബിസിനസിനേയും ബാധിക്കുന്ന കാന്‍സര്‍ ആയേക്കാം. ഇനി പഴയ പ്രതാപന്‍ ചേട്ടനിലേക്ക് വരാം. അതെ, അദ്ദേഹം ഇത്തരത്തില്‍ ബിസിനസിനു പുറത്തുകടന്ന ആളാണ്. രാവിലെയും വൈകിട്ടും സ്മാര്‍ട്ട് ഫോണില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പര്‍ച്ചേസ്, സ്‌റ്റോക്ക്, എക്കൗണ്ട്‌സ്, സെയില്‍സ് എല്ലാം മൊബീല്‍ സ്‌ക്രീനിലുണ്ട്. ആവശ്യമെന്നു തോന്നിയാല്‍ ക്യാമറയില്‍ കാണാനുള്ള സൗകര്യവും ചെയ്തിരിക്കുന്നു. എല്ലാ ബിസിനസിലേയും ഒരു മേലുദ്യോഗസ്ഥനോട് മാത്രമേ ദിവസേനയുള്ള ആശയവിനിമയം ഉള്ളൂ. അതും അത്യാവശ്യങ്ങള്‍ക്ക് മാത്രം. ആഴ്ചയില്‍ ഒരുതവണ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തി റിവ്യൂ ചെയ്യും...ബാക്കി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാവുകയും ചെയ്യും.

ഇങ്ങനെയാണ് ബിസിനസിന് പുറത്തേക്ക് കടക്കുന്നത്. ബിസിനസ് ഒരു വലിയ വനം പോലെയാണ്. വനത്തിനകത്താണെങ്കില്‍, പുറകില്‍ മറഞ്ഞു നില്‍ക്കുന്ന പുലിയെ പോലും നമ്മള്‍ കണ്ടില്ലെന്നു വരാം. വനത്തിന് മുകളിലൂടെ ഒരു ഹെലികോപ്റ്ററില്‍ പറക്കുകയാണ് വേണ്ടത്. മരവും മൃഗങ്ങളും പുഴയും എല്ലാം കണ്ടും നിരീക്ഷിച്ചും വ്യക്തമായ ഒരു രൂപരേഖയുണ്ടാക്കാം. എങ്കില്‍ ഇനി വൈകേണ്ട! 

ഉടനെ പുറത്തുകടന്നോളൂ.... സ്മാര്‍ട്ടായിക്കോളൂ.....

No comments:

Post a Comment