കേരളത്തിലെ ഒരു പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍ (50 കോടിരൂപയിലധികം വാര്‍ഷിക വരുമാനമുള്ള ആളാണ്!) ഓര്‍ഡറെടുക്കുന്നതും പര്‍ച്ചേസ് ചെയ്യുന്നതും ഒക്കെ സ്വന്തമായാണ്. ഒന്ന് കാണാന്‍ ചെന്നപ്പോള്‍ ഒരു കയ്യില്‍ രണ്ടു മൂന്ന് ഫയലുകള്‍, മറ്റെ കൈ കൊണ്ട് ലാപ്‌ടോപ്പില്‍ എന്തോ ചെയ്യുന്നുണ്ട്. മുഖത്ത് രാക്ഷസഭാവം! രണ്ട് ഭാഗത്തുമായി പേടിച്ചരണ്ട് 3-4 ജീവനക്കാരും!! കണ്‍സള്‍ട്ട് ചെയ്യണമെന്നും തമ്മില്‍ കാണണമെന്നും പറഞ്ഞ് വിളിച്ച് വരുത്തിയതാണെങ്കിലും കണ്ടപ്പോള്‍ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല. മുമ്പ് പറഞ്ഞ അതേ ഭാവം തന്നെ! 'വേണ്ടിയിരുന്നില്ല' എന്ന ഭാവം എന്റെ മുഖത്ത് വന്നു തുടങ്ങിയപ്പോഴേക്കും പുള്ളി നോര്‍മലായി...ഇരിക്കാന്‍ ആംഗ്യം കാണിച്ചു. 'നിനക്കൊക്കെ വച്ചിട്ടുണ്ട്' എന്ന സ്റ്റൈലില്‍ ഫയല്‍ അവരുടെ മുഖത്തോട്ട് വലിച്ചെറിഞ്ഞിട്ട് 'അദ്ദേഹം' എന്റെ നേരെ തിരിഞ്ഞു. എന്നിട്ട് ചോദിച്ചു...'ഇവറ്റെകളെയൊക്കെ നന്നാക്കാന്‍ പറ്റുമോ?' ഇത്ര പരുഷമായും പ്രത്യക്ഷമായും അല്ലെങ്കിലും കേരളത്തിലെ എല്ലാ ബിസിനസുകാരും മനസില്‍ ചോദിക്കുന്ന ചോദ്യമാണിത്!
ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു... 'ആദ്യം മാറേണ്ടത് നമ്മള്‍ തന്നെയാണ്. ആ മാറ്റമാണ് താഴേയ്ക്ക് കൈമാറേണ്ടത്.' ഇതു കേട്ട മാത്രയില്‍ 'എനിക്കെന്താ ഒരു കുഴപ്പം' എന്ന ഒരു കൊള്ളിമീന്‍ പുള്ളിയുടെ മനസിലൂടെ പാഞ്ഞു പോയെങ്കിലും പുറത്തു കാണിച്ചില്ല. എന്നിട്ടു പറഞ്ഞു. 'പത്തിരുപത്തഞ്ച് കൊല്ലമായി ഇവറ്റകളെ കാണുന്നു. പല രീതിയില്‍ മാറി നോക്കി. എവിടെ ശരിയാകാന്‍...'
എങ്ങനെ മാറണം?
സ്റ്റാഫിന് ഒരു ഉത്തരവാദിത്തവുമില്ല എന്നതാണ് പലരുടേയും പ്രശ്‌നം. പക്ഷേ, ആ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് കുറഞ്ഞപക്ഷം നിങ്ങള്‍ക്കും സ്റ്റാഫിനും അറിഞ്ഞിരിക്കണം. ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറിലെ ഓരോ പൊസിഷനും അനുസരിച്ച് ആദ്യമേ ഒരു 'റെസ്‌പോണ്‍സിബിലിറ്റി ഷീറ്റ്' തയ്യാറാക്കി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ഉത്തരവാദിത്തവും നി ര്‍വ്വഹിച്ചോ ഇല്ലയോ എന്നറിയാനും അതിന്റെ കാര്യക്ഷമത മനസിലാക്കാനുമുള്ള അളവുകോലും അതില്‍ പറഞ്ഞിരിക്കണം. മാത്രമല്ല, ഓരോരുത്തരില്‍ നിന്നും കമ്പനി ആത്യന്തികമായി പ്രതീക്ഷിക്കുന്നതെന്താണെന്ന് 'കീ പെര്‍ഫോമന്‍സ് ഏരിയ' വ്യാഖ്യാനിക്കുന്നതിലൂടെ മനസ്സിലാക്കി കൊടുക്കുകയും വേണം. ഇതെല്ലാം തന്നെ എങ്ങനെ ചെയ്യണം എന്നതിന്റെ 'സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീഡ്വര്‍' മാനേജ്‌മെന്റിന്റെ കയ്യില്‍ ഉണ്ടായിരിക്കുകയും വേണം. ഉദാഹരണത്തിന് പര്‍ച്ചേയ്‌സ് തങ്ങളുടെ കമ്പനിയില്‍ എങ്ങനെ ചെയ്യുന്നുവെന്നും അതില്‍ തന്നെ ഉണ്ടാകാനിടയുള്ള വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ പെരുമാറണമെന്നുമുള്ള വിശദമായ മാനുവല്‍ ആണിത്. ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് മിക്കവരും സ്റ്റാഫിനെ പഴിക്കാന്‍ തുടങ്ങുന്നത്. (മിക്കവാറും, ശരിയായ റിക്രൂട്ട്‌മെന്റ് രീതികള്‍ പിന്തുടരാത്തതു കൊണ്ട് ഇതൊക്കെ മനസ്സിലാക്കാന്‍ സ്റ്റാഫിനും പ്രയാസമായിരിക്കും!) ഒരു സ്റ്റാഫിനെ അപ്പോയിന്റ് ചെയ്യുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിച്ചാല്‍ ആദ്യ കടമ്പ കടക്കാം.
ഡെലിഗേഷന്‍ എന്ന വിജയമന്ത്രം
നമുക്ക് വീണ്ടും നമ്മുടെ 'ഡിസ്ട്രിബ്യൂഷന്‍ മുതലാളി' യിലേക്കു വരാം. ആര്‍ക്കും ഒന്നും 'ഡെലിഗേറ്റ്' ചെയ്യുന്നില്ല അഥവാ ഉത്തരവാദിത്തങ്ങള്‍ വിഭജിച്ചു കൊടുക്കുന്നില്ല എന്നതാണ് പുള്ളിയുടെ പ്രശ്‌നം. 'ഡെലിഗേറ്റ്' ചെയ്യാന്‍ പ്രധാനമായി വേണ്ടത് വിശ്വാസമാണ്. നിങ്ങളുടെ ജീവനക്കാരുടെ കഴിവില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ളിടത്തോളം കാര്യങ്ങള്‍ എളുപ്പത്തില്‍ 'ഡെലിഗേറ്റ്' ചെയ്യാം. അപ്പോള്‍ മുതലാളിക്ക് വിശ്വാസമില്ലാത്തതാണോ പ്രശ്‌നം? ഞാന്‍ ചോദിച്ചു മനസിലാക്കി. അദ്ദേഹം പറഞ്ഞു...'അവന്‍ ആള് കുഴപ്പക്കാരനല്ല. പക്ഷേ എന്റെ അത്ര പെര്‍ഫക്ട് ആയി ചെയ്യാന്‍ അറിയില്ല. അപ്പോള്‍ പിന്നെ വെറുതേ എന്തിനാ...' ഒരു മറുചോദ്യം... 'ഒരാള്‍ പെര്‍ഫക്ട് ആകുന്നതെങ്ങനെയാണ്? അയാള്‍ക്ക് അത് ചെയ്തു പഠിക്കാന്‍ അവസരങ്ങള്‍ വേണം.'
'പക്ഷേ, അങ്ങനെ പഠിക്കാനുള്ളതല്ല എന്റെ കമ്പനി'
'എങ്കില്‍ സമാന്തരമായി അയാളെ പഠിപ്പിച്ചെടുക്കണം അല്ലെങ്കില്‍ നല്ലൊരാളെ തെരഞ്ഞെടുക്കണമായിരുന്നു,' ഞാന്‍ പറഞ്ഞു. അപ്പോള്‍ മുതലാളി, 'നല്ലൊരാളെ കിട്ടണ്ടേ?'
ശാസ്ത്രീയമായ റിക്രൂട്ട്‌മെന്റ് രീതികള്‍ അവലംബിക്കാതെ സുഹൃത്ത് പറഞ്ഞ ഒരാളെ കണ്ണുമടച്ച് നിയമിച്ചതിനുശേഷം, അയാളെക്കുറിച്ചാണ് ഈ ദീനരോദനം എന്നോര്‍ക്കണം.ഒരു കാര്യം ഓര്‍ക്കുക. മറ്റുള്ളവരെ വിശ്വസിക്കാതെ ഒരു ബിസിനസും വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ല. 1% ആളുകള്‍ ചതിക്കുമെന്നു കരുതി ബാക്കി 99 % ആളുകളെയും ഒഴിവാക്കുന്നത് ശരിയായ രീതിയല്ല. ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി വിവരിച്ചു കൊടുക്കുകയും ഇടയ്ക്ക് അതിനെ ശരിയായ രീതിയില്‍ സൂപ്പര്‍വൈസ് ചെയ്യുകയും ചെയ്താല്‍ ഒട്ടുമിക്ക കാര്യങ്ങളും നടത്തിയെടുക്കാം. 100% പെര്‍ഫക്ഷന്‍ കിട്ടിയില്ലെങ്കിലും, അത് ബിസിനസ് വളര്‍ത്തിയെടുക്കാന്‍ അവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. എല്ലാ കാര്യങ്ങളും ഒരുമിച്ച് ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ ഇതിലുമധികം തെറ്റുകള്‍ വരുത്തിയേക്കാമെന്ന് മനസ്സിലാക്കുക.
മൈക്രോമാനേജ്‌മെന്റ് എന്ന വില്ലന്‍
ഒരു ഉത്തരവാദിത്തം ഏല്‍പിച്ചു കൊടുക്കുമ്പോള്‍, അത് എങ്ങനെ ചെയ്യണമെന്നും അതില്‍ നിന്ന് എന്ത് റിസള്‍ട്ട് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി കൊടുക്കണം. ഇത് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതാണെങ്കിലും, കൂടുതലായി ഇടപെടുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നത് വിപരീതഫലം ഉണ്ടാക്കും. കേരളത്തിലെ ബിസിനസുകാരില്‍ 80% ല്‍ അധികം പേരിലും കണ്ടു വരുന്ന വളരെ അപകടകരമായ അസുഖമാണിത്. തന്റെ സെയില്‍സ്മാന്‍മാരെയെല്ലാം എല്ലാ സമയവും ജിപിഎസ് സിസ്റ്റം ഉപയോഗിച്ച് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നവരും, ജീവനക്കാരുടെ ഓരോ നീക്കവും സെക്യൂരിറ്റി ക്യാമറയിലൂടെ നിരീക്ഷിക്കുന്നവരും ഈ 'മൈക്രോമാനേജ്‌മെന്റ്' രോഗത്തിന് അടിമകളാണ്. ഇത്തരം സിസ്റ്റം ഉപയോഗിക്കരുത് എന്നല്ല, ആവശ്യത്തിനേ ഉപയോഗിക്കാവൂ എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടേതായ രീതിയിലുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുമ്പോഴാണ് അവര്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നത്.
പവര്‍ ഡെലിഗേഷന്‍
ഇതെല്ലാം ചെയ്തിട്ടും കാര്യങ്ങള്‍ നേരെയാകുന്നില്ല എങ്കില്‍ ശ്രദ്ധിക്കേണ്ടത് 'പവര്‍ ഡെലിഗേഷനിലാണ്'. ഉത്തരവാദിത്തങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവനക്കാര്‍ക്കുള്ളത്. ചില അവകാശങ്ങളുമുണ്ട്. തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമാണ് അതില്‍ പ്രധാനം. തീരുമാനങ്ങള്‍ക്കുള്ള പരിധി വ്യക്തമായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഇതും സുഗമമാക്കാം. പരിധി വ്യക്തമാക്കാതിരിക്കുമ്പോഴാണ് ആളുകള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. സ്വന്തമായി തീരുമാനമെടുത്തതിന്റെ പേരില്‍ പിന്നീട് മാനേജ്‌മെന്റില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ള പലരെയും എനിക്കറിയാം. അവരെല്ലാം പിന്നീട് ആ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചിട്ടുമുണ്ട്. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ലഭിക്കുന്നത് അപൂര്‍വ്വം പേര്‍ക്കാണ്. അതിനാല്‍തന്നെ അത്തരം കഴിവുകള്‍ ശരിയായ രീതിയിലൂടെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. നമ്മുടെ പഴയ ഡിസ്ട്രിബ്യൂഷന്‍ മുതലാളിയുടെ കാര്യത്തില്‍ എല്ലാ തീരുമാനങ്ങളും സ്വന്തമായേ എടുക്കൂ എന്ന ശാഠ്യം കൂടെയുണ്ട്. ഇത്തരം അനാവശ്യമായ ശാഠ്യങ്ങളും സംശയങ്ങളുമൊക്കെയാണ് ബിസിനസിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നത്.
ഇനി മുതല്‍ നമുക്ക് മറ്റുള്ളവരുടെ കഴിവുകളെ കൂടി വിശ്വസിച്ചു തുടങ്ങാം. ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താം. ചെറിയ കാര്യങ്ങളെ മാറ്റി നിര്‍ത്തി, വലുതായി ചിന്തിക്കാം. വളര്‍ച്ചയിലേക്കുള്ള തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കാം. അതെ മുതലാളീ... ഇനി മുതല്‍ നിങ്ങള്‍ക്ക് സുഖമായുറങ്ങാം...!
(ബ്രമ്മ ലേണിംഗ് സൊലൂഷന്‍സിന്റെ കണ്‍സള്‍ട്ടിംഗ് & ട്രെയ്‌നിംഗ് വിഭാഗം മേധാവിയാണ് ലേഖകന്‍. Mob: 9747714788, email: ranjith@bramma.in)
No comments:
Post a Comment