Saturday, April 8, 2017

ഉടമകള്‍ അടിമകള്‍ !


അന്ന് തിരക്കൊന്നുമില്ലാത്ത ഒരു ദിവസമായിരുന്നു.. ചുമ്മാ ഇന്റര്‍നെറ്റും പരതി ഇരിക്കുമ്പോളാണ് ആ ഫോണ്‍ കോള്‍ വന്നത്. ഗിരിധര്‍ ആയിരുന്നു അത്. ഏകദേശം മുപ്പത്തിയഞ്ചു വയസുള്ള ചെറുപ്പക്കാരനാണ് ഗിരിധര്‍. അറിയപ്പെടുന്ന ബിസിനസുകാരന്‍.. ഒരുപാട് അവാര്‍ഡുകളും അഭിനന്ദനങ്ങളും ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടിയെടുത്ത മിടുക്കന്‍. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വ്യാപാര ശൃംഖലയുടെ ഏറ്റവും പുതിയ കണ്ണി.
കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു സെയില്‍സ് എക്‌സിബിഷനില്‍ വെച്ചാണ് ഞാന്‍ കക്ഷിയെ പരിചയപ്പെട്ടത്. ചുമ്മാ കാര്‍ഡുകള്‍ കൈമാറി..കുശലം ചോദിച്ചു,അത്ര മാത്രം. അതുകൊണ്ടു തന്നെ ഫോണില്‍ ഗിരിധര്‍ എന്ന പേര് കണ്ടപ്പോള്‍, ഒരു ചെറിയ അതിശയം തോന്നി. ഞാന്‍ ഫോണെടുത്തു. പരിചയം പുതുക്കി ഗിരിധര്‍ പെട്ടെന്നു തന്നെ കാര്യത്തിലേക്ക് കടന്നു. അദ്ദേഹത്തിന് ഞങ്ങളുടെ ഒരു സഹായം വേണം. കമ്പനിക്ക് അകത്തുള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് എന്നു മാത്രം പറഞ്ഞു. നേരിട്ടു കാണണമെന്നും കൂടുതല്‍ വിവരങ്ങള്‍ അപ്പോള്‍ പറയാമെന്നും പറഞ്ഞ് ഫോണ്‍ വെച്ചു. ഏകദേശം ‘പെര്‍ഫെക്റ്റ്’ ആയി പോകുന്നുവെന്ന് ഞാന്‍ കരുതിയ ഇവിടെയും പ്രശ്‌നങ്ങളുണ്ടോ? എന്തായിരിക്കും ഗിരിധറിനെ ഇത്ര അലട്ടുന്നത്? (പുള്ളിയുടെ ശബ്ദത്തില്‍ നിന്നേ പ്രശ്‌നത്തിന്റെഗൗരവം മനസിലാക്കാമായിരുന്നു).
പിറ്റേ ദിവസം രാവിലെ ഞാന്‍ ഗിരിധറിന്റെ ഓഫീസിലെത്തി. ഏകദേശം അയ്യായിരം ചതുരശ്ര അടിയില്‍ വിസ്താരമായ ഓഫീസ്. അമ്പതോളം ആളുകള്‍ ആ ഓഫീസില്‍ തന്നെയുണ്ട്. പക്ഷേ, എല്ലാത്തിനും ഒരു പഴഞ്ചന്‍ ഛായ ഉണ്ടായിരുന്നു. മുന്‍പില്‍ കിടന്ന സോഫ മുതല്‍, മൂലയ്ക്കിരുന്ന വല്യപ്പന്‍ വരെ. അങ്ങനെ ഗിരിധറിന്റെ മുറിയിലെത്തി. ഗിരി പറഞ്ഞുതുടങ്ങി…
‘ഞാന്‍ കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷമേ ആയുള്ളൂ.. യുകെയില്‍ എംബിഎ കഴിഞ്ഞ് നാല് വര്‍ഷം അവിടെ വര്‍ക്ക് ചെയ്തിട്ടാ ഞാന്‍ വന്നത്. അച്ഛന്‍ ഉണ്ടാക്കിയെടുത്ത ബിസിനസ്സാ ഈ കാണുന്നതൊക്കെ. അദ്ദേഹം നാല്‍പ്പത് വര്‍ഷം മുന്‍പ് തുടങ്ങിയതാ… ഇപ്പൊ എഴുപത് വയസുണ്ട്. കാര്യങ്ങളൊക്കെ ഭംഗിയായി പോകുന്നുണ്ട്.’
ഞാന്‍ ചോദിച്ചു, ‘പിന്നെ എന്താ കുഴപ്പം?…അച്ഛന്‍ ഇപ്പോള്‍ ഓഫീസില്‍ വരാറില്ലേ?’ ‘അച്ഛന്‍ ഇടയ്ക്കിടെ വരും. പക്ഷേ ..’ എനിക്ക് കൗതുകമായി. ഇതൊരു രസകരമായ കേസ് ആണല്ലോ…'(ഒരു ബിസിനസ് ഡോക്റ്റര്‍ എന്ന നിലയില്‍ വ്യത്യസ്തങ്ങളായ കേസുകളാണ് ഞങ്ങളെ സന്തോഷിപ്പിക്കുന്നത്)
ഗിരിധര്‍ തുടര്‍ന്നു…’ എല്ലാവരും വര്‍ക്ക് ചെയ്യുന്നുണ്ടെങ്കിലും ഇതു വരെ കമ്പനിയില്‍ ഒരു സ്ട്രക്ചര്‍ ഇല്ല. ഉണ്ടാക്കാന്‍ ആരും സമ്മതിക്കുകയുമില്ല. വ്യക്തമായ ടാര്‍ജറ്റ്, റിപ്പോര്‍ട്ട് ഇതൊന്നും തന്നെയില്ല. എന്നുവെച്ച് ബിസിനസ് താഴേയ്ക്ക് പോകുന്നുവെന്നു ഞാന്‍ പറയില്ല. ഒരു സ്ട്രക്ചര്‍ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോളൊക്കെ വലിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അച്ഛന്‍ ബിസിനസ് തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരാണ് കൂടുതല്‍ പേരും. മുപ്പതും നാല്‍പ്പതും വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍. അച്ഛന് അവരോട് ഒരു പ്രത്യേക മമതയുണ്ട്. അതിനാല്‍ തന്നെ അവരുടെ നിയന്ത്രണത്തിലാണ് സെയില്‍സ് എല്ലാം തന്നെ. അവരോട് ഒന്നും പറയുന്നത് പോലും അവര്‍ക്ക് ഇഷ്ടമല്ല.’
ഞാന്‍ ചോദിച്ചു, ‘അപ്പൊ ഗിരിധര്‍ എങ്ങനെയാണ് ഇവരെ മാനേജ് ചെയ്യുന്നത്?’ ഗിരിധര്‍ പറഞ്ഞു,’അല്ല.. ഇങ്ങനോയൊക്കെ പോകുന്നു. വലിയ കുഴപ്പമില്ല. പക്ഷേ, നമുക്കൊരു സ്ട്രക്ചര്‍ ഉണ്ടാക്കിയേ പറ്റൂ…’ പെട്ടെന്ന് ഒരാള്‍ കാബിനിലേക്ക് കടന്നുവന്നു? ഗിരിധറിനു നേരെ നോക്കി അയാള്‍ ഉച്ചത്തില്‍ ചോദിച്ചു..’കാലത്ത് ഫോണ്‍ വന്നത് എന്നോട് എന്താ പറയാതിരുന്നത്? ഒരു കാര്യവും പറയില്ല. പിന്നെയെങ്ങനാ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്?’ ഗിരിധര്‍ ചെറുതായി ചമ്മിയ പോലെ തോന്നി.
ആരാ ഇത്? ഞാന്‍ ചോദിച്ചു.. ഇത് രാജേന്ദ്രന്‍. ഇവിടത്തെ അക്കൗണ്ടന്റ് ആണ് ഇരുപത് വര്‍ഷമായി കൂടെയുണ്ട്. രാജേന്ദ്രന്‍ അവിടെത്തന്നെ നില്‍പ്പുണ്ട്…എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് രാജേന്ദ്രന്‍ ഗിരിധറിനോട് ചോദിച്ചു…’ഏതാ ഇയാള്‍?’ഞാന്‍ ഒരു മാനെജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആണെന്നും കമ്പനിയെ കുറിച്ച് പഠിച്ച് ഒരു സിസ്റ്റം ഉണ്ടാക്കാന്‍ വന്നതാണെന്നും ഗിരിധര്‍ മറുപടി കൊടുത്തു. ‘ഇരുപത് വര്‍ഷം പരിചയമുള്ള എനിക്ക് അറിയാത്ത എന്ത് സിസ്റ്റം ആണ് ഇവന്മാര്‍ ഉണ്ടാക്കാന്‍ പോകുന്നെ?’-ഇങ്ങനെ ചോദിച്ചുകൊണ്ട് പുള്ളി ധൃതിയില്‍ കാബിനു പുറത്തേക്ക് പോയി.
ഗിരിധറും ഞാനും ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുഖത്തോട് മുഖം നോക്കിയിരുന്നു. പെട്ടെന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോഷി കയറിവന്നു.’സാറേ, കുറച്ചു നാള്‍ മുന്‍പു വന്ന പോലത്തെ ആളാണെങ്കില്‍ ഇപ്പോഴേ വിട്ടേക്ക്. വെറുതെ സമയം കളയണ്ട’. കൂടുതല്‍ ചോദിച്ചപ്പോഴാണ് മനസിലായത്, ഗിരിധര്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ വേറൊരു കണ്‍സള്‍ട്ടന്റുമായി ചര്‍ച്ച നടത്തിയിരുന്നു എന്നത്. അയാളെ പുറത്തിറങ്ങിയപ്പോഴേ ഇവന്മാര്‍ വിരട്ടിയോടിച്ചത്രേ. സത്യം പറയാമല്ലോ മനസിലെ സകല കിളികളും പറന്നുപോയി!
എന്തൊക്കെയായാലും ആ പ്രോജക്റ്റ് ഞങ്ങള്‍ ഏറ്റെടുത്തു. സ്ട്രക്ചര്‍, ഇന്‍സന്റീവ് സിസ്റ്റം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇനിയും ഒരു വലിയ ഇടപെടല്‍ നടക്കേണ്ടതുണ്ട്, കാരണം ഇപ്പോഴും മാറാത്ത പ്രശ്‌നങ്ങള്‍ അവിടെയുണ്ട്….അതെ ഉടമകള്‍ അടിമകളായി തന്നെ തുടരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കേരളത്തിലെ പല വലിയ കമ്പനികളുടെയും പിന്നാമ്പുറം ഇങ്ങനെയൊക്കെ തന്നെയാണെന്നതാണ് സത്യം.
ശരിയല്ലാത്ത മാനെജ്‌മെന്റ് രീതികളാണ് ഇതിന്റെ പ്രധാന കാരണം. കമ്പനിക്കകത്ത് വ്യക്തമായ സിസ്റ്റം ഇല്ലെങ്കില്‍ ഓരോരുത്തരും അവരവരുടേതായ രീതികള്‍ കണ്ടെത്തും.. അതില്‍ തന്നെ തുടരുകയും ചെയ്യും. ഇങ്ങനെ ഇരുപതു വര്‍ഷമായി സ്വന്തം രീതികള്‍ തുടരുന്ന ആളുകളെയാണ് ഇപ്പോള്‍ ഗിരിധര്‍ മാറ്റാന്‍ ശ്രമിക്കുന്നത്. ആ ശ്രമത്തെ ഒരു കൊച്ചു പയ്യന്റെ കുട്ടിക്കളിയായി അവര്‍ വിലയിരുത്തുകയും ചെയ്യുന്നു.
ഇതൊരു ചെയ്ഞ്ച് മാനെജ്‌മെന്റ് ആണ്. വളരെ ശ്രദ്ധയോടെ, പതുക്കെ മാത്രം ചെയ്യേണ്ട കാര്യം. പക്ഷേ അത് ചെയ്‌തേ മതിയാകൂ. അല്ലെങ്കില്‍ സ്വന്തം സ്ഥാപനത്തില്‍ അടിമയായി കഴിയേണ്ടിവരും. മാത്രമല്ല, മാറുന്ന സാഹചര്യങ്ങളില്‍ മറ്റു കമ്പനികളോടൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോകും. ഭാവിയെ കണ്ടു കൊണ്ടാണ് ഗിരിധര്‍ ഈ മാറ്റങ്ങള്‍ വരുത്താന്‍ തുനിയുന്നത്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് അവന്‍ അറിയുന്നുണ്ട്. പക്ഷേ തങ്ങളുടേതായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത ഓരോ സ്റ്റാഫും വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ഹ്രസ്വകാല കാഴ്ചപ്പാടുമായി മാത്രം കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന ഇവര്‍ക്ക്, ദീര്‍ഘ കാലത്തേയ്ക്കുള്ള ഒരു വലിയ കാഴ്ചപ്പാട് നല്‍കാനായാല്‍ മാറ്റം സാധ്യമാണ്. ഒന്നോ രണ്ടോ വര്‍ഷമെടുക്കുന്ന ഒരു പ്രൊഫഷണല്‍ രീതിയിലൂടെയെ ഇത് സാധ്യമാകൂ.
എന്നാല്‍ ഒന്നോര്‍ക്കേണ്ടതുണ്ട്. ഒരു ഓര്‍ഗനൈസേഷന്‍ ഉണ്ടാക്കിയെടുക്കുമ്പോഴേ അതിന്റെ സ്ട്രക്ചര്‍, സിസ്റ്റം, ഓരോരുത്തര്‍ക്കുമുള്ള ഉത്തരവാദിത്തങ്ങള്‍ എന്നിവ നിശ്ചയിച്ചേ മതിയാകൂ. കഴിയുമെങ്കില്‍ ഒരു Standard Operating Procedure ഉണ്ടാക്കാന്‍ ശ്രമിക്കുക. എല്ലാവരുടെയും അധികാരപരിധികളും വ്യക്തമായി പറഞ്ഞിരിക്കണം. പേഴ്‌സണല്‍ ആകുന്നതിനൊപ്പം, പ്രൊഫഷണല്‍ കൂടിയാകണം. ഒരു നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കണം. ആ സംസ്‌കാരത്തിന് അനുസരിച്ചുള്ള ആളുകളെ കൂടെ നിര്‍ത്താന്‍ ശ്രദ്ധിക്കുകയും വേണം. ഇതൊക്കെ കൂടിയായാല്‍ നിങ്ങള്‍ക്ക് ഉടമയായി തന്നെ തുടരാം, അടിമയാകാതെ.