ബിസിനസും പ്രായവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് പറയേണ്ടിവരും. ഇന്ന് വിജയം നേടിയിട്ടുള്ള പഴയ ബിസിനസുകാരുടെ ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി അത് മനസിലാകാന്‍! അവരില്‍ മിക്കവരും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് കൗമാര കാലത്തു തന്നെ ബിസിനസിലേക്ക് ഇറങ്ങിയവരാണ്. പക്ഷേ, ഇടക്കാലത്ത് വെച്ച് നമുക്ക് ആ ശീലം (ഇടയില്‍ വെച്ച് പഠനം നിറുത്തുന്ന ശീലം!) നഷ്ടപ്പെട്ടുപോയി. കാരണം ഇങ്ങനെ ബിസിനസുകാരായി കാശുണ്ടാക്കിയവരില്‍ പലരും തങ്ങളുടെ മക്കള്‍, തങ്ങള്‍ നേടാത്ത വിദ്യാഭ്യാസം നേടണം എന്ന് ആഗ്രഹിച്ചു. അങ്ങനെ യുഎസിലും യുകെയിലും ഉന്നത വിദ്യാഭ്യാസത്തിനായി ആ തലമുറ പറന്നു. അവരൊക്കെ ഇപ്പോള്‍ തിരിച്ചുവന്ന് ബിസിനസ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു.
എന്റെ ഒരു പരിചയക്കാരനുണ്ട്! കേരളത്തില്‍ തന്നെ അറിയപ്പെടുന്ന സാനിറ്ററിവെയര്‍ ഔട്ട്‌ലെറ്റിന്റെ ഉടമയാണ് കക്ഷി. തല്‍ക്കാലം നമുക്ക് പുള്ളിയെ ജോസഫ് എന്നു വിളിക്കാം! പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പിതാവിന്റെ ഹാര്‍ഡ്‌വെയര്‍ ബിസിനസിനെ സഹായിക്കാന്‍ ഇറങ്ങിയതാണ്. പിന്നെ ഇതുവരെ തിരിച്ചു കയറിയിട്ടില്ല. രണ്ട് ആണ്മക്കള്‍….ജോഫിനും ജോനാതനും. ചെറിയ രീതിയില്‍ തുടങ്ങിയ ബിസിനസ് മറ്റു വലിയ എതിരാളികള്‍ ഇല്ലാതിരുന്നതിനാലും ജോസഫേട്ടന്റെ ചില തരികിട നമ്പരുകള്‍ കൊണ്ടും ലാഭത്തിലായി…നാട്ടിലെ പ്രമാണികളില്‍ ജോസഫേട്ടന്‍ മുന്‍നിരയിലെത്തി…പിള്ളാരെ ഈ ‘കക്കൂസ് വില്‍ക്കുന്ന'(അദ്ദേഹത്തിന്റെ ഭാഷയാണ്!) പരിപാടിയില്‍ അദ്ദേഹം തൊടീച്ചില്ല. ജില്ലയിലെ മുന്തിയ സ്‌കൂളില്‍ തന്നെ പഠിപ്പിച്ചു. പറക്കമുറ്റാറായപ്പോള്‍ രണ്ടിനെയും യുകെയിലേക്കും യുഎസിലേക്കും പറപ്പിച്ചു!! ജോസഫേട്ടന്‍ പഴയ സ്‌റ്റൈലില്‍ തന്നെ കച്ചോടം തുടര്‍ന്നു.
ലോറിക്കാരോട് വഴക്കടിച്ചും കമ്പനിക്കാരോട് ഗുസ്തി പിടിച്ചും ജോസഫേട്ടന്‍ കത്തിക്കയറി. ബ്രാഞ്ചുകള്‍ ആറെണ്ണം ജില്ലയുടെ പല ഭാഗങ്ങളില്‍ ഉയര്‍ന്നു. അങ്ങനെയിരിക്കുമ്പോള്‍ അതാ വരുന്നു ജോഫിന്‍…,യുകെയില്‍ നിന്ന്! പിന്നാലെ തന്നെ ജോനാതനും! യുകെയില്‍ കാറ് കഴുകുന്ന ജോലി മാത്രമേ കിട്ടുള്ളൂ എന്ന് മനസിലാക്കിയ ജോഫിന്‍, നാട്ടിലെ ബിസിനസ് താന്‍ പഠിച്ച ബിസിനസ് മാനെജ്‌മെന്റ്‌വെച്ച് പ്രൊഫഷണല്‍ ആക്കിക്കളയാമെന്ന് തീരുമാനിച്ചാണ് വരവ്! ജോഫിന്‍ വരുന്നു എന്നറിഞ്ഞ്, അവസരം കളയണ്ട എന്ന് കരുതിയാണ് യുഎസില്‍ ഹോട്ടല്‍ മാനെജ്‌മെന്റ് പഠിച്ച ജോനാതന്‍ ഇറങ്ങിപ്പുറപ്പെട്ടത്! സംഭവം എന്തായാലും രണ്ടു പേരും നാട്ടിലെത്തി. ജോസഫേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. മക്കള്‍ അടുത്തെത്തിയ ആനന്ദനിര്‍വൃതിയിലായിരുന്നു ജോസഫേട്ടന്‍! ഉന്നത വിദ്യാഭ്യാസം നേടിയ മക്കള്‍ക്ക് തന്നെക്കാള്‍ നന്നായി ബിസിനസ് നോക്കിനടത്താന്‍ കഴിയുമെന്നും പുള്ളി ഉറപ്പിച്ചു. ജോഫിന് പര്‍ച്ചെയ്‌സിന്റെ ചുമതലയും ജോനാതന് സെയില്‍സിന്റെ ചുമതലയും നല്‍കി, ജോസഫേട്ടന്‍ കളി കാണാന്‍ ഗാലറിയില്‍ ഇരുന്നു…സോറി..ഗാലറിയില്‍ നിന്ന് എഴുന്നേറ്റ് ഒരു മാസത്തെ സുഖ ചികിത്സയ്ക്ക് പോയി.
ആദ്യം പൊട്ടിത്തുടങ്ങിയത് ബിസിനസ് മാനെജ്‌മെന്റ് വിദഗ്ധന്‍ ജോഫിന്‍ കൈകാര്യം ചെയ്ത പര്‍ച്ചെയ്‌സിംഗ് തന്നെയായിരുന്നു. ആടിക്കറക്കാനും പാടിക്കറക്കാനും അറിയാമായിരുന്ന ജോസഫേട്ടന്റെ മക്കള്‍ കമ്പനികളെയും അവരുടെ സ്റ്റാഫിനെയും അഭിമുഖീകരിച്ചപ്പോള്‍ മുട്ടിടിച്ചു. ജോസഫേട്ടന് ക്രെഡിറ്റ് കൊടുത്തിരുന്ന പലരും ജോഫിന് അത് നല്‍കാന്‍ തയാറായില്ല. പലതും റെഡി കാഷില്‍ മേടിക്കേണ്ടിവന്നു. കാലങ്ങളുടെ ബിസിനസ് പരിചയമുള്ള ജോസഫേട്ടന് എന്ത് എപ്പോള്‍ വാങ്ങണമെന്ന് മനപാഠമായിരുന്നു. ഇതറിയാത്ത ജോഫിന്‍, മറ്റുള്ളവരുടെ വാക്കുകള്‍ അതേപടി വിഴുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ റെഡി കാഷിന് കോടികളുടെ ഡെഡ് സ്‌റ്റോക്ക് ഉണ്ടാക്കുകയായിരുന്നു ജോഫിന്‍. ഇത് സെയില്‍സിനെയും ബാധിക്കാന്‍ തുടങ്ങി. കസ്റ്റമേഴ്‌സുമായി ഇതുവരെ ഇടപഴകിയിട്ടില്ലാത്ത ജോനാതന്‍ പലരെയും വെറുപ്പിക്കാന്‍ കൂടി തുടങ്ങിയതോടെ വെറും ഒറ്റ മാസം കൊണ്ട് ബിസിനസ് സാമ്രാജ്യത്തിന് വിള്ളല്‍വീണു തുടങ്ങി. സുഖ ചികിത്സ കഴിഞ്ഞുവന്ന ജോസഫേട്ടന്‍ ടാലി തുറന്നു നോക്കി. അന്നായിരുന്നു അദ്ദേഹം മക്കളുടെ വിദ്യാഭ്യാസത്തിന്റെ ‘പൊരുള്‍’ ആദ്യമായി മനസിലാക്കിയത്.
അന്നു രാത്രി, കക്ഷി രണ്ടു മക്കളെയും അടുത്തു വിളിച്ചു. രണ്ടു പേരെയും വെയര്‍ഹൗസില്‍ സൂപ്പര്‍വൈസര്‍മാരാക്കി…അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് തങ്ങളുടെ ജോലി ഇതാണെന്ന് മനസിലാക്കിയ മക്കള്‍ ആദ്യം തളര്‍ന്നു. പിന്നെ, തങ്ങളെ കാത്തിരിക്കുന്ന കോടികളുടെ സൗഭാഗ്യത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ പണിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു പേരും ഹാപ്പിയാണ്. അവരുടെ സമ്പാദ്യത്തിന് വിയര്‍പ്പിന്റെ മണമുണ്ട്. ജോസഫേട്ടന്റെ ബിസിനസിന് ഉയര്‍ച്ചയും!
ഇത് ഒരു ഒറ്റപ്പെട്ട കഥയല്ല. കേരളത്തില്‍ പലയിടത്തും നടക്കുന്ന സംഭവം തന്നെയാണ്. രണ്ട് പ്രധാന കാര്യങ്ങളാണ് ഈ സംഭവകഥ നമ്മെ മനസിലാക്കിത്തരുന്നത് എന്നു തോന്നുന്നു. ഒന്ന്- ബിസിനസിനെ പ്രൊഫഷനല്‍ ആക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. മറ്റൊന്ന് ബിസിനസിലേക്ക് ഇറങ്ങേണ്ട പ്രായത്തെ കുറിച്ചും. പ്രായത്തെ കുറിച്ച് നമുക്ക് കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചു നോക്കാം!
നേരത്തെ പറഞ്ഞ തലമുറയില്‍ (ഇപ്പോള്‍ ഒരു മുപ്പതു വയസൊക്കെ വരുന്ന തലമുറ) പെട്ടവരില്‍ പലരും നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ അടിമകളാണ്. മാതാപിതാക്കള്‍ക്ക് നേടാന്‍ കഴിയാതെ പോയത് മക്കള്‍ക്കു നേടിക്കൊടുക്കണം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നില്‍. പലരും ബ്രിട്ടനിലും യുഎസിലും പോയി എന്താണ് ചെയ്യുന്നതെന്ന് പോലും ആരും അറിയാറില്ല. മാത്രമല്ല യുകെയിലെയൊക്കെ ഏറ്റവും താഴ്ന്ന നിലവാരമുള്ള സ്ഥാപനങ്ങളിലാണ് പലരും ചെന്നു ചാടുന്നത്. അതിനാല്‍ തന്നെ വിദ്യാഭ്യാസപരമായി ഇവര്‍ ഒന്നും തന്നെ നേടുന്നില്ല. വ്യക്തമായ മാനെജ്‌മെന്റ് രീതികളും ഇവര്‍ക്ക് അന്യമാകുന്നു.ഭാവി ബിസിനസ് മക്കളുടെ കയ്യില്‍ ഭദ്രമാണെന്ന് കരുതുന്ന പാവം മാതാപിതാക്കന്മാര്‍ പലരും സത്യാവസ്ഥ മനസിലാക്കുന്നത്, ജോസഫേട്ടന്റെ അനുഭവം വരുമ്പോള്‍ മാത്രമാണ്.
ബിസിനസിന്റെ പള്‍സ് മനസിലാക്കാന്‍ ഒരു പ്ലസ് ടു കഴിയുമ്പോഴെങ്കിലും അതുമായി ബന്ധപ്പെട്ടു തുടങ്ങണം. ഫാമിലി ബിസിനസ് ആണെങ്കില്‍ പാര്‍ട്ട് ടൈം ആയി മക്കളെ ചില ഭാഗങ്ങളിലെങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ മാതാപിതാക്കള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തണം. പത്ത് എംബിഎയ്ക്ക് തുല്യമാണ് ബിസിനസിലുള്ള ഒരു വര്‍ഷത്തെ പ്രായോഗിക പരിചയം എന്നതാണ് സത്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിസിനസ് ഒരു പഠന വിഷയമാക്കണം. സ്‌കൂളുകളില്‍ നിന്നു തന്നെ ബിസിനസ് എന്താണെന്നും, എങ്ങനെയാണെന്നും മനസിലാക്കാനുള്ള അവസരം കുട്ടികള്‍ക്ക് കൊടുത്താല്‍, ഒരുപക്ഷേ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പോലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞേക്കും. അനാവശ്യമായ പല വിഷയങ്ങളും കൊച്ചു പ്രായത്തില്‍ തലയില്‍ കയറ്റിവെയ്ക്കുന്നതിനു പകരം ബിസിനസിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചാല്‍ മതി. ഇതിനു പകരം ഇരുപത്തിയഞ്ച് വയസ് കഴിയുമ്പോഴാണ് നമ്മുടെ നാട്ടില്‍ പലരും ബിസിനസ് എന്ന് കേട്ടു തുടങ്ങുന്നത് തന്നെ. എത്രയും നേരത്തെ ബിസിനസിനെ കുറിച്ചും അതിന്റെ രീതികളെ കുറിച്ചും അറിവ് നേടാന്‍ സാധിക്കുമോ, അത്രയും നല്ലത്. മാത്രമല്ല ഇളംപ്രായത്തില്‍ ബിസിനസിന്റെ ഏറ്റവും പ്രധാന ഘടകമായ ‘റിസ്‌ക് എടുക്കല്‍’ സാധ്യമാണ് താനും! വൈകിയെത്തുന്ന പലര്‍ക്കും റിസ്‌ക് എടുക്കാന്‍ കഴിയാത്തതു മൂലം നഷ്ടപ്പെടുന്ന അവസരങ്ങള്‍ ഏറെയാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉടനെ കാതലായ മാറ്റങ്ങള്‍ വരുമെന്ന പ്രതീക്ഷയൊന്നും വേണ്ട…! അതിന് വേണ്ടി കാത്തുനില്‍ക്കാതെ, വളര്‍ന്നുവരുന്ന കുട്ടികളെ ചെറിയ സമ്പാദ്യ ശീലത്തിലേക്കും കൊച്ചു ബിസിനസുകളിലേക്കും പതിയെ കൈ പിടിച്ചു നടത്താന്‍ നാം ഓരോരുത്തരും മുന്‍കൈ എടുക്കണം. കുറഞ്ഞ പക്ഷം, ബിസിനസ് ഒരു മോശം കാര്യമല്ല എന്നെങ്കിലും പറഞ്ഞു കൊടുക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. എങ്കില്‍ മാത്രമേ നമുക്കും നമ്മുടെ നാടിനും ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാനാകൂ…
No comments:
Post a Comment