Tuesday, November 1, 2016

കയ്യില്‍ കാശില്ലാതെ ബിസിനസ് തുടങ്ങാമോ?

സുധീഷ്, ഋഷി, സാജിദ്, ഫിലിപ്പ്, മനോജ്...പേരും ഊരും പലതാണെങ്കിലും കഴിഞ്ഞ 2 മാസത്തിനുള്ളില്‍ ഒരേ ആവശ്യവുമായി എന്നെ വിളിച്ചവരാണ് ഇവര്‍. ''സാറേ, ഒരു നല്ല ബിസിനസ് ഐഡിയ കയ്യിലുണ്ട്. പക്ഷേ കയ്യില്‍ പണമില്ല. മുന്നോട്ടു കൊണ്ടു പോകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?'' ഇതായിരുന്നു ആവശ്യം!

ഒരുപക്ഷേ, കേരളസമൂഹത്തെയാകമാനം കുഴയ്ക്കുന്ന ചോദ്യമായിരിക്കുമിത്. 'കയ്യില്‍ കാശില്ലാതെ ബിസിനസ് ചെയ്യാമോ?' 60 % ആളുകളുടെ മനസിലെങ്കിലും ഒരു ബിസിനസുകാരനാകണം എന്ന ആഗ്രഹമുണ്ട്. എന്നാല്‍ തറവാട്ടില്‍ നല്ല ആസ്തിയില്ലെങ്കില്‍ പറ്റിയ പരിപാടിയല്ല ബിസിനസ് എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ് ഭൂരിഭാഗം പേരും. അതുകൊണ്ടുതന്നെ ഏതെങ്കിലും 'എംപ്ലോയ്‌മെന്റു'മായി ഒതുങ്ങിക്കൂടുന്നു. മറ്റുള്ളവര്‍ക്കു വേണ്ടിയാണ് തങ്ങളുടെ സമയവും അധ്വാനവും വിനിയോഗിക്കുന്നത് എന്നറിയാതെ ജീവിതം മുഴുവന്‍ 'ജോലിക്കാരനാ'യി തുടരുന്നു. മറ്റു ചിലര്‍, തങ്ങളുടെ കഴിവുകളുപയോഗിച്ച് സ്വന്തം അധ്വാനവും സമയവും തങ്ങള്‍ക്കു വേണ്ടിത്തന്നെ ഉപയോഗിക്കുന്നു. ഡോക്ടര്‍മാര്‍, ട്രെയിനര്‍മാര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി പല ജോലികളും ഇത്തരം സെല്‍ഫ് എംപ്ലോയ്‌മെന്റിന് ഉദാഹരണങ്ങളാണ്. കേരളത്തിലെ പല ബിസിനസുകാരും യഥാര്‍ഥത്തില്‍ ചെയ്യുന്നത് സെല്‍ഫ് എംപ്ലോയ്‌മെന്റാണ്, കാരണം, അവരുടെ സ്വന്തം അധ്വാനമില്ലെങ്കില്‍, ബിസിനസിന് അധോഗതി തന്നെയാണ്. 'എംപ്ലോയീസും' 'സെല്‍ഫ് എംപ്ലോയീസും' കാലം കുറേ കഴിയുമ്പോള്‍ കുറച്ച് സ്വത്ത് സമ്പാദിക്കുകയും (മിക്കവാറും റിട്ടയര്‍ ചെയ്യുമ്പോഴേക്കും!) അങ്ങനെ 'ഇന്‍വെസ്റ്റേഴ്‌സ്' ആയി മാറുകയും ചെയ്യും. 

നിങ്ങളുടെ പണം നിങ്ങള്‍ക്കു വേണ്ടി 'വര്‍ക്ക്' ചെയ്യുമ്പോഴാണ് നിങ്ങള്‍ ഒരു ഇന്‍വെസ്റ്റര്‍ ആകുന്നത്. പലര്‍ക്കും ഇത് ജീവിതത്തിന്റെ സായംസന്ധ്യയില്‍ മാത്രം തോന്നുന്ന ഒരു കാര്യമാണ്. ഈ 'തോന്നല്‍' അതായത് ഇന്‍വെസ്റ്റ് ചെയ്യണമെന്ന ഈ 'തോന്നലാണ്' എന്നെ വിളിച്ച് ബിസിനസ് ഐഡിയകള്‍ പറഞ്ഞവരൊക്കെ ഉപയോഗപ്പെടുത്തേണ്ടത്. അതെ, നമുക്കു ചുറ്റും പണം ഇന്‍വെസ്റ്റു ചെയ്യാനും അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചു ജീവിക്കാനുമാഗ്രഹിക്കുന്ന ലക്ഷോപലക്ഷം പേരുണ്ട്. അവരുടെ പണമാണ് ഒരു യഥാര്‍ത്ഥ ബിസിനസുകാരന്‍ ഉപയോഗിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ബിസിനസുകാരനും ഇന്‍വെസ്റ്ററും പരസ്പര പൂരകങ്ങളാവുന്നു. OPM (Other People's Money), OPT (Other People's Time) എന്നീ ഘടകങ്ങളെക്കുറിച്ച് ബിസിനസിന്റെ അടിസ്ഥാന തത്വങ്ങളില്‍ പോലും പ്രതിപാദിക്കുന്നുണ്ട്. മറ്റുള്ളവരുടെ പണം, സമയം എന്നിവ ഉപയോഗിക്കുമ്പോഴാണ് ബിസിനസ് നിങ്ങള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തിലും വലുതായും വളര്‍ത്താന്‍ കഴിയുന്നത്. അതിനാല്‍, ഇനി മുതല്‍ കയ്യില്‍ കാശില്ലെന്നു കരുതി വിഷമിക്കാതിരിക്കുക. 'പണം' നിങ്ങള്‍ക്കു ചുറ്റുമുണ്ട്. അത് കണ്ടുപിടിക്കുക മാത്രം ചെയ്താല്‍ മതി.

പണം എങ്ങനെ കണ്ടുപിടിക്കാം?! 

നമുക്കു ചുറ്റുമുള്ള ഈ പണം കണ്ടു പിടിക്കുന്നതും ലളിതമാണ്. നിങ്ങള്‍ക്കറിയാവുന്ന എല്ലാ സുഹൃത്തുക്കളുടേയും പേര് എഴുതുക. അത് പത്തോ നൂറോ ആയിരമോ ആകട്ടെ...! ഫേസ്ബുക്കും വാട്‌സ് ആപ്പുമൊക്കെയുള്ള ഈ കാലത്ത് അത് ഇതിലും കൂടാനാണ് സാധ്യത. ഇവരാണ് നമ്മുടെ ആദ്യത്തെ 'പ്രോസ്‌പെക്റ്റിവ് ഇന്‍വെസ്റ്റേഴ്‌സ്'! ഇവരെ സമീപിക്കുന്നതിനു മുമ്പായി നിങ്ങളുടെ ബിസിനസ് ഐഡിയ ഒരു 'ബിസിനസ് പ്ലാന്‍' ആക്കി മാറ്റുക. നിങ്ങളുടെ പ്രൊഡക്റ്റ്‌സ്, സര്‍വീസസ്, മാര്‍ക്കറ്റ്, ടാര്‍ജറ്റ് ഓഡിയന്‍സ്, ഓര്‍ഗനൈസേഴന്‍ സ്ട്രക്ചര്‍, കാഷ് ഫ്‌ളോ എന്നിങ്ങനെ എല്ലാം വ്യക്തമായി നിര്‍വ്വചിച്ച ഒരു റിപ്പോര്‍്ട്ട് ആയിരിക്കണം അത്. ഒരു പ്രൊഫഷണലിന്റെ സഹായം ഇതിനായി ഉപയോഗിക്കുന്നത് നന്നായിരിക്കും. ഈ റിപ്പോര്‍ട്ടും ഒരു പ്രസന്റേഷനുമായി വേണം ഇന്‍വെസ്റ്റേഴ്‌സിനെ സമീപിക്കാന്‍. ബിസിനസ് ഐഡിയ നന്നായി അവതരിപ്പിക്കാന്‍ കഴിയുന്നവരേയും കൂടെ കൂട്ടിക്കോളൂ. ഇന്‍വെസ്റ്റേഴ്‌സിന് എന്ത് ലാഭം നല്‍കാന്‍ കഴിയുമെന്നും വരും നാളുകളില്‍ ഈ ബിസിനസിന്റെ സ്‌കോപ്പ് എന്താണെന്നും വ്യക്തത നല്‍കാന്‍ ഈ മീറ്റിങ്ങിലൂടെ കഴിയണം. ബാങ്ക് ഇന്ററസ്റ്റ് റേറ്റിനേക്കാള്‍ വരുമാനവും പണത്തിന്റെ സുരക്ഷയും ഉറപ്പുവരുത്താനായാല്‍ ഒരു സാധാരണക്കാരന്‍ ഇന്‍വെസ്റ്ററാകുമെന്ന് തീര്‍ച്ച. നിങ്ങളുടെ ടീമില്‍ നല്ല പ്രൊഫഷണലുകള്‍ കൂടിയുണ്ടെങ്കില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവരുടെ ആത്മവിശ്വാസം കൂടും.

നല്ല രീതിയില്‍, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോ യാല്‍ ആദ്യ 25 പേരെ കാണുമ്പോഴേക്കും ആവശ്യത്തിനു ഫണ്ട് വന്നു കഴിഞ്ഞിരിക്കും. താല്‍പ്പര്യമില്ല എന്ന് പറയുന്നവരില്‍ നിന്ന് ഒന്നോ രണ്ടോ റഫറന്‍സ് വാങ്ങി അവരെ പോയി കാണാനും മറക്കരുത്. ഒരു കാര്യം വ്യക്തമായി മനസിലാക്കുക. നിങ്ങള്‍ക്കും അവര്‍ക്കും ഒരു പോലെ പ്രയോജനകരമായ ഒരു കാര്യത്തിനാണ് ഈ മീറ്റിങ്ങുകള്‍. ഇവരെ പാര്‍ട്ണര്‍മാരായോ, ഡയറക്ടര്‍മാരായോ അല്ലെങ്കില്‍ ഡിബന്‍ച്വറുകള്‍ വഴി ഇന്‍വെസ്റ്റര്‍മാരായോ അതുമല്ലെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ ലെന്റര്‍മാരായോ കണക്കാക്കാവുന്നതാണ്. 

ഇതൊക്കെ നടക്കുമോ?

'ഇതൊക്കെ നടക്കുമോ?' എന്ന് ഇനിയും സംശയിക്കുന്നവരോട് പാലക്കാട് എന്‍ജിനീയറിംഗിനു പഠിച്ചിരിന്ന 2 വിദ്യാര്‍ഥികളുടെ ഉദാഹരണമാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. 100 പേരുടെ ലിസ്റ്റ് തയ്യാറാക്കി നാലു പേരെ കണ്ടപ്പോഴേയ്ക്കും ഫണ്ട് കണ്ടെത്തിയ അവര്‍, ഇന്ന് കേരളത്തിലെ ഒരു വലിയ ഹെര്‍ബല്‍ ബ്രാന്‍ഡിന്റെ ഉടമകളാണ്.
ഫണ്ട് ഇല്ലെന്നു പറഞ്ഞ് ബിസിനസ് തുടങ്ങാതിരിക്കുന്നവര്‍, ഇരുട്ടില്‍ തപ്പുകയാണ്. നിങ്ങള്‍ക്കു ചുറ്റുമുള്ള പണം കണ്ടെത്താന്‍ ശ്രമിക്കൂ. കേരളത്തിലെ ചെറുകിട ബിസിനസുകാരുടെ ആദ്യ കടമ്പ എളുപ്പത്തില്‍ ചാടിക്കടക്കൂ. ഒരുപാട് ഇന്‍വെസ്റ്റേഴ്‌സ് 'ഐഡിയ'കള്‍ക്കായി കാത്തിരിക്കുന്നുണ്ട്.

ഇതുമാത്രമാണോ വഴി?

ഇത് ആദ്യത്തെ വഴിയാണ്, എളുപ്പമുള്ളതും. ബാങ്ക് ലോണ്‍, മൈക്രോ ക്രെഡിറ്റ്, വെഞ്ച്വര്‍ കാപിറ്റല്‍ എന്നിങ്ങനെ ഒരുപാട് വഴികള്‍ വേറെയുമുണ്ട്. ഒന്നുറപ്പാണ്... കയ്യില്‍ കാശുള്ളവര്‍ പോലും വിദേശനാടുകളില്‍ സ്വീകരിക്കുന്ന വഴിയാണിത്. പണം മാത്രമല്ല, ഇന്‍വെസ്റ്റേഴ്‌സിന്റെ കഴിവുകളും ബന്ധങ്ങളും നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടായേക്കാം.
അപ്പോ, ഇനി കാശില്ലെന്ന് പറയരുത്...! 
'ഐഡിയ പറ...

ഉത്തരവാദിത്തം ഇല്ലാത്തത് സ്റ്റാഫിനോ അതോ നിങ്ങള്‍ക്കു തന്നെയോ?


കേരളത്തിലെ ഒരു പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍ (50 കോടിരൂപയിലധികം വാര്‍ഷിക വരുമാനമുള്ള ആളാണ്!) ഓര്‍ഡറെടുക്കുന്നതും പര്‍ച്ചേസ് ചെയ്യുന്നതും ഒക്കെ സ്വന്തമായാണ്. ഒന്ന് കാണാന്‍ ചെന്നപ്പോള്‍ ഒരു കയ്യില്‍ രണ്ടു മൂന്ന് ഫയലുകള്‍, മറ്റെ കൈ കൊണ്ട് ലാപ്‌ടോപ്പില്‍ എന്തോ ചെയ്യുന്നുണ്ട്. മുഖത്ത് രാക്ഷസഭാവം! രണ്ട് ഭാഗത്തുമായി പേടിച്ചരണ്ട് 3-4 ജീവനക്കാരും!! കണ്‍സള്‍ട്ട് ചെയ്യണമെന്നും തമ്മില്‍ കാണണമെന്നും പറഞ്ഞ് വിളിച്ച് വരുത്തിയതാണെങ്കിലും കണ്ടപ്പോള്‍ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല. മുമ്പ് പറഞ്ഞ അതേ ഭാവം തന്നെ! 'വേണ്ടിയിരുന്നില്ല' എന്ന ഭാവം എന്റെ മുഖത്ത് വന്നു തുടങ്ങിയപ്പോഴേക്കും പുള്ളി നോര്‍മലായി...ഇരിക്കാന്‍ ആംഗ്യം കാണിച്ചു. 'നിനക്കൊക്കെ വച്ചിട്ടുണ്ട്' എന്ന സ്റ്റൈലില്‍ ഫയല്‍ അവരുടെ മുഖത്തോട്ട് വലിച്ചെറിഞ്ഞിട്ട് 'അദ്ദേഹം' എന്റെ നേരെ തിരിഞ്ഞു. എന്നിട്ട് ചോദിച്ചു...'ഇവറ്റെകളെയൊക്കെ നന്നാക്കാന്‍ പറ്റുമോ?'  ഇത്ര പരുഷമായും പ്രത്യക്ഷമായും അല്ലെങ്കിലും കേരളത്തിലെ എല്ലാ ബിസിനസുകാരും മനസില്‍ ചോദിക്കുന്ന ചോദ്യമാണിത്!

ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു... 'ആദ്യം മാറേണ്ടത് നമ്മള്‍ തന്നെയാണ്. ആ മാറ്റമാണ് താഴേയ്ക്ക് കൈമാറേണ്ടത്.' ഇതു കേട്ട മാത്രയില്‍ 'എനിക്കെന്താ ഒരു കുഴപ്പം' എന്ന ഒരു കൊള്ളിമീന്‍ പുള്ളിയുടെ മനസിലൂടെ പാഞ്ഞു പോയെങ്കിലും പുറത്തു കാണിച്ചില്ല. എന്നിട്ടു പറഞ്ഞു. 'പത്തിരുപത്തഞ്ച് കൊല്ലമായി ഇവറ്റകളെ കാണുന്നു. പല രീതിയില്‍ മാറി നോക്കി. എവിടെ ശരിയാകാന്‍...'

എങ്ങനെ മാറണം?

സ്റ്റാഫിന് ഒരു ഉത്തരവാദിത്തവുമില്ല എന്നതാണ് പലരുടേയും പ്രശ്‌നം. പക്ഷേ, ആ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് കുറഞ്ഞപക്ഷം നിങ്ങള്‍ക്കും സ്റ്റാഫിനും അറിഞ്ഞിരിക്കണം. ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറിലെ ഓരോ പൊസിഷനും അനുസരിച്ച് ആദ്യമേ ഒരു 'റെസ്‌പോണ്‍സിബിലിറ്റി ഷീറ്റ്' തയ്യാറാക്കി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ഉത്തരവാദിത്തവും നി ര്‍വ്വഹിച്ചോ ഇല്ലയോ എന്നറിയാനും അതിന്റെ കാര്യക്ഷമത മനസിലാക്കാനുമുള്ള അളവുകോലും അതില്‍ പറഞ്ഞിരിക്കണം. മാത്രമല്ല, ഓരോരുത്തരില്‍ നിന്നും കമ്പനി ആത്യന്തികമായി പ്രതീക്ഷിക്കുന്നതെന്താണെന്ന് 'കീ പെര്‍ഫോമന്‍സ് ഏരിയ' വ്യാഖ്യാനിക്കുന്നതിലൂടെ മനസ്സിലാക്കി കൊടുക്കുകയും വേണം. ഇതെല്ലാം തന്നെ എങ്ങനെ ചെയ്യണം എന്നതിന്റെ 'സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീഡ്വര്‍' മാനേജ്‌മെന്റിന്റെ കയ്യില്‍ ഉണ്ടായിരിക്കുകയും വേണം. ഉദാഹരണത്തിന് പര്‍ച്ചേയ്‌സ് തങ്ങളുടെ കമ്പനിയില്‍ എങ്ങനെ ചെയ്യുന്നുവെന്നും അതില്‍ തന്നെ ഉണ്ടാകാനിടയുള്ള വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ പെരുമാറണമെന്നുമുള്ള വിശദമായ മാനുവല്‍ ആണിത്. ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് മിക്കവരും സ്റ്റാഫിനെ പഴിക്കാന്‍ തുടങ്ങുന്നത്. (മിക്കവാറും, ശരിയായ റിക്രൂട്ട്‌മെന്റ് രീതികള്‍ പിന്തുടരാത്തതു കൊണ്ട് ഇതൊക്കെ മനസ്സിലാക്കാന്‍ സ്റ്റാഫിനും പ്രയാസമായിരിക്കും!) ഒരു സ്റ്റാഫിനെ അപ്പോയിന്റ് ചെയ്യുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിച്ചാല്‍ ആദ്യ കടമ്പ കടക്കാം.

ഡെലിഗേഷന്‍ എന്ന വിജയമന്ത്രം


നമുക്ക് വീണ്ടും നമ്മുടെ 'ഡിസ്ട്രിബ്യൂഷന്‍ മുതലാളി' യിലേക്കു വരാം. ആര്‍ക്കും ഒന്നും 'ഡെലിഗേറ്റ്' ചെയ്യുന്നില്ല അഥവാ ഉത്തരവാദിത്തങ്ങള്‍ വിഭജിച്ചു കൊടുക്കുന്നില്ല എന്നതാണ് പുള്ളിയുടെ പ്രശ്‌നം. 'ഡെലിഗേറ്റ്' ചെയ്യാന്‍ പ്രധാനമായി വേണ്ടത് വിശ്വാസമാണ്. നിങ്ങളുടെ ജീവനക്കാരുടെ കഴിവില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ളിടത്തോളം കാര്യങ്ങള്‍ എളുപ്പത്തില്‍ 'ഡെലിഗേറ്റ്' ചെയ്യാം. അപ്പോള്‍ മുതലാളിക്ക് വിശ്വാസമില്ലാത്തതാണോ പ്രശ്‌നം? ഞാന്‍ ചോദിച്ചു മനസിലാക്കി. അദ്ദേഹം പറഞ്ഞു...'അവന്‍ ആള് കുഴപ്പക്കാരനല്ല. പക്ഷേ എന്റെ അത്ര പെര്‍ഫക്ട് ആയി ചെയ്യാന്‍ അറിയില്ല. അപ്പോള്‍ പിന്നെ വെറുതേ എന്തിനാ...' ഒരു മറുചോദ്യം... 'ഒരാള്‍ പെര്‍ഫക്ട് ആകുന്നതെങ്ങനെയാണ്? അയാള്‍ക്ക് അത് ചെയ്തു പഠിക്കാന്‍ അവസരങ്ങള്‍ വേണം.'

'പക്ഷേ, അങ്ങനെ പഠിക്കാനുള്ളതല്ല എന്റെ കമ്പനി'

 'എങ്കില്‍ സമാന്തരമായി അയാളെ പഠിപ്പിച്ചെടുക്കണം അല്ലെങ്കില്‍ നല്ലൊരാളെ തെരഞ്ഞെടുക്കണമായിരുന്നു,' ഞാന്‍ പറഞ്ഞു. അപ്പോള്‍ മുതലാളി, 'നല്ലൊരാളെ കിട്ടണ്ടേ?'

ശാസ്ത്രീയമായ റിക്രൂട്ട്‌മെന്റ് രീതികള്‍ അവലംബിക്കാതെ സുഹൃത്ത് പറഞ്ഞ ഒരാളെ കണ്ണുമടച്ച് നിയമിച്ചതിനുശേഷം, അയാളെക്കുറിച്ചാണ് ഈ ദീനരോദനം എന്നോര്‍ക്കണം.ഒരു കാര്യം ഓര്‍ക്കുക. മറ്റുള്ളവരെ വിശ്വസിക്കാതെ ഒരു ബിസിനസും വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ല. 1% ആളുകള്‍ ചതിക്കുമെന്നു കരുതി ബാക്കി 99 % ആളുകളെയും ഒഴിവാക്കുന്നത് ശരിയായ രീതിയല്ല. ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി വിവരിച്ചു കൊടുക്കുകയും ഇടയ്ക്ക് അതിനെ ശരിയായ രീതിയില്‍ സൂപ്പര്‍വൈസ് ചെയ്യുകയും ചെയ്താല്‍ ഒട്ടുമിക്ക കാര്യങ്ങളും നടത്തിയെടുക്കാം. 100% പെര്‍ഫക്ഷന്‍ കിട്ടിയില്ലെങ്കിലും, അത് ബിസിനസ് വളര്‍ത്തിയെടുക്കാന്‍ അവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. എല്ലാ കാര്യങ്ങളും ഒരുമിച്ച് ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ ഇതിലുമധികം തെറ്റുകള്‍ വരുത്തിയേക്കാമെന്ന് മനസ്സിലാക്കുക.

മൈക്രോമാനേജ്‌മെന്റ് എന്ന വില്ലന്‍

ഒരു ഉത്തരവാദിത്തം ഏല്‍പിച്ചു കൊടുക്കുമ്പോള്‍, അത് എങ്ങനെ ചെയ്യണമെന്നും അതില്‍ നിന്ന് എന്ത് റിസള്‍ട്ട് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി കൊടുക്കണം. ഇത് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതാണെങ്കിലും, കൂടുതലായി ഇടപെടുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നത് വിപരീതഫലം ഉണ്ടാക്കും. കേരളത്തിലെ ബിസിനസുകാരില്‍ 80% ല്‍ അധികം പേരിലും കണ്ടു വരുന്ന വളരെ അപകടകരമായ അസുഖമാണിത്. തന്റെ സെയില്‍സ്മാന്‍മാരെയെല്ലാം എല്ലാ സമയവും ജിപിഎസ് സിസ്റ്റം ഉപയോഗിച്ച് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നവരും, ജീവനക്കാരുടെ ഓരോ നീക്കവും സെക്യൂരിറ്റി ക്യാമറയിലൂടെ നിരീക്ഷിക്കുന്നവരും ഈ 'മൈക്രോമാനേജ്‌മെന്റ്' രോഗത്തിന് അടിമകളാണ്. ഇത്തരം സിസ്റ്റം ഉപയോഗിക്കരുത് എന്നല്ല, ആവശ്യത്തിനേ ഉപയോഗിക്കാവൂ എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടേതായ രീതിയിലുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുമ്പോഴാണ് അവര്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നത്.

പവര്‍ ഡെലിഗേഷന്‍

ഇതെല്ലാം ചെയ്തിട്ടും കാര്യങ്ങള്‍ നേരെയാകുന്നില്ല എങ്കില്‍ ശ്രദ്ധിക്കേണ്ടത് 'പവര്‍ ഡെലിഗേഷനിലാണ്'. ഉത്തരവാദിത്തങ്ങള്‍ മാത്രമല്ല നിങ്ങളുടെ ജീവനക്കാര്‍ക്കുള്ളത്. ചില അവകാശങ്ങളുമുണ്ട്. തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമാണ് അതില്‍ പ്രധാനം. തീരുമാനങ്ങള്‍ക്കുള്ള പരിധി വ്യക്തമായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഇതും സുഗമമാക്കാം. പരിധി വ്യക്തമാക്കാതിരിക്കുമ്പോഴാണ് ആളുകള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. സ്വന്തമായി തീരുമാനമെടുത്തതിന്റെ പേരില്‍ പിന്നീട് മാനേജ്‌മെന്റില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ള പലരെയും എനിക്കറിയാം. അവരെല്ലാം പിന്നീട് ആ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചിട്ടുമുണ്ട്. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ലഭിക്കുന്നത് അപൂര്‍വ്വം പേര്‍ക്കാണ്. അതിനാല്‍തന്നെ അത്തരം കഴിവുകള്‍ ശരിയായ രീതിയിലൂടെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. നമ്മുടെ പഴയ ഡിസ്ട്രിബ്യൂഷന്‍ മുതലാളിയുടെ കാര്യത്തില്‍ എല്ലാ തീരുമാനങ്ങളും സ്വന്തമായേ എടുക്കൂ എന്ന ശാഠ്യം കൂടെയുണ്ട്. ഇത്തരം അനാവശ്യമായ ശാഠ്യങ്ങളും സംശയങ്ങളുമൊക്കെയാണ് ബിസിനസിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നത്.

ഇനി മുതല്‍ നമുക്ക് മറ്റുള്ളവരുടെ കഴിവുകളെ കൂടി വിശ്വസിച്ചു തുടങ്ങാം. ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താം. ചെറിയ കാര്യങ്ങളെ മാറ്റി നിര്‍ത്തി, വലുതായി ചിന്തിക്കാം. വളര്‍ച്ചയിലേക്കുള്ള തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കാം. അതെ മുതലാളീ... ഇനി മുതല്‍ നിങ്ങള്‍ക്ക് സുഖമായുറങ്ങാം...!

(ബ്രമ്മ ലേണിംഗ് സൊലൂഷന്‍സിന്റെ കണ്‍സള്‍ട്ടിംഗ് & ട്രെയ്‌നിംഗ് വിഭാഗം മേധാവിയാണ് ലേഖകന്‍. Mob: 9747714788, email: ranjith@bramma.in)

ചില വിഷന്‍ സെറ്റിംഗ് തമാശകള്‍ !!!

കഴിഞ്ഞയാഴ്ച ട്രെയ്‌നിംഗുകളുടെയും വര്‍ക്‌ഷോപ്പുകളുടെയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ഒരു സെയ്ല്‍സ് ട്രെയ്‌നിംഗും രണ്ട് വിഷന്‍ സെറ്റിംഗ് വര്‍ക്ക്‌ഷോപ്പുകളും പിന്നെ കുറെ ഡിസ്‌കഷനുകളും കടന്നുപോയി.

ഉത്തര കേരളത്തിലെ ഒരു എഫ്എംസിജി സ്ഥാപനത്തിലായിരുന്നു സെയ്ല്‍സ് ട്രെയ്‌നിംഗ്. ഒരൊറ്റ ദിവസം കൊണ്ട് ഇരുപതോളം വരുന്ന സെയ്ല്‍സ്മാന്‍മാരെ 'ചുണക്കുട്ടന്മാരാക്കുക' എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. എച്ച് ആര്‍ മാനേജര്‍ വിളിച്ച് കാര്യം പറഞ്ഞപ്പോഴേ ഞാന്‍ ഒഴിഞ്ഞുമാറി.

'ചുണ' ...അതും ഒരൊറ്റ ദിവസം കൊണ്ട്!!!. ഒരല്‍പ്പം ബുദ്ധിമുട്ടാകും എന്നു തന്നെ പറയേണ്ടിവന്നു !!. എന്നാല്‍പ്പിന്നെ 'ചുണ' ഇല്ലെങ്കിലും ഒരല്‍പ്പം 'മോട്ടിവേഷന്‍' മതിയെന്നായി കക്ഷി. ഞാന്‍ ഉടനെ ഒരു ട്രെയ്‌നിംഗ് നീഡ് അനാലിസിസ് ഫോം അയച്ചുകൊടുത്തു.

അതൊന്നു പൂരിപ്പിച്ച് തിരിച്ചയച്ചു തന്നാല്‍, സ്റ്റാഫിനു വേണ്ടത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതാ പുള്ളി വീണ്ടും വിളിക്കുന്നു.' സാറേ, ഫോം പൂരിപ്പിക്കാനൊന്നും നേരം കിട്ടിയില്ല.
എന്തെങ്കിലും 'മോട്ടിവേഷന്‍ ' കൊടുത്താല്‍ മതിയെന്നേ.

നമ്മുടെ എച്ച് ആര്‍ മാനേജര്‍മാര്‍ പലരും ഇതുപോലെയാണ്. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുക എന്നതാണ് ലക്ഷ്യം. എന്താണെന്നോ എന്തിനാണെന്നോ അവര്‍ക്കുപോലും അറിയാത്ത അവസ്ഥ. ഒന്ന് ഓര്‍മ്മവെച്ചോളൂ...വ്യക്തമായ ട്രെയ്‌നിംഗ് നീഡ് അനാലിസിസ് ചെയ്യാതെ പ്രോഗ്രാമുകള്‍ ചെയ്യുന്നത് ധനനഷ്ടവും സമയനഷ്ടവുമാണ്.

അവസാനം നിര്‍ബന്ധിച്ച് ഈ 'നീഡ് അനാലിസിസ്' എന്ന സംഭവം അങ്ങു നടത്തി. അപ്പോഴാണ് കാര്യങ്ങള്‍ തെളിഞ്ഞുവരുന്നത്...! സെയ്ല്‍സ് ക്ലോസ് ചെയ്യാനുള്ള കഴിവ് 80 ശതമാനം പേര്‍ക്കുമില്ല. അതിനാലാണ് വില്‍പ്പന നടക്കാത്തത്. അല്ലാതെ മോട്ടിവേഷന്‍ കുറവായതുകൊണ്ടല്ല.

അങ്ങനെയാണ് 'സെയ്ല്‍സ് ക്ലോസിംഗ്' എന്ന വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ട്രെയ്‌നിംഗ് ചെയ്യാന്‍ തീരുമാനിക്കുന്നത്...അതും ഒന്നല്ല...മൂന്നെണ്ണം...ഒരു ട്രെയ്‌നിംഗില്‍ എല്ലാ രീതികളും വിശദമായി പഠിപ്പിച്ചതിനുശേഷം, രണ്ടാഴ്ച കൂടുമ്പോള്‍ ഫോളോ അപ്പ് ട്രെയ്‌നിംഗും പ്ലാന്‍ ചെയ്തു.

ആദ്യത്തെ ട്രെയ്‌നിംഗ് ആണ് ഈയാഴ്ച നടന്നത്. അറുപതോളം വിവിധ തരത്തിലെ ടെക്‌നിക്കുകള്‍ ഞങ്ങള്‍ പങ്കുവെച്ചു. ഒപ്പം റോള്‍ പ്ലേകളിലൂടെ അവ എങ്ങനെ ഉപയോഗിക്കാം എന്നതും കാണിച്ചുകൊടുത്തു. ആ 'നീഡ് അനാലിസിസ് ' ചെയ്തില്ലെങ്കില്‍ ഉള്ള കാര്യം ഒന്നാലോചിച്ചു നോക്കൂ.

ഇനിയാണ് ഈ ആഴ്ചയിലെ ഹൈലൈറ്റ് വരുന്നത് !. വിഷന്‍ സെറ്റിംഗ്...
ഏകദേശം നൂറു കോടിയ്ക്കടുത്ത് സെയ്ല്‍സ് റെവന്യൂ എത്തിക്കഴിഞ്ഞാല്‍ പിന്നെ, മുന്നോട്ടുപോകാന്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. പലപ്പോഴും ഇതിനൊരു കാരണം കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കാറുമില്ല. എന്തിനുവേണ്ടി ബിസിനസ് ചെയ്യുന്നു എന്നതിന് വ്യക്തമായ ഒരു ഉത്തരം ഇല്ലാത്തതാണ് പലരെയും കുഴയ്ക്കുന്നത്.

ഇതിന് ഉത്തരം കണ്ടെത്താന്‍ പുറമേ നിന്നുള്ള വിദഗ്ധരുടെ സഹായം നല്ലതാണ്. സജീവ് നായരെപ്പോലെ മനസ് വായിച്ചെടുക്കാന്‍ കഴിയുന്ന, എല്ലാവര്‍ക്കും സ്വീകാര്യരായ വ്യക്തികളുണ്ടെങ്കില്‍ ഇത് മനോഹരമായി വികസിപ്പിച്ചെടുക്കാന്‍ സാധിക്കും.

ഇത്തരത്തിലുള്ള രണ്ട് വര്‍ക്ക്‌ഷോപ്പുകളാണ് കഴിഞ്ഞയാഴ്ച ഞങ്ങള്‍ ചെയ്തത്. രണ്ടും നൂറു കോടിക്ക് അടുത്ത് ടേണ്‍ ഓവര്‍ ഉള്ള കമ്പനികള്‍. ആദ്യത്തേത് പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ആയിരുന്നു. എല്ലാവരും നാല്‍പ്പതു വയസിനു താഴെ പ്രായമുള്ളവര്‍. മുന്നോട്ടു കുതിക്കണമെന്ന അടങ്ങാത്ത ആഗ്രഹമുള്ളവര്‍.

പൂജ്യത്തില്‍ നിന്ന് തുടങ്ങി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയെ നൂറു കോടിയിലേക്കെത്തിച്ചവര്‍. തങ്ങളുടെ സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഹോള്‍ സെയ്‌ലിംഗ് തന്ത്രങ്ങളിലൂടെ ഇവിടംവരെയെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന വിശ്വസ്തരുടെ ഒരുനിര തന്നെ കമ്പനിയിലുണ്ട്.

എങ്ങനെ ബിസിനസ് ചെയ്യണമെന്ന് വ്യക്തമായി അറിയുന്ന കൂട്ടര്‍. പക്ഷേ, അവര്‍ക്ക് അറിയാതിരുന്നത്, ഒന്നുമാത്രം. എന്തിനു വേണ്ടി അവരിത് ചെയ്യുന്നു..? നല്ല ജോലിയില്‍ നല്ല ശമ്പളം വാങ്ങി അല്ലലില്ലാതെ ജീവിച്ചിരുന്ന പലരും അതുപേക്ഷിച്ച് തന്നെയാണ് ഈ ഒട്ടും സുഖകരമല്ലാത്ത ബിസിനസിലേക്ക് ഇറങ്ങിയത്.

അത് എന്തിനു വേണ്ടി?...ഈ ചോദ്യമാണ് പത്തു പേരെയും അലട്ടിക്കൊണ്ടിരുന്നത്. സെഷന്‍ തുടങ്ങിയത് മുതല്‍ ഒരു വല്ലാത്ത പോസിറ്റീവ് വൈബ്രേഷന്‍ മുറിയില്‍ പ്രകടമായിരുന്നു. തങ്ങളുടെ മനസിലെ ആഗ്രഹങ്ങള്‍ ഓരോരുത്തരും പങ്കുവെച്ചു.

സമൂഹം എങ്ങനെയാകണമെന്നും ഈ ലോകത്തിനു തങ്ങള്‍ എന്ത് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ ചിന്തിച്ചു തുടങ്ങി. ഓരോരുത്തരും കൂടുതല്‍ സംസാരിച്ചു തുടങ്ങി. ഇപ്പോള്‍ ചെയ്യുന്ന ബിസിനസോ വെറും ധനലാഭമോ മാത്രമല്ല ഉദ്ദേശ്യം എന്ന് അവര്‍ക്കു തന്നെ മനസിലായിത്തുടങ്ങി.

പല വിദേശ കമ്പനികളുടെയും ഉദാഹരണങ്ങളിലൂടെയുള്ള കണ്ണോടിക്കല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ അവരെ സഹായിച്ചു. 'കാരിയര്‍' പോലുള്ള കമ്പനികള്‍ വിശ്വാസത്തിനും നേരായ രീതിയിലെ ബിസിനസിനും കൊടുക്കുന്ന പ്രാധാന്യം എല്ലാവരെയും ചിന്തിപ്പിക്കുന്നതായിരുന്നു.

ചെറിയ ലാഭത്തിനുവേണ്ടി തങ്ങളുടെ മൂല്യങ്ങള്‍ ബലി കഴിക്കാത്ത കമ്പനികള്‍ വിജയപഥത്തില്‍ എത്തുന്നുവെന്നത് ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു.

ഗുണനിലവാരവും വിശ്വാസ്യതയുമെല്ലാം എല്ലാവരും പറയുന്ന കാര്യങ്ങളാണെങ്കിലും എത്രപേര്‍ അതനുവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്‌നം. അതിനാല്‍ തന്നെ വെറുതെ ഇത്തരം മൂല്യങ്ങള്‍ ഉണ്ടെന്ന് പ്രഖ്യാപിക്കല്‍ അല്ല വിഷന്‍ വര്‍ക്‌ഷോപ്പിന്റെ ലക്ഷ്യം. ശരിയായ മൂല്യങ്ങള്‍ കണ്ടെത്തി അതിനനുസരിച്ച് ബിസിനസ് രീതികള്‍ വികസിപ്പിക്കലാണ് അതിന്റെ ഉന്നം.

എന്തൊക്കെയായാലും നല്ല രീതിയില്‍ ഏകദേശം എട്ട് മണിക്കൂറോളം മുന്നോട്ടുപോയി. അവസാനം നാലോളം മൂല്യങ്ങള്‍ കണ്ടെത്തുകയും അവയെ വിഷന്റെ ഭാഗമാക്കുകയും ചെയ്തു. ഈ പത്തു പേരുടെയും അര്‍പ്പണ മനോഭാവം എടുത്തുപറയേണ്ടതാണ്. അതിനാല്‍ത്തന്നെ ശരിയായ സിസ്റ്റം വികസിപ്പിച്ചാല്‍ കേരളത്തില്‍ നിന്നുള്ള ഒരു വലിയ ബ്രാന്‍ഡിനെ അടുത്ത അഞ്ച് വര്‍ഷത്തില്‍ പ്രതീക്ഷിക്കാം.

ഇതേ രീതിയിലുള്ള മറ്റൊരു വര്‍ക്‌ഷോപ്പ് കൂടി ഈയാഴ്ചയില്‍ തന്നെ നടന്നു. ആളുകള്‍ അറിഞ്ഞു തുടങ്ങിയ, മധ്യകേരളത്തിലെ ഒരു ബ്രാന്‍ഡിനു വേണ്ടിയായിരുന്നു ഇത്. വര്‍ക്‌ഷോപ്പിനുവേണ്ടി ഞങ്ങളെ വിളിച്ചപ്പോഴേ സംശയങ്ങളുടെ ഒരു നിരയുമായാണ് അവര്‍ വന്നത്. തങ്ങളുടെ രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ കഴിയുമോ എന്ന ഭയം അവരെ അലട്ടുന്നുണ്ടായിരുന്നു.

ഒന്ന് പറഞ്ഞോട്ടെ, നിങ്ങള്‍ ഓരോരുത്തരും പറയുന്ന ഈ രഹസ്യങ്ങളുണ്ടല്ലോ, ഇന്ന് വലിയ പരസ്യങ്ങളാണ്. ഇത് അറിവിന്റെ യുഗമാണ്. ആര്‍ക്കും ഒരറിവിനും പഞ്ഞമില്ലാത്ത കാലം. അവിടെ വില മതിക്കുന്നത് നിങ്ങളുടെ സേവന സന്നദ്ധത ആണ്.

അവര്‍ ആറു പേരായിരുന്നു. മാനേജിംഗ് ഡയറക്റ്റര്‍ തന്നെയായിരുന്നു പ്രധാനി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും ബാക്കി അഞ്ചു പേരോടും ഇതുവരെ തന്റെ മൂല്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത ഇദ്ദേഹം അതെല്ലാം പുറത്ത് പറയാനുള്ള ഒരു അവസരമായാണ് ഇതിനെ കണ്ടത്.

വര്‍ക്‌ഷോപ്പ് പാളിപ്പോകുമോ എന്നുവരെ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഭയപ്പെട്ടു. തന്റെ കഥ പറയുന്നതിലായിരുന്നു പുള്ളിക്ക് കൂടുതല്‍ താല്‍പര്യം. കഠിനമായ പരിശ്രമങ്ങളുടെ, ആരും എടുത്തിട്ടില്ലാത്ത റിസ്‌കുകളുടെ കഥാ സാഗരം തന്നെ പുറത്തുവന്നു. പക്ഷേ, എന്തിനുവേണ്ടി എന്ന ചോദ്യത്തിന് ഉത്തരം 'പണം', 'പണം' എന്നത് മാത്രമായിരുന്നു.

എന്നാല്‍'പണം' എന്തിനുവേണ്ടി എന്ന ചോദ്യത്തിന് മുന്നില്‍ അദ്ദേഹം പതറി, അല്ലെങ്കില്‍ മനസിലായില്ലെന്ന് നടിച്ചു. ബാക്കിയെല്ലാവരും വെറും ശ്രോതാക്കളായിരുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള മാര്‍ഗം വിഷന്‍ ഉണ്ടാക്കിയെടുക്കുന്നത് മാത്രമാണെന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു.

അതിനാല്‍ തന്നെ ഒരു വിഷന്‍ ഉണ്ടാക്കിയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരാളുടെ എല്ലാ വ്യഗ്രതയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പല തരത്തില്‍, അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

വിശ്വാസ്യതയും ചങ്കൂറ്റവും കൈമുതലായ ആ ചെറുപ്പക്കാരന്‍ ഒരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു എന്നത് മനസിലാക്കാന്‍ ഒരുപാട് ഉദാഹരണങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നു. എങ്കിലും എല്ലാത്തിനെയും സംശയത്തോടെ നോക്കിക്കാണുന്ന ഓര്‍ഗനൈസേഷന്‍ കള്‍ച്ചര്‍ അവരെ ബാധിച്ചിട്ടുണ്ടോയെന്ന് തോന്നി. പല ഘട്ടങ്ങളിലും സ്വന്തം കഴിവുകളേയും ഒപ്പമുള്ളവരുടെ കഴിവുകളേയും മുന്നിലെത്തുന്ന ഓരോരുത്തരുടെയും കഴിവുകളേയും വില കുറച്ചു കാണുന്ന സംശയരോഗം പുരോഗമനത്തിന് വിലങ്ങുതടിയായേക്കും.

ഇത്ര ഭംഗിയായി പ്രശ്‌നങ്ങളെ തരണം ചെയ്ത് ഇവിടം വരെയെത്തിയ ഈ ചെറുപ്പക്കാരന് ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ ഈ മൂല്യങ്ങള്‍ നന്നായി ഉപയോഗിച്ചാല്‍ മാത്രം മതി, ഒരു ഗ്ലോബല്‍ ബ്രാന്‍ഡ് ഉണ്ടാകാന്‍.

വിഷന്‍ വേറെയാരെങ്കിലും ഉണ്ടാക്കിത്തരുന്ന ഭംഗിയുള്ള വാചകമല്ല. നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ള മൂല്യങ്ങളുടെ പ്രതിഫലനമാണ്. അത് മനസിലാക്കിയെടുക്കാന്‍ ഒരു തുറന്ന സമീപനവും പോസിറ്റീവ് ആയ ചിന്താഗതിയും ആവശ്യമാണ്.

ഇല്ലെങ്കില്‍ വളര്‍ച്ച പരിമിതമാണ്. നിങ്ങളുടെ രണ്ടു ചുമലുകള്‍ക്ക് താങ്ങാവുന്നതിലധികം ആ ബ്രാന്‍ഡ് വളരുകയേയില്ല. ഈ വിഷന്‍ എല്ലാ സ്റ്റാഫിലേക്കും എത്തിക്കുന്നതും പ്രധാനമാണ്. ഓരോ തീരുമാനത്തിലും വിഷന്‍ പ്രതിഫലിക്കുകയും വേണം.
എന്തിനു വേണ്ടി ബിസിനസ് ചെയ്യുന്നു എന്ന് ഇതുവരെ ആലോചിച്ചിട്ടില്ലാത്തവര്‍, ഒന്ന് ചിന്തിച്ചു തുടങ്ങണം. വൈകിയാല്‍ പാഴാകുന്നത് ഒരു ജീവിതം തന്നെയാകാം

ഡിസ്ട്രിബ്യൂഷന്‍ എന്ന കണ്‍ഫ്യൂഷന്‍ !!!


നിങ്ങളുടെ കയ്യിലുള്ളത് ഉല്‍പ്പന്നമോ സേവനമോ ആയിക്കൊള്ളട്ടെ, ഏറ്റവുമധികം ആളുകളിലേക്ക് അത് എത്തിക്കുക എന്നതാണ് ഒരു നല്ല ബിസിനസിന്റെ ആദ്യ പടി. മിക്ക ചെറുകിട ബിസിനസുകളും അടി തെറ്റുന്നതും ഇവിടെയാണ്. ഈ കണ്‍ഫ്യൂഷനെ അതിജീവിക്കാനുള്ള ചില മാര്‍ഗങ്ങളാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്
ചേര്‍ത്തലയ്ക്ക് അടുത്തുള്ള ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഒരു പ്രകൃതി സ്‌നേഹിയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക എന്നത് അയാളുടെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഒരു ഹാന്‍ഡ് മെയ്ഡ് സോപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഏകദേശം 24 വ്യത്യസ്ത പച്ച മരുന്നുകള്‍ ചേര്‍ത്ത് ഒരു പ്രത്യേക തരത്തിലാണ് ശ്രീജിത്ത് ഈ സോപ്പുണ്ടാക്കുന്നത്. ചുറ്റുപാടുമുള്ള ചെറിയ കടകളില്‍ നേരിട്ട് കൊണ്ടു പോയി വെയ്ക്കുന്നുണ്ട്. അറിയാവുന്ന ആളുകളോട് പറയുന്നുമുണ്ട്. ഒരുപക്ഷെ ഇന്ന് മാര്‍കറ്റില്‍ കിട്ടുന്ന ഏതൊരു സോപ്പിനെക്കാളും ഗുണ നിലവാരവുമുണ്ട്. പക്ഷെ ഈ ഉദ്യമം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെങ്കിലും സമീപ പ്രദേശങ്ങളിലെ ചില ആളുകളിലേക്ക് അല്ലാതെ വേറെ ആരിലേയ്ക്കും ഇത് എത്തിയിട്ടേയില്ല. അതെ, ഡിസ്ട്രിബ്യൂഷന്‍ തന്നെയാണ് വില്ലന്‍ !!!
പരിശ്രമത്തിന്റെ ആദ്യ ഘട്ടം
ഈ ലേഖന പരമ്പരയുടെ ആദ്യ ഭാഗങ്ങളില്‍ പറഞ്ഞിട്ടുള്ളതു പോലെ, ബിസിനസില്‍ മൂലധനം പ്രധാനം തന്നെയാണ്. മൂലധനം പ്രായോഗികമായി വിനിയോഗിക്കുകയും വേണം . കുറഞ്ഞ മൂലധനത്തില്‍ തുടങ്ങുന്ന ഏതൊരു ബിസിനസിനും ആദ്യ ഘട്ടത്തില്‍ നേരിട്ടുള്ള (ഇടനിലക്കാരില്ലാതെ) വിതരണ രീതിയാണ് നല്ലത്. ആ രീതിയില്‍ ശ്രീജിത്ത് ചെയ്യുന്നത് ശരിയായ കാര്യമാണ്. പക്ഷെ വ്യക്തമായ ടാര്‍ഗറ്റുകളും പുതിയ കടകള്‍ കണ്ടുപിടിച്ച് അവിടേയ്ക്ക് കൂടി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമവും ഉണ്ടാകണം. എങ്കിലേ ബിസിനസില്‍ ഉയര്‍ച്ച ഉണ്ടാകൂ. ഈസ്‌റ്റേണ്‍ കറി പൗഡറുകള്‍ ഇതിന് ഒരു ഉദാഹരണമാണ്. ആദ്യ ഘട്ടങ്ങളില്‍ നേരിട്ട് ചെയ്ത വിതരണ സമ്പ്രദായം അവര്‍ക്ക് മുതല്‍ക്കൂട്ടായി. എന്നാല്‍ പ്രത്യകം ഓര്‍ക്കുക, ബിസിനസ് പ്രൊമോട്ടറുടെ നല്ല പരിശ്രമം ഈ ഘട്ടത്തില്‍ അനിവാര്യമാണ് ആദ്യ ഘട്ടത്തില്‍, ഒരുപക്ഷെ ക്രെഡിറ്റ് കൊടുക്കേണ്ടതായി വന്നേക്കാം. മാര്‍കറ്റില്‍ സ്വാധീനമില്ലാത്ത ഏതൊരു ഉല്‍പ്പന്നത്തിനോടും ഉള്ള സ്വാഭാവികമായ പ്രതികരണം ആണിത്. ക്രെഡിറ്റ് കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതിനു വ്യക്തമായ പോളിസി ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. നല്ല ഫോളോ അപ്പും ഉണ്ടാകണം. ഇതിനൊപ്പം തന്നെ, കടകളില്‍ കസ്റ്റമേഴ്‌സിനു കാണാന്‍ പറ്റുന്ന തരത്തില്‍ പോസ്റ്ററുകളും മറ്റു മാര്‍ക്കറ്റിംഗ് വസ്തുക്കളും സെറ്റ് ചെയ്യുക കൂടി വേണം. തുടക്കത്തില്‍ കടക്കാരന് നല്ല മാര്‍ജിനും നല്‍കാന്‍ ശ്രദ്ധിക്കണം. ഒരു റീടെയില്‍ ഷോപ്പ് നടത്തുന്നത് അദ്ദേഹത്തിനു ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന സത്യം മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. നല്ല മാര്‍ജിനും (സ്‌കീമുകള്‍, കിഴിവ്, കോണ്ടസ്റ്റ് എന്നിവയൊക്കെയാകാം), അത്യാവശ്യം പോസ്റ്ററുകളും, ഗുണ നിലവാരവും ഉണ്ടെങ്കില്‍ ഷോപ്പ് ഓണര്‍ തന്നെ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകും .ഇത്തരത്തില്‍ ഉള്ള 100 ഷോപ്പുകള്‍ ആദ്യം സൃഷ്ടിച്ചെടുക്കു. ഈ ഘട്ടത്തില്‍ ലാഭം പ്രതീക്ഷിക്കുകയേ അരുത് . ഇത് ഒരു നിക്ഷേപമായി കണക്കിലെടുത്താല്‍ മതി . 100 ഷോപ്പുകളില്‍ നിന്ന് സ്ഥിരമായ സെയില്‍സ് വന്നു തുടങ്ങിയാല്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാം.
ബിസിനസ് വലുതാകുമ്പോള്‍
ഇനി നമ്മള്‍ ബിസിനസ് വലുതാക്കാന്‍ പോകുന്നു. ഒരുപക്ഷെ അടുത്ത ജില്ലയില്‍ കൂടി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായിരിക്കും പ്ലാന്‍. ഒന്നുകില്‍ നേരിട്ടോ, അല്ലെങ്കില്‍ ഒരു ഡിസ്ട്രിബ്യൂട്ടര്‍ വഴിയോ ഇതു ചെയ്യാം. കഴിയുമെങ്കില്‍ അടുത്തുള്ള 3-4 ജില്ലകളില്‍ കൂടി സ്വന്തമായി വിതരണം ചെയ്യാനായിരിക്കും ഞാന്‍ നിര്‍ദ്ദേശിക്കുക. 3-4 ജില്ലകളില്‍ ഉല്‍പ്പന്നം ആയാല്‍ മാര്‍ക്കറ്റില്‍ അതിനെ കുറിച്ച് നല്ല അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടാകും . അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാന്‍ അതാണ് പറ്റിയ സമയം.
കൂടുതല്‍ ദൂരേയ്ക്ക് പോകുമ്പോള്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ ആശ്രയിക്കുന്നതാകും ഉചിതം. ട്രാന്‍സ്‌പോര്‍ട്ടിംഗ് ചെലവുകള്‍, മാര്‍കറ്റിനെ കുറിച്ചുള്ള അറിവ്, മാന്‍ പവര്‍ എന്നീ കാര്യങ്ങള്‍ എളുപ്പമാകാനും അതു തന്നെയാണ് നല്ലത്.പക്ഷേ, ഡിസ്ട്രിബ്യൂട്ടര്‍മാരെ നിയമിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം .അല്ലെങ്കില്‍ നിങ്ങളുടെ ബ്രാന്‍ഡിനെ കൊല്ലുന്നതിനു തുല്യമാകും അത്. കേരളത്തിലെ പല പ്രമുഖ ബ്രാന്‍ഡുകളും നേരിടുന്ന ഏറ്റവും വലിയ പ്രശനം കൂടിയാണിത് .
എങ്ങനെ കിട്ടും ഒരു നല്ല ഡിസ്ട്രിബ്യൂട്ടറെ ?
പലപ്പോഴും ബിസിനസ് വളര്‍ന്നു വരുന്ന ഘട്ടത്തില്‍, ഏതെങ്കിലും ഒരാള്‍ ഡിസ്ട്രിബ്യൂഷന് വരുന്നു എന്ന് അറിയുമ്പോഴേയ്ക്കും നമ്മള്‍ കണ്ണും പൂട്ടി അവരെ നിയമിച്ചു കഴിയും. പക്ഷെ ഇതാണ് പലപ്പോഴും വിനയാകുന്നത് . ഒരു ഡിസ്ട്രിബ്യൂട്ടറെ നിയമിക്കുമ്പോള്‍ എന്റെ അഭിപ്രായത്തില്‍ അഞ്ച് 'ഐ' കള്‍ ശ്രദ്ധിക്കേണ്ടതുണ്ട് / 1. ഇന്‍ഫ്രാസ്ട്രക്ചര്‍ , 2. ഇന്‍വെസ്റ്റ്‌മെന്റ്, 3. ഇന്‍വോല്‍വ്‌മെന്റ്, 4.ഇന്‍ഫ്‌ലുവന്‍സ് 5. 'ഐ' അഥവാ ഞാന്‍
സാധനങ്ങള്‍ സ്റ്റോര്‍ ചെയ്യാനുള്ള സ്ഥലം, വണ്ടികള്‍, മാന്‍ പവര്‍ എന്നിവയൊക്കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന വിഭാഗത്തില്‍ പെടുന്നു . ഇതൊന്നും ഇല്ലാത്തവര്‍ക്ക് നല്ലൊരു വിതരണ സംവിധാനം നില നിര്‍ത്താന്‍ കഴിയില്ല .ഇതിനു വേണ്ടി തന്നെ ഇന്‍വെസ്റ്റ് ചെയ്യാനും ഇതൊരു ബിസിനാസാക്കി വലുതാക്കിയെടുക്കാനും തയ്യാറാകണം വിതരണക്കാരന്‍ . അതിനു തക്കതായ ഇന്‍വോല്‍വ്‌മെന്റ് , അതായത് പരിശ്രമം ഡിസ്ട്രിബ്യൂട്ടരുടെ ഭാഗത്തു നിന്ന് തന്നെ ഉണ്ടായേ തീരൂ .ഇതിലൊക്കെ ഉപരിയായി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന മാര്‍കറ്റില്‍ വ്യക്തമായ സ്വാധീനവും കൂടി വേണം . ഷോപ്പ് ഓണര്‍മാരെ അറിയുന്ന വിതരണക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ 'പ്ലെയ്‌സ് ; ചെയ്യാന്‍ എളുപ്പമായിരിക്കും . അഞ്ചാമത്തെയും അവസാനത്തെയും കാര്യം 'ഐ ' ആണ് അഥവാ നിങ്ങള്‍ തന്നെ. ഡിസ്ട്രിബ്യൂട്ടര്‍ എത്ര തന്നെ കഴിവുള്ളവന്‍ ആണെങ്കിലും നിങ്ങളെയും നിങ്ങളുടെ ഉല്‍പ്പന്നത്തെയും ആശ്രയിച്ചാണ് അവരുടെ നിലനില്‍പ്പ്. പലപ്പോഴും നല്ല ഡിസ്ട്രിബ്യൂട്ടറെ നിയമിച്ചതിനു ശേഷം ഉല്‍പ്പന്നങ്ങള്‍ സമയത്തിന് എത്തിച്ചു കൊടുക്കാന്‍ സാധിക്കാത്തവരെ കണ്ടിട്ടുണ്ട്. അത് വളരെ അപകടകരമാണ്. വിതരണക്കാരനും ബിസിനസ് ഓണറും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു പേര്‍ക്കും വിജയിക്കാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. എങ്കിലേ ഏതൊരു ബിസിനസിനും നിലനില്‍പ്പുള്ളൂ...
പ്രത്യേകം ഓര്‍ക്കുക-പരസ്യങ്ങള്‍ക്കും മറ്റും വന്‍ തുക ചെലവാക്കുന്നതിന് മുന്‍പായി ശക്തമായ ഒരു വിതരണ സംവിധാനം കെട്ടിപ്പടുക്കേണ്ടതുണ്ട്. ആദ്യ ഘട്ടം വളരെ പതുക്കെ ആയേക്കാം, പക്ഷെ പിന്നീട് വേഗത കൈ വരുമെന്ന് തീര്‍ച്ച. ഡിസ്ട്രിബ്യൂട്ടര്‍ അല്ലാതെ സ്റ്റോക്കിസ്റ്റ്, സൂപ്പര്‍ സ്റ്റോക്കിസ്റ്റ്, ഫ്രാഞ്ചൈസികള്‍, ഓണ്‍ലൈന്‍ തുടങ്ങി പല തരത്തില്‍ വിതരണ ശ്രുംഖല കെട്ടിപ്പടുക്കാം. പുതിയ കാലഘട്ടത്തില്‍ ഏറ്റവും ക്രിയാത്മകമായി വിതരണ സംവിധാനങ്ങള്‍ ഉണ്ടാക്കുന്ന ബിസിനസുകളാണ് വിജയിക്കുക.
ഇന്നു മുതലേ ആരംഭിച്ചോളൂ ...പുത്തന്‍ വിതരണ രീതികള്‍ക്കായുള്ള തിരച്ചില്‍ ...!!!!!

ഒരു നല്ല സെയില്‍സ് ടീമിനെ എങ്ങനെ വാര്‍ത്തെടുക്കാം?


തെക്കന്‍ കേരളത്തിലെ പ്രശസ്തമായ ഒരു ട്രെയിനിംഗ് സ്ഥാപനത്തിന്റെ അമരക്കാരനാണ് പ്രിന്‍സ്. 1500 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ നൂറിലധികം സ്റ്റാഫുണ്ട്. വലിയ ക്ലാസ്മുറികളും അനേകം കംപ്യൂട്ടറുകളും ചില്ലിട്ട കാബിനുകളുമൊക്കെയായി ഒരു വലിയ സംരംഭം തന്നെയാണത്. കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുന്നതും പരസ്യങ്ങള്‍ കൊടുക്കുന്നതും കോളുകള്‍ അറ്റന്റ് ചെയ്യുന്നതും അഡ്മിഷന്‍ കൊടുക്കുന്നതുമെല്ലാം പല വിദഗ്ദ്ധരായിരിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി... എല്ലാം നമ്മുടെ പ്രിന്‍സ് തന്നെ! 

കഴിഞ്ഞ 4 വര്‍ഷമായി സ്ഥിരമായി 1000-1500 കുട്ടികള്‍ പഠിക്കുന്നു. എന്നാല്‍ അതിനപ്പുറത്തേക്ക് ഒരടിപോലും മുന്നേറാന്‍ സാധിക്കുന്നുമില്ല. 5 പേരടങ്ങുന്ന ഒരു സെയില്‍സ് ടീം നോക്കുകുത്തിയായി ഇരിക്കുന്നുമുണ്ട്. പക്ഷേ, അവരെയേല്‍പ്പിച്ചാല്‍ ഈ 1000 വെറും 500 ആയി ചുരുങ്ങുമെന്നാണ് പ്രിന്‍സിന്റെ പക്ഷം. ഇവരെ പിരിച്ചുവിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമോ എന്നും ഭയമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പ്രിന്‍സ്, ചെകുത്താനും കടലിനും നടുവില്‍ തന്നെയാണ് സര്‍വീസ് മാര്‍ക്കറ്റിംഗില്‍ മത്രമല്ല, പ്രൊഡക്ട് മാര്‍ക്കറ്റിംഗിന്റെ കാര്യത്തിലും പല സ്ഥലങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. ഒരു നല്ല സെയില്‍സ് ടീമിലൂടെയുള്ള ബിസിനസ് വര്‍ദ്ധന ഉണ്ടാകുന്നേയില്ല. പലരും സ്വന്തം ബന്ധങ്ങളിലൂടെ ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച് സംതൃപ്തരാകുകയാണ്.

സെയില്‍സിന് ആളെ കിട്ടില്ലേ?

എന്തുകൊണ്ടാണ് നിങ്ങള്‍ സെയില്‍സ് ടീം വിപുലീകരിക്കാന്‍ ശ്രമിക്കാത്തത് എന്ന് ചോദിച്ചാല്‍ ആളെ കിട്ടണ്ടേ എന്ന ഉത്തരം കേള്‍ക്കാം. പക്ഷേ ആളെ എങ്ങനെ കിട്ടും എന്ന് ചിന്തിച്ചിട്ടുണ്ടോ? ബന്ധുവിനേയും അയല്‍ക്കാരനേയും സുഹൃത്ത് കാണിച്ചുതരുന്നവനേയും ചുമ്മാ പിടിച്ച് സെയില്‍സ് മാനേജരാക്കുന്ന മാജിക്ക് നിര്‍ത്തലാക്കണം. എന്നിട്ട് സാമാന്യയുക്തിക്ക് നിരക്കുന്ന രീതികള്‍ അവലംബിക്കണം. അങ്ങനെയെങ്കില്‍ പരസ്യം കൊടുക്കാമെന്നാകും ബിസിനസ് ഓണറുടെ മറുപടി. പലരും ക്ലാസിഫൈഡില്‍ പരസ്യം കൊടുക്കുന്നത് കാണാം. ചിലര്‍ നോട്ടീസ്, പോസ്റ്റര്‍ തുടങ്ങിയ മറ്റ് ചെലവ് കുറഞ്ഞ രീതികളും പരീക്ഷിക്കും. ഇത്തരക്കാര്‍ സ്വന്തം ബിസിനസിന്റെ കഴുത്തറുക്കുകയാണ്. കെട്ടിടത്തിനും മെഷിനറിക്കും ചെലവാക്കിയ ലക്ഷങ്ങള്‍, വെറുതെ കിടന്ന് തുരുമ്പെടുക്കാതിരിക്കണമെങ്കില്‍ ഹ്യൂമന്‍ റിസോഴ്‌സിന് അതിന്റേതായ പ്രാധാന്യം നല്‍കിയേ തീരൂ. ഒരു പ്രധാന പത്രത്തില്‍, അത്യാവശ്യം വലുപ്പത്തില്‍, നല്ല രീതിയില്‍ ചെയ്യുന്ന ഒരു പരസ്യം ആളുകള്‍ ശ്രദ്ധിക്കുകയും അവരിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും.

നല്ല പരസ്യം എല്ലാത്തിനും പരിഹാരമാണോ?

ഒരു നല്ല പരസ്യം ചെയ്തുകൊണ്ട് മാത്രമായില്ല, വരുന്ന കോളുകള്‍ നല്ല രീതിയില്‍ അറ്റന്റു ചെയ്യുകയും, ഇന്റര്‍വ്യൂ തീയതിയും സ്ഥലവും കൃത്യമായി പറഞ്ഞുകൊടുക്കുകയും വേണം. കോള്‍ അറ്റന്റ് ചെയ്യുന്നതിന്റെ പ്രൊഫഷണലിസത്തിലൂടെയാണ് പലരും ഇന്റര്‍വ്യൂവിന് വരണോ എന്ന് തീരുമാനമെടുക്കുന്നത്. അതിനാല്‍ ഇത്തരം കോളുകള്‍ അറ്റന്റ് ചെയ്യാന്‍ ഒരു പ്രൊഫഷണലിനെത്തന്നെ നിയോഗിക്കുക.

ഇന്റര്‍വ്യു വളരെ പ്രധാനമാണെന്ന് മനസിലാക്കുക. അതിനാല്‍ത്തന്നെ സ്ഥാപനത്തിന്റെ ഓണര്‍ക്കൊപ്പം, സാധിക്കുമെങ്കില്‍ ചില ഇന്റര്‍വ്യൂ സ്‌പെഷലിസ്റ്റുകളെക്കൂടി പാനലില്‍ ഉള്‍പ്പെടുത്തുക. സെയില്‍സ് മാനേജറുടേയും എക്‌സിക്യുട്ടീവിന്റേയുമെല്ലാം ഉത്തരവാദിത്തങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടായിരിക്കണം ഇന്റര്‍വ്യു നടത്തേണ്ടത്. അതിനൊപ്പം തന്നെ അവര്‍ നേടിയെടുക്കേണ്ട ബിസിനസിനെക്കുറിച്ചും അവര്‍ക്ക് പരമാവധി നല്‍കാന്‍ കഴിയുന്ന ശമ്പളത്തെക്കുറിച്ചും ധാരണ വേണം. ഒരുകാര്യം ഓര്‍ത്തുവയ്ക്കുക. നിങ്ങളുടെ സെയില്‍സ് ടീം നിങ്ങളുടെ ബിസിനസിന്റെ ഏറ്റവും പ്രധാന കണ്ണിയാണ്. അതിനാല്‍തന്നെ, അവര്‍ക്ക് നല്ല പ്രതിഫലം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇന്റര്‍വ്യുവില്‍ നിങ്ങള്‍ക്ക് യോജിക്കുമെന്ന് തോന്നുന്നയാളെ, അയാള്‍ക്ക് പൂര്‍ണമായും സമ്മതമായ ഒരു ശമ്പളനിരക്കില്‍ നിയമിക്കുക.

പ്രതിഫലം മാത്രം മതിയോ?


നല്ല പ്രതിഫലം എന്നത് ഒരു ഭാഗം മാത്രമാണ്. താന്‍ ചെയ്യേണ്ടതെന്തൊക്കെയാണെന്നും അതെങ്ങനെ ചെയ്യണമെന്നും വിശദമാക്കുന്ന ഒരു നല്ല ട്രെയിനിങ്ങ് അയാള്‍ക്ക് നല്‍കേണ്ടതുണ്ട്. കഴിയുമെങ്കില്‍ സെയില്‍സ് മാനേജര്‍ക്ക് താഴെ വരുന്ന എക്‌സിക്യുട്ടീവുകളെ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ തെരഞ്ഞെടുക്കുക. കൂടുതല്‍ ഉത്തരവാദിത്തബോധവും ഓണര്‍ഷിപ്പും നല്‍കാന്‍ അത് ഉപകരിക്കും. ഇതിനെല്ലാം ചേര്‍ത്ത് ഒരു മാസത്തില്‍ കൂടുതല്‍ സമയം എടുക്കരുത്. കൂടുതല്‍ സമയമെടുക്കുന്നത് ടീമിന്റെ ആത്മവിശ്വാസത്തേയും കെട്ടുറപ്പിനേയും ബാധിക്കും. ടീം സെലക്ഷന്‍ പൂര്‍ത്തിയായാല്‍ ഉല്‍പ്പന്നം, ഉല്‍പ്പാദനം, മത്സരം, പുതിയ രീതികള്‍ എന്നിവയെക്കുറിച്ചൊക്കെ ആഴത്തില്‍ പ്രതിപാദിക്കുന്ന ഒരു പ്രാക്ടിക്കല്‍ ട്രെയിനിംഗ് നിര്‍ബന്ധമാണ്. കമ്പനിയെക്കുറിച്ചും അതിന്റെ ഉല്‍പ്പന്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഒപ്പം ടീമംഗങ്ങള്‍ തമ്മില്‍ ഒത്തൊരുമയുണ്ടാകാനും ഇത്തരം ട്രെയിനിംഗുകള്‍ സഹായിക്കും.

റിസള്‍ട്ട് എങ്ങനെ അറിയാം?


പല ബിസിനസുകാരും റിക്രൂട്ട് ചെയ്താല്‍ പിറ്റേദിവസം മുതല്‍ റിസള്‍ട്ട് ആഗ്രഹിക്കുന്നവരാണ്. പക്ഷേ, വ്യക്തമായ ട്രെയി
നിംഗ്, സപ്പോര്‍ട്ട് എന്നിവ കൊടുത്താല്‍പോലും മൂന്നുമാസമെങ്കിലും കഴിയാതെ ഒരു സെയില്‍സ് ടീമിനെ അളക്കരുത്. മൂന്നുമാസം മുതല്‍ ആറുമാസം വരെയുള്ള (ഇന്‍ഡസ്ട്രി അനുസരിച്ച് വ്യത്യാസപ്പെടാം) കാലം ഒരു ചെടി നട്ടുനനയ്ക്കുന്ന പോലെ തങ്ങളുടെ ടീമിനെ കരുത്തുറ്റതാക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയാണ് വേണ്ടത്. ആഴ്ചതോറുമുള്ള കണ്‍സ്ട്രക്ടീവ് റിവ്യുകള്‍ അതില്‍ പ്രധാനമാണ്. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍, സെയില്‍സ് ടീമില്‍ നിന്നുതന്നെ വരുത്താന്‍ ശ്രദ്ധിക്കുക. 

അവരുടെ അഭിപ്രായങ്ങള്‍ക്കും വില കൊടുക്കുക. കൂടുതല്‍ ഉത്തരവാദിത്തങ്ങളും പവറും ഏല്‍പ്പിച്ചുകൊടുക്കുക. ആറുമാസം കഴിയുമ്പോഴേക്കും തങ്ങളുടെ സ്വന്തം ബിസിനസ് ആണെന്ന് തോന്നല്‍ അവരിലുളവാക്കുക. ഒരുപക്ഷേ ജീവിതാവസാനം വരേക്കും അവര്‍ നിങ്ങളോടൊപ്പം ഉണ്ടായേക്കാം. തെറ്റുകള്‍ കണ്ടാല്‍ തിരുത്താനും, അവര്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നു കൊടുക്കാനുമെല്ലാം നിരന്തരമായ ഇടപെടലുകളും ആവശ്യമാണ്. അതിനുശേഷം ഇന്‍സെന്റീവ്‌സ്, കമ്മീഷന്‍ എന്നിവയൊക്കെ ശാസ്ത്രീയമായി വികസപ്പിച്ചെടുത്ത് കൂടുതല്‍ പ്രൊഫഷണലൈസ് ചെയ്യാവുന്നതാണ്.

നമ്മളില്‍ പലരും പ്രിന്‍സിനെപ്പോലെയാണ്. അനാവശ്യമായ കാര്യങ്ങള്‍ക്കുവേണ്ടി സമയവും പണവും ചെലവഴിച്ചുകൊണ്ടേയിരിക്കും. ഇനിയെങ്കിലും ഒരു നല്ല ടീം വാര്‍ത്തെടുക്കാനായി അല്‍പ്പം സമയവും പണവും മാറ്റിവയ്ക്കൂ....ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തൂ...

നിങ്ങള്‍ ബിസിനസിന് അകത്തോ, പുറത്തോ?


രു ചെറിയ സ്‌റ്റേഷനറി കട നടത്തുന്ന, അച്ഛന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹം വളരെ ഊര്‍ജ്ജസ്വലനും നല്ല കാര്യപ്രാപ്തിയുള്ള ആളുമാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ കാര്യങ്ങള്‍ മുന്‍കൈ എടുത്തു ചെയ്യുന്ന ഒരാള്‍. പക്ഷെ, നാട്ടിലെ മിക്ക പരിപാടികളിലും ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കാറില്ല. കടയടച്ചു പോന്നാല്‍ 'ശരിയാവില്ല' എന്നതുതന്നെ കാരണം. മുമ്പ് ഒരു തവണ കട, അസിസ്റ്റന്റ് സാഗറിനെ ഏല്‍പ്പിച്ചു പോന്നതിന്റെ കഥ ഇപ്പോഴും അദ്ദേഹം പറയും. തെറ്റി എടുത്തുകൊടുത്തത് 800 രൂപയുടെ സാധനങ്ങള്‍, കാണാതായത് വേറെ 650 രൂപയോളം. പിന്നെ കണക്കെഴുത്ത് തെറ്റിയതിലൂടെ വേറെയൊരു 1200 രൂപയും. അതോടെ ഇത്രയും മൂല്യമെങ്കിലും ഉള്ള പരിപാടികള്‍ വന്നാലേ കടയടച്ചിടുന്ന (സാഗറിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ!) പ്രശ്‌നം ഉദിക്കുന്നുള്ളൂ എന്ന് കക്ഷി തീരുമാനി ച്ചു. പ്രതാപന്‍ എന്ന് പേരുള്ള വേറൊരു പരിചയക്കാരനുണ്ട്. അദ്ദേഹത്തിന് ആഫ്രിക്കയിലേക്ക് തുണി കയറ്റി അയക്കുന്ന ബിസിനസാണ്. ഒപ്പം രണ്ട് ചെമ്മീന്‍കെട്ടും മൂന്നാറില്‍ ഒരു ഫാം ഹൗസുമുണ്ട്. കോടികളുടെ വരുമാനമുള്ള ശരിക്കും ഒരു പ്രതാപന്‍! ഇദ്ദേഹമാകട്ടെ നല്ല വെള്ള ജുബ്ബയും മുണ്ടും കയ്യില്‍ ഒരു 'ടിസോട്ട്' വാച്ചും കെട്ടി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാകും. ഒരുകാലത്ത് എന്നെ ഏറെ കുഴക്കിയിരുന്ന ഒരു ചോദ്യമായിരുന്നു അത്! ചില ബിസിനസുകാര്‍ വളരെ 'ബിസി'യും മറ്റു ചിലര്‍ വളരെ 'ഫ്രീ'യും ആകുന്നതെങ്ങനെ?

അകത്തും പുറത്തും

ബിസിനസുകളെ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് ഈ ചോദ്യവും ഉത്തരവും കൂടുതല്‍ സ്പഷ്ടമായത്. റോബര്‍ട്ട് കയോസാക്കി പറയുന്നതുപോലെ, നിങ്ങളില്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മുന്നോട്ട് പോകുന്നില്ലെങ്കില്‍, നിങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്കുവേണ്ടി ജോലിയെടുക്കുന്നത്. ഒരു ട്രെയിനറെയോ, ഡോക്ടറേയോ 
പോലെ അത് ഒരുതരം സെല്‍ഫ് എംപ്ലോയ്‌മെന്റാണ്. ഇന്ന് ജോലിചെയ്താല്‍ പ്രതിഫലം ഇല്ലെങ്കില്‍ ഇല്ല എന്ന അവസ്ഥ.

ഇത്തരം ഒരു അവസ്ഥയെ ബിസിനസ് എന്ന് വിളിക്കാനേ സാധ്യമല്ല. അതുകൊണ്ടു തന്നെ അച്ഛന്റെ ആ സുഹൃത്ത് ചെയ്യുന്നത് വെറുമൊരു സെല്‍ഫ് എംപ്ലോയ്‌മെന്റും എന്‍ഗേജ്‌മെന്റുമാണ്. ഇത്തരക്കാര്‍ ചെയ്യുന്നത് ബിസിനസ് ആണെന്ന തെറ്റിദ്ധാരണയില്‍ ജീവിതം മുഴുവന്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഹോമിക്കുകയാണ്. ചെറിയ കച്ചവടക്കാരില്‍ മാത്രമല്ല, അല്‍പ്പസ്വല്‍പ്പമൊക്കെ നല്ല രീതിയില്‍ സ്ഥാപനം വികസിപ്പിച്ചെടുത്തവരിലും ഈ 'അസുഖം' കാണാറുണ്ട്. പര്‍ച്ചേസും സ്റ്റോക്കും എക്കൗണ്ട്‌സും സെയില്‍സും എല്ലാം ഒറ്റയ്ക്ക് ചെയ്ത് 'സന്തോഷ് പണ്ഡിറ്റാ'കാന്‍ ശ്രമിക്കുന്നവര്‍ ഏറെ. ഇവരെല്ലാം ബിസിനസിന് അകത്താണ്!

ബിസിനസുകാര്‍ 'പണ്ഡിറ്റ്' ആകുമ്പോള്‍

എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ബിസിനസുകാര്‍ ഒന്നും ശരിയായി ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഓരോന്നും ചെയ്യാന്‍ കഴിവുള്ള, വിശ്വസ്തരായ ആളുകളെ കണ്ടെത്തി ഏല്‍പ്പിച്ചു കൊടുക്കുന്നിടത്താണ് ബിസിനസ് മാനേജ്‌മെന്റിന്റെ വൈദഗ്ദ്ധ്യം കാണിക്കേണ്ടത്. അല്ലാതെ എല്ലാം സ്വയം ചെയ്താലേ ശരിയാകൂ എന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ട് കൂവിയാര്‍ക്കുന്ന ഇത്തരക്കാര്‍, അതിനേക്കാള്‍ മോശമായാണ് ഒരു ബിസിനസ് നടത്തുന്നതെന്ന് മനസിലാക്കുന്നേയില്ല. അവര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

സ്റ്റാഫ് നമ്മളെ പറ്റിക്കുമോ?

ഇത്തരം 'പണ്ഡിറ്റു'മാര്‍ സ്ഥിരം പറയുന്ന ഒരു അനുഭവകഥയുണ്ട്. ഏതെങ്കിലും ഒരു സ്റ്റാഫ് പറ്റിച്ചുകടന്നുകളഞ്ഞ കഥ! എങ്ങനെ, എന്തുകൊണ്ട് പറ്റിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ? ഒരുകാര്യം വ്യക്തമായി മനസിലാക്കിയേ പറ്റൂ. നമ്മള്‍ അനുവദിച്ചുകൊടുക്കാതെ നമ്മളെയാര്‍ക്കും പറ്റിക്കാന്‍ സാധ്യമല്ല. സ്റ്റാഫ് എന്തു ചെയ്യുന്നുവെന്നും ഷോപ്പില്‍ എത്ര സ്റ്റോക്കുണ്ടെന്നും കാഷുണ്ടെന്നും, എത്ര ക്രെഡിറ്റ് കൊടുത്തിട്ടുണ്ടെന്നും ഒന്നും വ്യക്തമായി അറിയാന്‍ സംവിധാനമില്ലാതെ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത് തെരുവില്‍ ഒരു സ്വര്‍ണാഭരണം അലക്ഷ്യമായി വലിച്ചെറിയുന്നതിന് സമാനമാണ്. ആരെങ്കിലും എടുത്തുകൊണ്ടുപോ കുമെന്ന് തീര്‍ച്ച. വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ശരിയായി വികസപ്പിച്ചെടുത്ത റിപ്പോര്‍ട്ടുകളും സാങ്കേതികവിദ്യയുടെ സഹായവും കൂടിയാകുമ്പോള്‍ ഒരാള്‍ക്കും ആരെയും പറ്റിക്കാന്‍ കഴിയാതെ വരും. പക്ഷെ ഇത്തരം 'സിസ്റ്റം' വികസിപ്പിച്ചെടുക്കാന്‍ ഒരു നല്ല മാനേജ്‌മെന്റ് വിദഗ്ധന്റെ സഹായം വേണ്ടിവന്നേക്കാം.

എങ്ങനെ ബിസിനസിന് പുറത്തേക്ക് കടക്കാം?

എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്ത് ഒരു യാത്രപോലും പോകാന്‍ പറ്റാത്ത രീതിയില്‍ ബിസിനസിന് അകത്ത് കുടുങ്ങിക്കിടക്കുന്നവര്‍ ബിസിനസ് 'സിസ്റ്റമൈസ്' ചെയ്‌തേ മതിയാകൂ. ഓരോ ജോലിക്കാരനും വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് പൂര്‍ത്തിയാക്കിയോ എന്ന് ഉറപ്പുവരുത്താനുള്ള റിപ്പോര്‍ട്ടിംഗ് രീതികളും വികസിപ്പിച്ചെടുക്കുക. ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം തേടാമെങ്കില്‍ വളരെ നന്ന്. പക്ഷെ നമുക്കാവശ്യമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അനാലിസിസുകളും ഉള്ള സോഫ്റ്റ്‌വെയറാണെന്ന് ഉറപ്പുവരുത്തണം. ഇതിനൊക്കെ ഒരുപാട് പണം വേണ്ടേ എന്നതാണ് പലരുടേയും വേവലാതി. പല ചെറിയ സോഫ്റ്റ്‌വെയറുകളും ഇന്ന് വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. മാത്രമല്ല, ഇനി വില കൂടിയ സോഫ്റ്റ്‌വെയറുകളാണെങ്കില്‍ തന്നെ, നിങ്ങള്‍ ലാഭിക്കുന്ന സമയത്തിന്റെ വിലയോളം വരില്ല അത്. കാര്യങ്ങള്‍ പ്രൊഫഷണലാകുമ്പോള്‍, ജീവനക്കാരില്‍ പലര്‍ക്കും അതിനോടൊപ്പം എത്താനുള്ള കഴിവോ മനോഭാവമോ ഉണ്ടായെന്നു വരില്ല. അത്തരക്കാരെ അവര്‍ക്കു കഴിയുന്ന ജോലികളിലേക്ക് ഒതുക്കി നിര്‍ത്തി, കഴിവുള്ളവരുടെ ഒരു ടീം സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. 20 വര്‍ഷം കൂടെയുണ്ടായിരുന്നു എന്ന ഒറ്റകാരണം കൊണ്ട് ഒരാളെ ഓപ്പറേഷന്‍സ് ഹെഡ് ആക്കേണ്ട കാര്യമില്ല. അയാളുടെ കഴിവും മനോഭാവവും അനുയോജ്യമാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, മറ്റേതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക. വളരെ മോശം മനോഭാവവും മാറ്റങ്ങളെ എതിര്‍ക്കുന്നവരുമാണെങ്കില്‍ പതിയെ പറഞ്ഞുവിടുന്നതാകും ഉചിതം. 

നിങ്ങള്‍ക്ക് മാനസികമായി ഒരുപാട് അടുപ്പമുള്ള ഒരാളാണെങ്കില്‍ പറഞ്ഞുവിട്ടിട്ട്, എല്ലാ മാസവും വീട്ടിലേക്ക് ഒരു സംഖ്യ അയച്ചുകൊടുത്താലും തരക്കേടില്ല...! അല്ലെങ്കില്‍ ഇത്തരക്കാര്‍ മൊത്തം ബിസിനസിനേയും ബാധിക്കുന്ന കാന്‍സര്‍ ആയേക്കാം. ഇനി പഴയ പ്രതാപന്‍ ചേട്ടനിലേക്ക് വരാം. അതെ, അദ്ദേഹം ഇത്തരത്തില്‍ ബിസിനസിനു പുറത്തുകടന്ന ആളാണ്. രാവിലെയും വൈകിട്ടും സ്മാര്‍ട്ട് ഫോണില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പര്‍ച്ചേസ്, സ്‌റ്റോക്ക്, എക്കൗണ്ട്‌സ്, സെയില്‍സ് എല്ലാം മൊബീല്‍ സ്‌ക്രീനിലുണ്ട്. ആവശ്യമെന്നു തോന്നിയാല്‍ ക്യാമറയില്‍ കാണാനുള്ള സൗകര്യവും ചെയ്തിരിക്കുന്നു. എല്ലാ ബിസിനസിലേയും ഒരു മേലുദ്യോഗസ്ഥനോട് മാത്രമേ ദിവസേനയുള്ള ആശയവിനിമയം ഉള്ളൂ. അതും അത്യാവശ്യങ്ങള്‍ക്ക് മാത്രം. ആഴ്ചയില്‍ ഒരുതവണ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തി റിവ്യൂ ചെയ്യും...ബാക്കി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാവുകയും ചെയ്യും.

ഇങ്ങനെയാണ് ബിസിനസിന് പുറത്തേക്ക് കടക്കുന്നത്. ബിസിനസ് ഒരു വലിയ വനം പോലെയാണ്. വനത്തിനകത്താണെങ്കില്‍, പുറകില്‍ മറഞ്ഞു നില്‍ക്കുന്ന പുലിയെ പോലും നമ്മള്‍ കണ്ടില്ലെന്നു വരാം. വനത്തിന് മുകളിലൂടെ ഒരു ഹെലികോപ്റ്ററില്‍ പറക്കുകയാണ് വേണ്ടത്. മരവും മൃഗങ്ങളും പുഴയും എല്ലാം കണ്ടും നിരീക്ഷിച്ചും വ്യക്തമായ ഒരു രൂപരേഖയുണ്ടാക്കാം. എങ്കില്‍ ഇനി വൈകേണ്ട! 

ഉടനെ പുറത്തുകടന്നോളൂ.... സ്മാര്‍ട്ടായിക്കോളൂ.....