Showing posts with label ar ranjith management consultant. Show all posts
Showing posts with label ar ranjith management consultant. Show all posts

Tuesday, November 1, 2016

കയ്യില്‍ കാശില്ലാതെ ബിസിനസ് തുടങ്ങാമോ?

സുധീഷ്, ഋഷി, സാജിദ്, ഫിലിപ്പ്, മനോജ്...പേരും ഊരും പലതാണെങ്കിലും കഴിഞ്ഞ 2 മാസത്തിനുള്ളില്‍ ഒരേ ആവശ്യവുമായി എന്നെ വിളിച്ചവരാണ് ഇവര്‍. ''സാറേ, ഒരു നല്ല ബിസിനസ് ഐഡിയ കയ്യിലുണ്ട്. പക്ഷേ കയ്യില്‍ പണമില്ല. മുന്നോട്ടു കൊണ്ടു പോകാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?'' ഇതായിരുന്നു ആവശ്യം!

ഒരുപക്ഷേ, കേരളസമൂഹത്തെയാകമാനം കുഴയ്ക്കുന്ന ചോദ്യമായിരിക്കുമിത്. 'കയ്യില്‍ കാശില്ലാതെ ബിസിനസ് ചെയ്യാമോ?' 60 % ആളുകളുടെ മനസിലെങ്കിലും ഒരു ബിസിനസുകാരനാകണം എന്ന ആഗ്രഹമുണ്ട്. എന്നാല്‍ തറവാട്ടില്‍ നല്ല ആസ്തിയില്ലെങ്കില്‍ പറ്റിയ പരിപാടിയല്ല ബിസിനസ് എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ് ഭൂരിഭാഗം പേരും. അതുകൊണ്ടുതന്നെ ഏതെങ്കിലും 'എംപ്ലോയ്‌മെന്റു'മായി ഒതുങ്ങിക്കൂടുന്നു. മറ്റുള്ളവര്‍ക്കു വേണ്ടിയാണ് തങ്ങളുടെ സമയവും അധ്വാനവും വിനിയോഗിക്കുന്നത് എന്നറിയാതെ ജീവിതം മുഴുവന്‍ 'ജോലിക്കാരനാ'യി തുടരുന്നു. മറ്റു ചിലര്‍, തങ്ങളുടെ കഴിവുകളുപയോഗിച്ച് സ്വന്തം അധ്വാനവും സമയവും തങ്ങള്‍ക്കു വേണ്ടിത്തന്നെ ഉപയോഗിക്കുന്നു. ഡോക്ടര്‍മാര്‍, ട്രെയിനര്‍മാര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി പല ജോലികളും ഇത്തരം സെല്‍ഫ് എംപ്ലോയ്‌മെന്റിന് ഉദാഹരണങ്ങളാണ്. കേരളത്തിലെ പല ബിസിനസുകാരും യഥാര്‍ഥത്തില്‍ ചെയ്യുന്നത് സെല്‍ഫ് എംപ്ലോയ്‌മെന്റാണ്, കാരണം, അവരുടെ സ്വന്തം അധ്വാനമില്ലെങ്കില്‍, ബിസിനസിന് അധോഗതി തന്നെയാണ്. 'എംപ്ലോയീസും' 'സെല്‍ഫ് എംപ്ലോയീസും' കാലം കുറേ കഴിയുമ്പോള്‍ കുറച്ച് സ്വത്ത് സമ്പാദിക്കുകയും (മിക്കവാറും റിട്ടയര്‍ ചെയ്യുമ്പോഴേക്കും!) അങ്ങനെ 'ഇന്‍വെസ്റ്റേഴ്‌സ്' ആയി മാറുകയും ചെയ്യും. 

നിങ്ങളുടെ പണം നിങ്ങള്‍ക്കു വേണ്ടി 'വര്‍ക്ക്' ചെയ്യുമ്പോഴാണ് നിങ്ങള്‍ ഒരു ഇന്‍വെസ്റ്റര്‍ ആകുന്നത്. പലര്‍ക്കും ഇത് ജീവിതത്തിന്റെ സായംസന്ധ്യയില്‍ മാത്രം തോന്നുന്ന ഒരു കാര്യമാണ്. ഈ 'തോന്നല്‍' അതായത് ഇന്‍വെസ്റ്റ് ചെയ്യണമെന്ന ഈ 'തോന്നലാണ്' എന്നെ വിളിച്ച് ബിസിനസ് ഐഡിയകള്‍ പറഞ്ഞവരൊക്കെ ഉപയോഗപ്പെടുത്തേണ്ടത്. അതെ, നമുക്കു ചുറ്റും പണം ഇന്‍വെസ്റ്റു ചെയ്യാനും അതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചു ജീവിക്കാനുമാഗ്രഹിക്കുന്ന ലക്ഷോപലക്ഷം പേരുണ്ട്. അവരുടെ പണമാണ് ഒരു യഥാര്‍ത്ഥ ബിസിനസുകാരന്‍ ഉപയോഗിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ബിസിനസുകാരനും ഇന്‍വെസ്റ്ററും പരസ്പര പൂരകങ്ങളാവുന്നു. OPM (Other People's Money), OPT (Other People's Time) എന്നീ ഘടകങ്ങളെക്കുറിച്ച് ബിസിനസിന്റെ അടിസ്ഥാന തത്വങ്ങളില്‍ പോലും പ്രതിപാദിക്കുന്നുണ്ട്. മറ്റുള്ളവരുടെ പണം, സമയം എന്നിവ ഉപയോഗിക്കുമ്പോഴാണ് ബിസിനസ് നിങ്ങള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തിലും വലുതായും വളര്‍ത്താന്‍ കഴിയുന്നത്. അതിനാല്‍, ഇനി മുതല്‍ കയ്യില്‍ കാശില്ലെന്നു കരുതി വിഷമിക്കാതിരിക്കുക. 'പണം' നിങ്ങള്‍ക്കു ചുറ്റുമുണ്ട്. അത് കണ്ടുപിടിക്കുക മാത്രം ചെയ്താല്‍ മതി.

പണം എങ്ങനെ കണ്ടുപിടിക്കാം?! 

നമുക്കു ചുറ്റുമുള്ള ഈ പണം കണ്ടു പിടിക്കുന്നതും ലളിതമാണ്. നിങ്ങള്‍ക്കറിയാവുന്ന എല്ലാ സുഹൃത്തുക്കളുടേയും പേര് എഴുതുക. അത് പത്തോ നൂറോ ആയിരമോ ആകട്ടെ...! ഫേസ്ബുക്കും വാട്‌സ് ആപ്പുമൊക്കെയുള്ള ഈ കാലത്ത് അത് ഇതിലും കൂടാനാണ് സാധ്യത. ഇവരാണ് നമ്മുടെ ആദ്യത്തെ 'പ്രോസ്‌പെക്റ്റിവ് ഇന്‍വെസ്റ്റേഴ്‌സ്'! ഇവരെ സമീപിക്കുന്നതിനു മുമ്പായി നിങ്ങളുടെ ബിസിനസ് ഐഡിയ ഒരു 'ബിസിനസ് പ്ലാന്‍' ആക്കി മാറ്റുക. നിങ്ങളുടെ പ്രൊഡക്റ്റ്‌സ്, സര്‍വീസസ്, മാര്‍ക്കറ്റ്, ടാര്‍ജറ്റ് ഓഡിയന്‍സ്, ഓര്‍ഗനൈസേഴന്‍ സ്ട്രക്ചര്‍, കാഷ് ഫ്‌ളോ എന്നിങ്ങനെ എല്ലാം വ്യക്തമായി നിര്‍വ്വചിച്ച ഒരു റിപ്പോര്‍്ട്ട് ആയിരിക്കണം അത്. ഒരു പ്രൊഫഷണലിന്റെ സഹായം ഇതിനായി ഉപയോഗിക്കുന്നത് നന്നായിരിക്കും. ഈ റിപ്പോര്‍ട്ടും ഒരു പ്രസന്റേഷനുമായി വേണം ഇന്‍വെസ്റ്റേഴ്‌സിനെ സമീപിക്കാന്‍. ബിസിനസ് ഐഡിയ നന്നായി അവതരിപ്പിക്കാന്‍ കഴിയുന്നവരേയും കൂടെ കൂട്ടിക്കോളൂ. ഇന്‍വെസ്റ്റേഴ്‌സിന് എന്ത് ലാഭം നല്‍കാന്‍ കഴിയുമെന്നും വരും നാളുകളില്‍ ഈ ബിസിനസിന്റെ സ്‌കോപ്പ് എന്താണെന്നും വ്യക്തത നല്‍കാന്‍ ഈ മീറ്റിങ്ങിലൂടെ കഴിയണം. ബാങ്ക് ഇന്ററസ്റ്റ് റേറ്റിനേക്കാള്‍ വരുമാനവും പണത്തിന്റെ സുരക്ഷയും ഉറപ്പുവരുത്താനായാല്‍ ഒരു സാധാരണക്കാരന്‍ ഇന്‍വെസ്റ്ററാകുമെന്ന് തീര്‍ച്ച. നിങ്ങളുടെ ടീമില്‍ നല്ല പ്രൊഫഷണലുകള്‍ കൂടിയുണ്ടെങ്കില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവരുടെ ആത്മവിശ്വാസം കൂടും.

നല്ല രീതിയില്‍, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോ യാല്‍ ആദ്യ 25 പേരെ കാണുമ്പോഴേക്കും ആവശ്യത്തിനു ഫണ്ട് വന്നു കഴിഞ്ഞിരിക്കും. താല്‍പ്പര്യമില്ല എന്ന് പറയുന്നവരില്‍ നിന്ന് ഒന്നോ രണ്ടോ റഫറന്‍സ് വാങ്ങി അവരെ പോയി കാണാനും മറക്കരുത്. ഒരു കാര്യം വ്യക്തമായി മനസിലാക്കുക. നിങ്ങള്‍ക്കും അവര്‍ക്കും ഒരു പോലെ പ്രയോജനകരമായ ഒരു കാര്യത്തിനാണ് ഈ മീറ്റിങ്ങുകള്‍. ഇവരെ പാര്‍ട്ണര്‍മാരായോ, ഡയറക്ടര്‍മാരായോ അല്ലെങ്കില്‍ ഡിബന്‍ച്വറുകള്‍ വഴി ഇന്‍വെസ്റ്റര്‍മാരായോ അതുമല്ലെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ ലെന്റര്‍മാരായോ കണക്കാക്കാവുന്നതാണ്. 

ഇതൊക്കെ നടക്കുമോ?

'ഇതൊക്കെ നടക്കുമോ?' എന്ന് ഇനിയും സംശയിക്കുന്നവരോട് പാലക്കാട് എന്‍ജിനീയറിംഗിനു പഠിച്ചിരിന്ന 2 വിദ്യാര്‍ഥികളുടെ ഉദാഹരണമാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. 100 പേരുടെ ലിസ്റ്റ് തയ്യാറാക്കി നാലു പേരെ കണ്ടപ്പോഴേയ്ക്കും ഫണ്ട് കണ്ടെത്തിയ അവര്‍, ഇന്ന് കേരളത്തിലെ ഒരു വലിയ ഹെര്‍ബല്‍ ബ്രാന്‍ഡിന്റെ ഉടമകളാണ്.
ഫണ്ട് ഇല്ലെന്നു പറഞ്ഞ് ബിസിനസ് തുടങ്ങാതിരിക്കുന്നവര്‍, ഇരുട്ടില്‍ തപ്പുകയാണ്. നിങ്ങള്‍ക്കു ചുറ്റുമുള്ള പണം കണ്ടെത്താന്‍ ശ്രമിക്കൂ. കേരളത്തിലെ ചെറുകിട ബിസിനസുകാരുടെ ആദ്യ കടമ്പ എളുപ്പത്തില്‍ ചാടിക്കടക്കൂ. ഒരുപാട് ഇന്‍വെസ്റ്റേഴ്‌സ് 'ഐഡിയ'കള്‍ക്കായി കാത്തിരിക്കുന്നുണ്ട്.

ഇതുമാത്രമാണോ വഴി?

ഇത് ആദ്യത്തെ വഴിയാണ്, എളുപ്പമുള്ളതും. ബാങ്ക് ലോണ്‍, മൈക്രോ ക്രെഡിറ്റ്, വെഞ്ച്വര്‍ കാപിറ്റല്‍ എന്നിങ്ങനെ ഒരുപാട് വഴികള്‍ വേറെയുമുണ്ട്. ഒന്നുറപ്പാണ്... കയ്യില്‍ കാശുള്ളവര്‍ പോലും വിദേശനാടുകളില്‍ സ്വീകരിക്കുന്ന വഴിയാണിത്. പണം മാത്രമല്ല, ഇന്‍വെസ്റ്റേഴ്‌സിന്റെ കഴിവുകളും ബന്ധങ്ങളും നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടായേക്കാം.
അപ്പോ, ഇനി കാശില്ലെന്ന് പറയരുത്...! 
'ഐഡിയ പറ...

Monday, June 29, 2015

നല്ല സ്റ്റാഫിനെ കിട്ടാനില്ലേ? വിഷമിക്കേണ്ട...!

കഴിഞ്ഞ മാസം, കേരളത്തിലെ ഒരു മുന്‍നിര ബിസിനസുകാരനെ പരിചയപ്പെടാനിടയായി. ഹാര്‍ഡ്‌വെയര്‍, ഗ്രോസറി, റിസോര്‍ട്ട്, പ്ലാസ്റ്റിക് കമ്പനി എന്നിങ്ങനെ വിവിധ ബിസിനസുകള്‍ ചെയ്തു പോന്നിരുന്ന ആളാണ് അദ്ദേഹം...പക്ഷേ, ചോദിച്ചറിഞ്ഞു വന്നപ്പോഴാണ് ഇപ്പോള്‍ ഒന്നും ചെയ്യാതെ പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കുകയാണ് എന്ന് മനസ്സിലായത്!

നുഷ്യരായ മനുഷ്യരെല്ലാം ബിസിനസ് ഒന്നു ക്ലച്ചു പിടിക്കാന്‍ പരക്കം പായുന്ന ഈ കാലത്ത് എന്തേ അങ്ങനെ തോന്നാന്‍ എന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ ലേഖനമെഴുതാന്‍ എന്റെ പ്രചോദനം! ''കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓരോന്നും ഏല്‍പ്പിച്ചു കൊടുക്കാന്‍ പറ്റിയ ആളിനെ തിരയുന്നു. ഒറ്റയ്ക്ക് ഓടി മടുത്തു. ആരെയും കിട്ടിയില്ല. എന്നാല്‍ പിന്നെ പൂട്ടിക്കെട്ടാമെന്നു വച്ചു!'' തന്റെ ചോരയും നീരും കൊടുത്തു വളര്‍ത്തി വലുതാക്കിയ ബിസിനസ് ഒന്നുമല്ലാതായി പോയതിന്റെ നിരാശ ആ മുഖത്ത് കാണാമായിരുന്നു. ഇത് ഇദ്ദേഹത്തിന്റെ മാത്രം ആശങ്കയല്ല. ഒട്ടുമുക്കാല്‍ ബിസിനസുകാരും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. പക്ഷേ ഇതിനു വ്യക്തമായ പരിഹാര മാര്‍ഗ്ഗങ്ങളുമുണ്ട്.

മലയാളിയുടെ മായാജാലം!

മറ്റ് ഏതൊരു വര്‍ഗവുമായി തട്ടിച്ചു നോക്കിയാലും മലയാളികള്‍ പൊതുവേ കഴിവ് ഒരല്‍പ്പം കൂടുതലുള്ളവരാണ്. മിക്ക മള്‍ട്ടി നാഷണല്‍ കമ്പനികളുടേയും തലപ്പത്ത് ഒരു മലയാളിയെങ്കിലുമുണ്ടാകും. ഗള്‍ഫ് ഉണ്ടായതു തന്നെ മലയാളി ഉള്ളതു കൊണ്ടാണ്! നമ്മുടെ പൊതു വിജ്ഞാനം, രാഷ്ട്രീയ-സാമൂഹ്യബോധം, ജീവിതരീതി... ഇവയൊക്കെ മറ്റു പലരേക്കാളും ഉന്നത നിലവാരത്തിലുമാണ്. എന്നിട്ടുമെന്തേ നമുക്ക് നല്ല സ്റ്റാഫിനു പഞ്ഞം?

പലരും പറയുന്നത് 'മലയാളി സ്വന്തം നാട്ടില്‍ ഒരു പണിയുമെടുക്കില്ല, എന്നാല്‍ അന്യനാട്ടില്‍ പോയി എന്തു ചെയ്യാനും തയ്യാറാകുന്നു' എന്നാണ്. പക്ഷേ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നും മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ മലയാളികള്‍ എങ്ങനെ വെന്നിക്കൊടി പാ റിക്കുന്നു എന്നും മനസിലാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ  ഈ പ്രശ്‌നത്തിന് ഉത്തരമായി.
ഒരു നല്ല ജോലിഎന്താണ് ഒരു നല്ല ജോലി അഥവാ എന്തുകൊണ്ട് നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാനിഷ്ടപ്പെടുന്നു എന്ന വിഷയത്തില്‍ ഒരു സര്‍വേ നടത്തിയപ്പോള്‍ അവര്‍ പറഞ്ഞ കാരണങ്ങള്‍ ഇതൊക്കെയാണ്. 
1.     ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളും തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും
2.     ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
3.     നല്ല അന്തരീക്ഷം (ജോലിയില്‍)
4.     പ്രചോദനം തരുന്ന മാനേജ്‌മെന്റ്
5.     പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം
6.     കരിയര്‍ ഉയര്‍ച്ചയ്ക്കുള്ള സാധ്യതകള്‍
    ഈ ആറു കാര്യങ്ങളെയും സൂക്ഷ്മമായി പഠിച്ചാല്‍ ഇനി ഒരു മലയാളി ബിസിനസുകാരനും നല്ല സ്റ്റാഫില്ലെന്ന കാരണത്താല്‍ ബിസിനസ് നിര്‍ത്തേണ്ടി വരില്ല.

ഉത്തരവാദിത്തം, സ്വാതന്ത്ര്യം

സ്റ്റാഫിന് ഉത്തരവാദിത്തമില്ല എന്ന് പറയുന്നവരാണ് അധികവും. പക്ഷേ എന്തൊക്കെയാണ് അവരുടെ ഉത്തരവാദിത്തങ്ങള്‍ എന്നും പരിധി എന്താണെന്നും അവരില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്താണെന്നും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടോ? ഇനി ഉണ്ടെങ്കില്‍ തന്നെ ഇതിനെ ആസ്പദമാക്കി ആഴ്ച തോറും റിവ്യു നടത്താറുണ്ടോ? ഇല്ലെങ്കില്‍ പ്രശ്‌നം നിങ്ങളുടെ പക്ഷത്താണ്. ചെറിയ കാര്യങ്ങളില്‍ പോലും ഇടപെട്ട്, സ്റ്റാഫിന് തീരുമാനങ്ങളെടുക്കാനോ ഒന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാനോ പോലും സമ്മതിക്കാത്ത ബിസിനസുകാരുമുണ്ട്. ഇത്തരം മൈക്രോ മാനേജ്‌മെന്റ് നിര്‍ത്തിയില്ലെങ്കിലും, സ്റ്റാഫ് നന്നാകുമെന്ന പ്രതീക്ഷ വേണ്ട.

ശമ്പളം എന്ന കടമ്പ


പലരും ശമ്പളം തീരുമാനിക്കുന്നത് വെറും ഊഹാപോഹങ്ങളുടെ പുറത്താണ്. 'തല്‍ക്കാലം ഒരു 6000 രൂപ കൊടുക്കാം.' എന്നൊക്കെയാണ് ചിന്തകള്‍. മനസ്സില്‍ ഈ 6000 വെച്ചാണ് ഇന്റര്‍വ്യൂകള്‍ നടത്തുന്നത്. അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക് കിട്ടുന്നതും 6000 രൂപയുടെ മൂല്യം തന്നെയായിരിക്കും. നിങ്ങള്‍ക്ക് ചെയ്യാനുള്ള ജോലിയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒരാളെയാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് മനസ്സിലാക്കുക. അത്തരമൊരാള്‍ക്ക് ഇന്‍ഡസ്ട്രി നല്‍കുന്നതിനേക്കാള്‍ ശമ്പളം ഓഫര്‍ ചെയ്യുക. വ്യക്തമായ ടാര്‍ജറ്റുകളിലൂടെയും പ്ലാനുകളിലൂടെയും ബിസിനസ് വര്‍ദ്ധിപ്പിക്കുക. നല്ല ഒരാള്‍ക്ക് നല്ല ശമ്പളം നല്‍കി എടുക്കുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. ആശയവിനിമയം എളുപ്പമാകും. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കാം, കമ്പനി ഇമേജ് വര്‍ദ്ധിക്കുന്നു. മറ്റു സ്റ്റാഫിന് പ്രചോദനമാകുന്നു. ഉയര്‍ന്ന ശമ്പളം കൊടുക്കുന്നതിനാല്‍ മോട്ടിവേഷന്‍ ലെവലും ഉയര്‍ന്നതായിരിക്കും. ഒപ്പം മറ്റു ജോലികള്‍ തേടിപ്പോകാനുള്ള സാധ്യതയും കുറയും.

എന്നാല്‍ ഇത്തരമൊരാളെ കിട്ടുന്നതെങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. 'ഹ്യൂമന്‍ റിസോഴ്‌സസ്' എന്നത് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അത്രയോ അതില്‍കൂടുതലോ പ്രധാനമാണെന്ന് ചിന്തിച്ചാല്‍ മതി. ഓഫീസ് മോടി പിടിപ്പിക്കാനും അനുബന്ധ കാര്യങ്ങള്‍ക്കുമായി വിനിയോഗിക്കുന്നതിന്റെ ഒരു ചെറിയ ശതമാനമെടുത്ത് ഒരു നല്ല പത്രത്തില്‍ അത്യാവശ്യം വലുപ്പത്തില്‍ ഒരു റിക്രൂട്ട്‌മെന്റ് പരസ്യം നല്‍കുക. കമ്പനിയുടെ ഗുണനിലവാരം കാണിക്കുന്ന തരത്തില്‍ ഡിസൈനും ഉള്ളടക്കവും വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന കോളുകള്‍ പ്രൊഫഷണലിസത്തോടെ കൈകാര്യം ചെയ്യുക കൂടി ചെയ്താല്‍ സംഭവം റെഡി! ഇത്തരത്തില്‍ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള 99% സാഹചര്യങ്ങളിലും നല്ല ആളുകളെ ലഭിച്ചിട്ടുണ്ടെന്നതു കൂടി ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.

ഇത്രയും മതിയോ?

ഒരു നല്ല വ്യക്തിയെ നമ്മുടെ കമ്പനിയില്‍ ജോലിക്ക് എടുക്കാന്‍ ഇത്രയും മതി. പക്ഷേ, അയാളെ നില നിര്‍ത്താന്‍ ഇത്രയും പോര! ബിസിനസിന് മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും പ്രൊഫഷണല്‍ രീതികളും വേണം. പുതുതായി വരുന്ന ആള്‍ ഇതെല്ലാം ശരിയാക്കും എന്നു തെറ്റിദ്ധരിക്കരുത്. മിക്കവരും സിസ്റ്റം ഉണ്ടാക്കി പരിചയം ഉള്ളവരാകില്ല, സിസ്റ്റത്തിനുള്ളില്‍ പരിചയം സിദ്ധിച്ചവരായിരിക്കും. അതിനാല്‍ തന്നെ അത് മാനേജ്‌മെന്റിന്റെ കര്‍ത്തവ്യമാണ്. ജോലി ചെയ്യുന്ന സാഹചര്യങ്ങള്‍ നല്ലതാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നല്ല സെയില്‍സ് മാനേജരെ റിക്രൂട്ട് ചെയ്തിട്ട് ഇരിക്കാന്‍ ഒരു കസേരയില്ലാത്തതിന്റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിരിഞ്ഞു പോയ സന്ദര്‍ഭങ്ങളുണ്ട്. (ഏത് കസേരയില്‍ ഇരിക്കണമെന്ന 
നിര്‍ദ്ദേശം പോലും 5 ദിവസമായിട്ടും അദ്ദേഹത്തിന് കിട്ടിയിരുന്നില്ലത്രേ.)

ഗൂഗിള്‍ പോലുള്ള കമ്പനികള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും സ്വന്തമായി പ്രൊജക്ടുകള്‍ ചെയ്യാനും വരെ അവരുടെ സ്റ്റാഫിന് അവസരമൊരുക്കാറുണ്ട്. ഓര്‍ക്കുട്ട് അങ്ങനെ ഉദ്ഭവിച്ച ഒരു പ്രൊഡക്റ്റ് ആണ് എന്നത് നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം. ഇതിനു പകരം നമ്മളില്‍ പലരും സ്റ്റാഫിന്റെ ഉള്ള കഴിവുകളെ അടിച്ചമര്‍ത്താനും അവരെ കൊച്ചു കൊച്ചു ജോലികളില്‍ തളച്ചിടാനുമാണ് ശ്രമിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും പുതിയ പ്രചോദനങ്ങള്‍ നേടാനും അവസരങ്ങളൊരുക്കിയാല്‍ നിങ്ങളുടെ സ്റ്റാഫിന് ബിസിനസിനെ സ്വന്തം ബിസിനസായി കാണാനും അതിനെ വേറൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാനും കഴിയും.

ശരിയായി ഡിസൈന്‍ ചെയ്ത പെര്‍ഫോമന്‍സ് അപ്‌റൈസലും കമ്പനി വളരുന്നതിനൊപ്പം വളരാനുള്ള അവസരങ്ങളുമൊക്കെ ഉണ്ടെങ്കില്‍ 'ഹ്യൂമന്‍ റിസോഴ്‌സസ്' നിങ്ങളുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാവും. തീര്‍ച്ച.

ഒന്നുറപ്പിക്കുക. കേരളം ഒരു വൈര ഖനിയാണ്. അതില്‍ നിന്ന് വൈരക്കല്ലുകള്‍ പെറുക്കിയെടുക്കുക മാത്രം ചെയ്താല്‍ മതി.