Showing posts with label ranjith ar. Show all posts
Showing posts with label ranjith ar. Show all posts

Friday, October 14, 2016

ബിസിനസും പ്രായവും തമ്മില്‍ ബന്ധമുണ്ടോ?

ബിസിനസും പ്രായവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് പറയേണ്ടിവരും. ഇന്ന് വിജയം നേടിയിട്ടുള്ള പഴയ ബിസിനസുകാരുടെ ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി അത് മനസിലാകാന്‍! അവരില്‍ മിക്കവരും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് കൗമാര കാലത്തു തന്നെ ബിസിനസിലേക്ക് ഇറങ്ങിയവരാണ്. പക്ഷേ, ഇടക്കാലത്ത് വെച്ച് നമുക്ക് ആ ശീലം (ഇടയില്‍ വെച്ച് പഠനം നിറുത്തുന്ന ശീലം!) നഷ്ടപ്പെട്ടുപോയി. കാരണം ഇങ്ങനെ ബിസിനസുകാരായി കാശുണ്ടാക്കിയവരില്‍ പലരും തങ്ങളുടെ മക്കള്‍, തങ്ങള്‍ നേടാത്ത വിദ്യാഭ്യാസം നേടണം എന്ന് ആഗ്രഹിച്ചു. അങ്ങനെ യുഎസിലും യുകെയിലും ഉന്നത വിദ്യാഭ്യാസത്തിനായി ആ തലമുറ പറന്നു. അവരൊക്കെ ഇപ്പോള്‍ തിരിച്ചുവന്ന് ബിസിനസ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു.
എന്റെ ഒരു പരിചയക്കാരനുണ്ട്! കേരളത്തില്‍ തന്നെ അറിയപ്പെടുന്ന സാനിറ്ററിവെയര്‍ ഔട്ട്‌ലെറ്റിന്റെ ഉടമയാണ് കക്ഷി. തല്‍ക്കാലം നമുക്ക് പുള്ളിയെ ജോസഫ് എന്നു വിളിക്കാം! പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പിതാവിന്റെ ഹാര്‍ഡ്‌വെയര്‍ ബിസിനസിനെ സഹായിക്കാന്‍ ഇറങ്ങിയതാണ്. പിന്നെ ഇതുവരെ തിരിച്ചു കയറിയിട്ടില്ല. രണ്ട് ആണ്മക്കള്‍….ജോഫിനും ജോനാതനും. ചെറിയ രീതിയില്‍ തുടങ്ങിയ ബിസിനസ് മറ്റു വലിയ എതിരാളികള്‍ ഇല്ലാതിരുന്നതിനാലും ജോസഫേട്ടന്റെ ചില തരികിട നമ്പരുകള്‍ കൊണ്ടും ലാഭത്തിലായി…നാട്ടിലെ പ്രമാണികളില്‍ ജോസഫേട്ടന്‍ മുന്‍നിരയിലെത്തി…പിള്ളാരെ ഈ ‘കക്കൂസ് വില്‍ക്കുന്ന'(അദ്ദേഹത്തിന്റെ ഭാഷയാണ്!) പരിപാടിയില്‍ അദ്ദേഹം തൊടീച്ചില്ല. ജില്ലയിലെ മുന്തിയ സ്‌കൂളില്‍ തന്നെ പഠിപ്പിച്ചു. പറക്കമുറ്റാറായപ്പോള്‍ രണ്ടിനെയും യുകെയിലേക്കും യുഎസിലേക്കും പറപ്പിച്ചു!! ജോസഫേട്ടന്‍ പഴയ സ്‌റ്റൈലില്‍ തന്നെ കച്ചോടം തുടര്‍ന്നു.
ലോറിക്കാരോട് വഴക്കടിച്ചും കമ്പനിക്കാരോട് ഗുസ്തി പിടിച്ചും ജോസഫേട്ടന്‍ കത്തിക്കയറി. ബ്രാഞ്ചുകള്‍ ആറെണ്ണം ജില്ലയുടെ പല ഭാഗങ്ങളില്‍ ഉയര്‍ന്നു. അങ്ങനെയിരിക്കുമ്പോള്‍ അതാ വരുന്നു ജോഫിന്‍…,യുകെയില്‍ നിന്ന്! പിന്നാലെ തന്നെ ജോനാതനും! യുകെയില്‍ കാറ് കഴുകുന്ന ജോലി മാത്രമേ കിട്ടുള്ളൂ എന്ന് മനസിലാക്കിയ ജോഫിന്‍, നാട്ടിലെ ബിസിനസ് താന്‍ പഠിച്ച ബിസിനസ് മാനെജ്‌മെന്റ്‌വെച്ച് പ്രൊഫഷണല്‍ ആക്കിക്കളയാമെന്ന് തീരുമാനിച്ചാണ് വരവ്! ജോഫിന്‍ വരുന്നു എന്നറിഞ്ഞ്, അവസരം കളയണ്ട എന്ന് കരുതിയാണ് യുഎസില്‍ ഹോട്ടല്‍ മാനെജ്‌മെന്റ് പഠിച്ച ജോനാതന്‍ ഇറങ്ങിപ്പുറപ്പെട്ടത്! സംഭവം എന്തായാലും രണ്ടു പേരും നാട്ടിലെത്തി. ജോസഫേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. മക്കള്‍ അടുത്തെത്തിയ ആനന്ദനിര്‍വൃതിയിലായിരുന്നു ജോസഫേട്ടന്‍! ഉന്നത വിദ്യാഭ്യാസം നേടിയ മക്കള്‍ക്ക് തന്നെക്കാള്‍ നന്നായി ബിസിനസ് നോക്കിനടത്താന്‍ കഴിയുമെന്നും പുള്ളി ഉറപ്പിച്ചു. ജോഫിന് പര്‍ച്ചെയ്‌സിന്റെ ചുമതലയും ജോനാതന് സെയില്‍സിന്റെ ചുമതലയും നല്‍കി, ജോസഫേട്ടന്‍ കളി കാണാന്‍ ഗാലറിയില്‍ ഇരുന്നു…സോറി..ഗാലറിയില്‍ നിന്ന് എഴുന്നേറ്റ് ഒരു മാസത്തെ സുഖ ചികിത്സയ്ക്ക് പോയി.
ആദ്യം പൊട്ടിത്തുടങ്ങിയത് ബിസിനസ് മാനെജ്‌മെന്റ് വിദഗ്ധന്‍ ജോഫിന്‍ കൈകാര്യം ചെയ്ത പര്‍ച്ചെയ്‌സിംഗ് തന്നെയായിരുന്നു. ആടിക്കറക്കാനും പാടിക്കറക്കാനും അറിയാമായിരുന്ന ജോസഫേട്ടന്റെ മക്കള്‍ കമ്പനികളെയും അവരുടെ സ്റ്റാഫിനെയും അഭിമുഖീകരിച്ചപ്പോള്‍ മുട്ടിടിച്ചു. ജോസഫേട്ടന് ക്രെഡിറ്റ് കൊടുത്തിരുന്ന പലരും ജോഫിന് അത് നല്‍കാന്‍ തയാറായില്ല. പലതും റെഡി കാഷില്‍ മേടിക്കേണ്ടിവന്നു. കാലങ്ങളുടെ ബിസിനസ് പരിചയമുള്ള ജോസഫേട്ടന് എന്ത് എപ്പോള്‍ വാങ്ങണമെന്ന് മനപാഠമായിരുന്നു. ഇതറിയാത്ത ജോഫിന്‍, മറ്റുള്ളവരുടെ വാക്കുകള്‍ അതേപടി വിഴുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ റെഡി കാഷിന് കോടികളുടെ ഡെഡ് സ്‌റ്റോക്ക് ഉണ്ടാക്കുകയായിരുന്നു ജോഫിന്‍. ഇത് സെയില്‍സിനെയും ബാധിക്കാന്‍ തുടങ്ങി. കസ്റ്റമേഴ്‌സുമായി ഇതുവരെ ഇടപഴകിയിട്ടില്ലാത്ത ജോനാതന്‍ പലരെയും വെറുപ്പിക്കാന്‍ കൂടി തുടങ്ങിയതോടെ വെറും ഒറ്റ മാസം കൊണ്ട് ബിസിനസ് സാമ്രാജ്യത്തിന് വിള്ളല്‍വീണു തുടങ്ങി. സുഖ ചികിത്സ കഴിഞ്ഞുവന്ന ജോസഫേട്ടന്‍ ടാലി തുറന്നു നോക്കി. അന്നായിരുന്നു അദ്ദേഹം മക്കളുടെ വിദ്യാഭ്യാസത്തിന്റെ ‘പൊരുള്‍’ ആദ്യമായി മനസിലാക്കിയത്.
അന്നു രാത്രി, കക്ഷി രണ്ടു മക്കളെയും അടുത്തു വിളിച്ചു. രണ്ടു പേരെയും വെയര്‍ഹൗസില്‍ സൂപ്പര്‍വൈസര്‍മാരാക്കി…അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് തങ്ങളുടെ ജോലി ഇതാണെന്ന് മനസിലാക്കിയ മക്കള്‍ ആദ്യം തളര്‍ന്നു. പിന്നെ, തങ്ങളെ കാത്തിരിക്കുന്ന കോടികളുടെ സൗഭാഗ്യത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ പണിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു പേരും ഹാപ്പിയാണ്. അവരുടെ സമ്പാദ്യത്തിന് വിയര്‍പ്പിന്റെ മണമുണ്ട്. ജോസഫേട്ടന്റെ ബിസിനസിന് ഉയര്‍ച്ചയും!
ഇത് ഒരു ഒറ്റപ്പെട്ട കഥയല്ല. കേരളത്തില്‍ പലയിടത്തും നടക്കുന്ന സംഭവം തന്നെയാണ്. രണ്ട് പ്രധാന കാര്യങ്ങളാണ് ഈ സംഭവകഥ നമ്മെ മനസിലാക്കിത്തരുന്നത് എന്നു തോന്നുന്നു. ഒന്ന്- ബിസിനസിനെ പ്രൊഫഷനല്‍ ആക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. മറ്റൊന്ന് ബിസിനസിലേക്ക് ഇറങ്ങേണ്ട പ്രായത്തെ കുറിച്ചും. പ്രായത്തെ കുറിച്ച് നമുക്ക് കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചു നോക്കാം!
നേരത്തെ പറഞ്ഞ തലമുറയില്‍ (ഇപ്പോള്‍ ഒരു മുപ്പതു വയസൊക്കെ വരുന്ന തലമുറ) പെട്ടവരില്‍ പലരും നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ അടിമകളാണ്. മാതാപിതാക്കള്‍ക്ക് നേടാന്‍ കഴിയാതെ പോയത് മക്കള്‍ക്കു നേടിക്കൊടുക്കണം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നില്‍. പലരും ബ്രിട്ടനിലും യുഎസിലും പോയി എന്താണ് ചെയ്യുന്നതെന്ന് പോലും ആരും അറിയാറില്ല. മാത്രമല്ല യുകെയിലെയൊക്കെ ഏറ്റവും താഴ്ന്ന നിലവാരമുള്ള സ്ഥാപനങ്ങളിലാണ് പലരും ചെന്നു ചാടുന്നത്. അതിനാല്‍ തന്നെ വിദ്യാഭ്യാസപരമായി ഇവര്‍ ഒന്നും തന്നെ നേടുന്നില്ല. വ്യക്തമായ മാനെജ്‌മെന്റ് രീതികളും ഇവര്‍ക്ക് അന്യമാകുന്നു.ഭാവി ബിസിനസ് മക്കളുടെ കയ്യില്‍ ഭദ്രമാണെന്ന് കരുതുന്ന പാവം മാതാപിതാക്കന്മാര്‍ പലരും സത്യാവസ്ഥ മനസിലാക്കുന്നത്, ജോസഫേട്ടന്റെ അനുഭവം വരുമ്പോള്‍ മാത്രമാണ്.
ബിസിനസിന്റെ പള്‍സ് മനസിലാക്കാന്‍ ഒരു പ്ലസ് ടു കഴിയുമ്പോഴെങ്കിലും അതുമായി ബന്ധപ്പെട്ടു തുടങ്ങണം. ഫാമിലി ബിസിനസ് ആണെങ്കില്‍ പാര്‍ട്ട് ടൈം ആയി മക്കളെ ചില ഭാഗങ്ങളിലെങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ മാതാപിതാക്കള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തണം. പത്ത് എംബിഎയ്ക്ക് തുല്യമാണ് ബിസിനസിലുള്ള ഒരു വര്‍ഷത്തെ പ്രായോഗിക പരിചയം എന്നതാണ് സത്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിസിനസ് ഒരു പഠന വിഷയമാക്കണം. സ്‌കൂളുകളില്‍ നിന്നു തന്നെ ബിസിനസ് എന്താണെന്നും, എങ്ങനെയാണെന്നും മനസിലാക്കാനുള്ള അവസരം കുട്ടികള്‍ക്ക് കൊടുത്താല്‍, ഒരുപക്ഷേ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പോലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞേക്കും. അനാവശ്യമായ പല വിഷയങ്ങളും കൊച്ചു പ്രായത്തില്‍ തലയില്‍ കയറ്റിവെയ്ക്കുന്നതിനു പകരം ബിസിനസിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചാല്‍ മതി. ഇതിനു പകരം ഇരുപത്തിയഞ്ച് വയസ് കഴിയുമ്പോഴാണ് നമ്മുടെ നാട്ടില്‍ പലരും ബിസിനസ് എന്ന് കേട്ടു തുടങ്ങുന്നത് തന്നെ. എത്രയും നേരത്തെ ബിസിനസിനെ കുറിച്ചും അതിന്റെ രീതികളെ കുറിച്ചും അറിവ് നേടാന്‍ സാധിക്കുമോ, അത്രയും നല്ലത്. മാത്രമല്ല ഇളംപ്രായത്തില്‍ ബിസിനസിന്റെ ഏറ്റവും പ്രധാന ഘടകമായ ‘റിസ്‌ക് എടുക്കല്‍’ സാധ്യമാണ് താനും! വൈകിയെത്തുന്ന പലര്‍ക്കും റിസ്‌ക് എടുക്കാന്‍ കഴിയാത്തതു മൂലം നഷ്ടപ്പെടുന്ന അവസരങ്ങള്‍ ഏറെയാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉടനെ കാതലായ മാറ്റങ്ങള്‍ വരുമെന്ന പ്രതീക്ഷയൊന്നും വേണ്ട…! അതിന് വേണ്ടി കാത്തുനില്‍ക്കാതെ, വളര്‍ന്നുവരുന്ന കുട്ടികളെ ചെറിയ സമ്പാദ്യ ശീലത്തിലേക്കും കൊച്ചു ബിസിനസുകളിലേക്കും പതിയെ കൈ പിടിച്ചു നടത്താന്‍ നാം ഓരോരുത്തരും മുന്‍കൈ എടുക്കണം. കുറഞ്ഞ പക്ഷം, ബിസിനസ് ഒരു മോശം കാര്യമല്ല എന്നെങ്കിലും പറഞ്ഞു കൊടുക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. എങ്കില്‍ മാത്രമേ നമുക്കും നമ്മുടെ നാടിനും ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാനാകൂ…

Saturday, September 26, 2015

ട്രെയിനിങ്ങിലൂടെ 'സെയില്‍സ്' വര്‍ദ്ധിക്കുമോ?




ട്രെയിനിങ്ങിലൂടെ നിങ്ങള്‍ക്ക് 'സെയില്‍സ്' വര്‍ദ്ധിക്കുമോ? പെട്ടെന്നുള്ള നിങ്ങളുടെ ഉത്തരം 'ഇല്ല' എന്നായിരിക്കും. അതിനുകാരണം 'ട്രെയിനിങ്ങ്' എന്ന പേരില്‍ നടക്കുന്നതില്‍ കൂടുതലും വെറും പ്രഭാഷണങ്ങള്‍ മാത്രമാണ് എന്നതാണ്


ഒരു ട്രെയിനിങ്ങിന്റെ ഫലപ്രാപ്തി എങ്ങനെ അളക്കാം എന്ന് ആലോചി ക്കാം...! കിര്‍ക്ക് 
പാട്രിക് എന്ന മാനേജ്‌മെന്റ് വിദഗ്ധന്‍ ഇതിനായി 4 സ്റ്റെപ്പുള്ള ഒരു ടെക്‌നിക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏതൊരു ട്രെയിനിങ്ങിലും അത് അറ്റന്റ് ചെയ്യുന്നവരുടെ മനോഭാവം, താല്‍പ്പര്യം, ശ്രദ്ധ എന്നിവ പ്രധാനമാണ്. മനോഭാവം വ്യക്തികള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കാം. താല്‍പ്പര്യം പലപ്പോഴും ട്രെയിന്‍ ചെയ്യപ്പെടുന്ന വിഷയത്തിന്റെ പ്രസക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രദ്ധയാകട്ടെ, പലപ്പോഴും ട്രെയിനറിന്റെ കഴിവിനനുസരിച്ച് മാറുകയും ചെയ്യുന്നു. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് ട്രെയിനിങ്ങ് അറ്റന്റ് ചെയ്യുന്ന ഒരാളുടെ മുഖത്ത്, അത് ഫലവത്തായി എന്നതിന്റെ ആ തൃപ്തി കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ നല്ല ഒരു ട്രെയിനിങ്ങ് ഇവാലുവേഷന്റെ ആദ്യപടി, ട്രെയിനിങ്ങ് അറ്റന്റ് ചെയ്തവരെ സൂക്ഷമമായി നിരീക്ഷിക്കലാണ്. നിര്‍ഭാഗ്യവശാല്‍ 'ട്രെയിനര്‍' വേഷം കെട്ടിവരുന്ന പലര്‍ക്കും ട്രെയിനീസിന്റെ മാനസികാവസ്ഥ മനസിലാകാറില്ല. ഇത്തരം ട്രെയിനിങ്ങ് സെഷ
നുകള്‍, അറ്റന്റ് ചെയ്യുന്നവരെ ബോറടിപ്പിക്കും എന്നുമാത്രമല്ല, അവര്‍ക്ക് ട്രെയിനി ങ്ങിനോട് സ്ഥായിയായ വെറുപ്പ് ഉണ്ടാക്കിയെടുക്കുകയും ചെയ്യും.
അടുത്തപടി 'പരീക്ഷ' ആണ്. പരീക്ഷയൊക്കെ സ്‌കൂളില്‍ വച്ച് അവസാനിപ്പിച്ചതല്ലേ എന്ന മനോഭാവം കാരണം 99% ട്രെയിനേഴ്‌സും ട്രെയിനീസും അതിന് മെനക്കെടാറില്ല. എന്നാല്‍ വിഷയം എന്തുതന്നെയായാലും അത് മനസിലാക്കിയോ എന്നറിയാനുള്ള വ്യക്തമായ മാര്‍ഗമാണ് 'ടെസ്റ്റുകള്‍'. ബഹുരാഷ്ട്ര കമ്പനികള്‍ക്കെല്ലാം ഏതൊരു ട്രെയിനിങ്ങിനു ശേഷവും 'ടെസ്റ്റുകള്‍' നിര്‍ബന്ധമാണ്. ടെസ്റ്റ് പാസാകാത്തവര്‍ വീണ്ടും ട്രെയിനിങ്ങ് അറ്റന്റ് ചെയ്യുകയും വേണം. നിങ്ങള്‍ നടത്തുന്നത് എന്ത് ട്രെയിനിങ്ങും ആയിക്കൊള്ളട്ടെ, അതിനോടനുബന്ധിച്ച് ഒരു 'എക്‌സാം' അഥവാ 'ടെസ്റ്റ്' ഇല്ലെങ്കില്‍ ആ ട്രെയിനിങ്ങ് മുഴുവനാകുന്നില്ല.
ടെസ്റ്റ് പാസായതുകൊണ്ട് മാത്രമായോ? പോരാ! അത് ജോലിയില്‍ പ്രാ വര്‍ത്തികമാക്കുകകൂടി ചെയ്യേണ്ടതുണ്ട്. ഇനിമുതല്‍ എല്ലാ റിപ്പോര്‍ട്ടുകളും വൈകിട്ട് 5 മണിക്ക് ഇ മെയില്‍ വഴി അയയ്ക്കണമെന്ന നിര്‍ദേശം ട്രെയിനിങ്ങിലൂടെ നല്‍കിയിട്ടും, അത് പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ എന്തുചെയ്യും? ഇവിടെയാണ് 'ഫോളോ അപ്' ട്രെയിനികളുടെ പ്രസക്തി. ഇതുതന്നെയാണ് കിര്‍ക് 
പാട്രിക് പറയുന്ന മൂന്നാമത്തെ സ്റ്റെപ്പും. ഒരു ട്രെയിനിങ്ങ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഒരു 'ഫോളോ അപ്' ആന്‍ഡ് 'റിവ്യൂ' ഉണ്ടെങ്കില്‍, എന്തുകൊണ്ട് 5 മണിക്ക് റിപ്പോര്‍ട്ടുകള്‍ അയക്കുന്നില്ലെന്ന് മനസിലാക്കാം. അറിയാഞ്ഞിട്ടാണെങ്കില്‍ പഠിപ്പിച്ചുകൊടുക്കാം. 
പ്രായോഗികമല്ലെങ്കില്‍ (പ്രായോഗികമാക്കേണ്ടതാണ്. അതുകൊണ്ടാണല്ലോ ട്രെയിനിങ്ങ് കൊടുത്തത്) റീ ഡിസൈന്‍ ചെയ്യാം. അതല്ല, ആറ്റിറ്റിയൂഡ് പ്രോ ബ്ലം ആണെങ്കില്‍ ഈ പ്രവൃത്തി ചെയ്യുന്നതുകൊണ്ട് അയാള്‍ക്കുള്ള ഗുണവും ചെയ്തില്ലെങ്കില്‍ വരാന്‍ പോകുന്ന ദോഷങ്ങളും പറഞ്ഞുകൊടുക്കാം. പക്ഷെ, മിക്കവാറും സ്ഥലങ്ങളില്‍ ആദ്യത്തെ ട്രെയിനിങ്ങിനുശേഷം സ്ഥാപനത്തിന് പുറത്തുനിന്നോ അകത്തുനിന്നോ ഒരു ഫോളോഅപ്പും ഉണ്ടാകാറില്ല. അതിനാല്‍തന്നെ, ട്രെയിനിങ്ങില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പതിയെ പതിയെ ഇല്ലാതാകുന്നു.
ഇവിടെയും അവസാനിക്കുന്നില്ല ഒരു യഥാര്‍ത്ഥ ട്രെയിനറുടെ റോള്‍. കാരണം, ഒരു യഥാര്‍ത്ഥ ട്രെയിനിങ്ങ് ഉന്നം വയ്ക്കുന്നത് നിങ്ങളുടെ ബിസിനസില്‍/സെയില്‍സിലുള്ള വര്‍ദ്ധന തന്നെയാണ്. യഥാസമയത്ത് റിപ്പോര്‍ട്ടുകള്‍ അയപ്പിക്കുന്നത് അതിന്റെ ഒരു ഭാഗം മാത്രമാണ്. എല്ലാ ദിവസവും സെയില്‍സ് റിവ്യൂ മീറ്റിങ്ങുകള്‍ ഉണ്ടായിരിക്കണം. ഇതിനോടൊപ്പം എല്ലാ മാസവും ഒരു ട്രെയിനറുടെ സാന്നിധ്യത്തില്‍ റിവ്യു നടത്തുന്നതും നന്നായിരിക്കും. എല്ലാ സെയില്‍സ് സ്റ്റാഫിന്റേയും പ്രതികരണങ്ങള്‍ അറിയാനും അവയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും, അതുവഴി സെയില്‍സില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കാണാനുമെല്ലാം ഇത്തരം റിവ്യൂകള്‍ സഹായകരമാകും. ഇതിലൂടെ തീര്‍ച്ചയായും നിങ്ങളുടെ ബിസിനസ് വാല്യു കൂടുകയും ചെയ്യും.
ഒരുകാര്യം തീര്‍ച്ചയാണ്. ഒറ്റ ദിവസത്തെ ഒരു ട്രെയിനിങ്ങ് പ്രോഗ്രാം, ഒരു സിനിമ കാണുന്നതുപോലെയേ ആകുന്നുള്ളൂ. വ്യക്തമായ ഫോളോഅപ്പുകളിലൂടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'ട്രെയിനിങ്ങ് ആന്‍ഡ് റിവ്യൂ' പ്രോഗ്രാം ആണ് വേണ്ടത്. കേരളത്തിലെ ചെറുകിട സ്ഥാപനങ്ങളില്‍ ഇത്തരം ട്രെയിനിങ്ങുകളിലൂടെ ബിസിനസ് 100 ശതമാനമോ അതിനപ്പുറമോ വര്‍ദ്ധിപ്പിക്കാമെന്നതും സത്യം.

Wednesday, March 18, 2015

നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു ബിസിനസ് പ്ലാന്‍


ബാങ്ക് ലോണെടുക്കാന്‍ നിങ്ങള്‍ എങ്ങനെ വേണമെങ്കിലും ബിസിനസ് പ്ലാന്‍ ഉണ്ടാക്കിയെടുത്തോളൂ. പക്ഷെ ബിസിനസ് വിജയിക്കാന്‍ ശരിയായ, ദിശാബോധമുള്ള ബിസിനസ് പ്ലാന്‍ തന്നെ വികസിപ്പിച്ചെടുക്കുക

ബിസിനസ് തുടങ്ങാന്‍ തുനിഞ്ഞിറങ്ങുന്നവരില്‍ പലരും മനസില്‍ പല പ്ലാനുകളുമായാണ് വരുന്നത്. എന്നാല്‍ പലപ്പോഴും മിക്കതിനും ഒരു അടുക്കും ചിട്ടയും കാണാറില്ല. പിന്നെ ബിസിനസ് പ്ലാന്‍ ഉണ്ടാക്കുന്നത്, ബാങ്ക് ലോണ്‍ ആവശ്യം വരുമ്പോഴാണ്. ലോണ്‍ കിട്ടുന്ന രീതിയില്‍ തട്ടിക്കൂട്ടുന്ന ഒരു കടലാസ് കൂമ്പാരം മാത്രമാണ് അത്തരം ബിസിനസ് പ്ലാനുകളില്‍ പലതും. സംരംഭകനോട് ഒന്നു സംസാരിക്കുക കൂടി ചെയ്യാതെ ഇത്തരത്തിലുള്ള ബിസിനസ് പ്ലാനുകള്‍ ഉണ്ടാക്കുന്ന പലരേയും എനിക്കറിയാം. ഇതില്‍ പലതും ലോണ്‍ കിട്ടാന്‍ സഹായകമായേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ബിസിനസ് പ്ലാന്‍ സഹായകരമാകേണ്ടത്, നിങ്ങളുടെ ബിസിനസിനു തന്നെയാണ്. 

ബിസിനസ് പ്ലാന്‍ എങ്ങനെ വേണം?

നിങ്ങളുടെ ബിസിനസിന് ഗുണം ചെയ്യുന്ന ഒരു ബിസിനസ് പ്ലാന്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. താന്‍ ചെയ്യാന്‍ പോകുന്ന ബിസിനസിന്റെ പൂര്‍ണമായ രൂപം മനസില്‍ കാണുകയും അതിനെ അതേപടി കടലാസിലേക്ക് പകര്‍ത്തുകയുമാണ് ചെയ്യേണ്ടത്. ബിസിനസ് ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് 'ലാഭം' ആണെന്നതുകൊണ്ടു തന്നെ, ബിസിനസ് പ്ലാനും ലാഭകരമായിരിക്കണം!

ഒരു 'എക്‌സിക്യുട്ടീവ് സമ്മറി'യില്‍ നിന്നാണ് ബിസിനസ് പ്ലാനുകള്‍ ആരംഭിക്കേണ്ടത്. ഈ ബിസിനസുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്നും, അത് എങ്ങനെയായിരിക്കണെം ഫലത്തില്‍ വരേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങളുടെ ഒരു സംക്ഷിപ്ത രൂപമായിരിക്കണം അത്. ഒരു പേജില്‍ കൊള്ളാവുന്ന അത്രയും ചുരുക്കി എഴുതുന്നത് നന്നായിരിക്കും. അടുത്തത് 'ബിസിനസ് ഡിസ്‌ക്രിപ്ഷന്‍' ആണ്. 

നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ബിസിനസ് രംഗത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം ഇവിടെ കൊടുക്കാം. ഉദാഹരണത്തിന്, കറിപൗഡര്‍ ബിസിനസ് ചെയ്യാനൊരുങ്ങുന്ന ഒരാള്‍ക്ക്, കേരള മാര്‍ക്കറ്റും ദേശീയ മാര്‍ക്കറ്റും എത്രമാത്രം കറിപൗഡര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. ഇന്റര്‍നെറ്റില്‍ നിന്നും, പല മാര്‍ക്കറ്റിങ്ങ് ഏജന്‍സികളില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ലഭ്യമാണ്. ഇപ്പോഴത്തെ കറിപൗഡര്‍ മാര്‍ക്കറ്റിലെ ട്രെന്‍ഡ്, ഡിസ്ട്രിബ്യൂഷന്‍ രീതികള്‍, വില വിവരം, പുതിയ സാങ്കേതികവിദ്യ, ഭാവിയിലെ മാര്‍ക്കറ്റ് എന്നിങ്ങനെ എത്രമാത്രം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നോ, അത്രയും നല്ലത്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ അറിയുന്നതിനായി ഒരു മാര്‍ക്കറ്റ് സര്‍വ്വെ നടത്തിയാലും തരക്കേടില്ല.

എന്തായിരിക്കണം സ്ട്രാറ്റജി?

ബിസിനസ് പ്ലാനുകളിലെ ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് മാര്‍ക്കറ്റ് സ്ട്രാറ്റജി. മുകളില്‍ പറഞ്ഞ മാര്‍ക്കറ്റിലെ വിവരങ്ങളെ വ്യക്തമായി പഠിച്ച്, അനലൈസ് ചെയ്യുമ്പോഴാണ് സ്ട്രാറ്റജികള്‍ ഉണ്ടാകുന്നത്. ഇതിനുവേണ്ടി ഒരു 'കോംപറ്റീറ്റര്‍ അനാലിസിസ്' കൂടി നടത്തുന്നത് നന്നായിരിക്കും. നിങ്ങള്‍ ചെയ്യുന്ന ബിസിനസ് രംഗത്ത് ഇന്ന് നിലവിലുള്ള പ്രധാനികള്‍ ആരൊക്കെയാണെന്നും അവരുടെ ഉപഭോക്താക്കള്‍ ആരാണെന്നും, അവരുടെ ഉല്‍പ്പന്നത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമായി പഠിച്ചിരിക്കണം. ഒരുകാര്യം വ്യക്തമായി മനസിലാക്കുക. കയ്യില്‍ ഒരു നല്ല ഉല്‍പ്പന്നം ഉണ്ട് എന്നതുകൊണ്ടുമാത്രം നിങ്ങള്‍ക്ക് അത് വില്‍ക്കാന്‍ കഴിയണമെന്നില്ല. അതിനെ മാര്‍ക്കറ്റില്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ കൂടി സാധിക്കണം. നിങ്ങളുടെ 'ടാര്‍ജറ്റ് ഓഡിയന്‍സ്' ആരാണെന്ന് ആദ്യം കണ്ടുപിടിക്കുക. അവരിലേക്കെത്താന്‍, ഏറ്റവും നല്ല മാധ്യമവും, ഒപ്പം തന്നെ അവര്‍ക്ക് ആവശ്യകത തോന്നുന്ന രീതിയിലുള്ള മാര്‍ക്കറ്റിംഗ് മെസേജുകളും ഉണ്ടാക്കിയെടുക്കുക. ഇത്തരത്തിലുള്ള എല്ലാ സ്ട്രാറ്റജികളും ബിസിനസ് പ്ലാനിന്റെ ഈ ഘട്ടത്തില്‍ വരണം. ഇത്തരം കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കാതെ മുന്നോട്ടു പോകുമ്പോഴാണ് ബിസിനസുകള്‍ താളം തെറ്റുന്നത്. കറിപൗഡര്‍ പോലെ മത്സരം വളരെയധികമുള്ള മേഖലകളിലേക്ക് പുതുതായി പ്രവേശിക്കുന്നവര്‍ ഉല്‍പ്പന്നത്തിലോ വിലയിലോ അതിന്റെ പാക്കേജിംഗിലോ ഇതുവരെ കാണാത്ത വ്യത്യസ്തതയുമായി വന്നാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ.

അടുത്തതായി ഒരു 'ഡിസൈന്‍ & ഡവലപ്‌മെന്റ്' പ്ലാന്‍ തയ്യാറാക്കുക. നിങ്ങളുടെ ഉല്‍പ്പന്നം വില്‍പ്പനയ്ക്ക് പറ്റുന്നതാക്കിയെടുക്കാന്‍ എന്തൊക്കെ വേണം എന്ന് ചിന്തിക്കുക. ഒരേ ഗുണനിലവാരത്തോടെ ഉല്‍പ്പന്നം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു രീതിയോ അങ്ങനെ തരാന്‍ കഴിയുന്ന ഒരു സപ്ലൈയറെയോ കണ്ടെത്തണം. നിങ്ങളുടെ ടാര്‍ജറ്റ് ഓഡിയന്‍സിന് അനുസരിച്ചുള്ള ഒരു പാക്കിംഗ് ഉണ്ടാക്കിയെടുക്കണം. മറ്റുള്ള നിയമപരമായ കാര്യങ്ങള്‍ ശരിയാക്കിയെടുക്കണം (സെയില്‍സ് ടാക്‌സ് പോലെയുള്ളവ). ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണമാണ് ബിസിനസ് പ്ലാനിന്റെ ഈ ഭാഗത്ത് ആവശ്യം.

ഈ ബിസിനസ് നടക്കുമോ?

ഈ ബിസിനസ് പ്രാവര്‍ത്തികമാണെന്ന് ഉറപ്പുവരുത്തുന്നത് ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് പ്ലാന്‍ കൂടി ആകുമ്പോഴാണ്. ഇത്തരമൊരു ബിസിനസ് നടത്താന്‍ എത്ര സ്റ്റാഫ്, ഏതൊക്കെ തസ്തികകളില്‍ വേണം എന്ന് തീരുമാനിക്കണം. വ്യക്തമായ ഒരു ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറും, ഓരോരുത്തരും ചെയ്യേണ്ട ഉത്തരവാദിത്തങ്ങളും കൂടെ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിതരണം, അതിന്റെ കോര്‍ഡിനേഷന്‍, സ്‌റ്റോക്ക്, ഡാമേജ് പോളിസി എന്നിങ്ങനെ സ്‌റ്റോക്കിംഗിലും വിതരണത്തിലും വരാവുന്ന എല്ലാ മേഖലകളെക്കുറിച്ചും ബിസിനസ് പ്ലാനില്‍ പരാമര്‍ശം വേണം. അത്തരത്തില്‍, പര്‍ച്ചേസ് മുതല്‍ സെയില്‍സ് ചെയ്ത് എക്കൗണ്ടിലേക്ക് പണമെത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഒന്നൊന്നായി വിവരിക്കുന്ന ഒന്നായിരിക്കണം ഓപ്പറേഷന്‍ പ്ലാന്‍. പലരും ഇതിനൊന്നും ഒരു ഗൗരവവും കൊടുക്കാറില്ല. എല്ലാം താനേ നടന്നോളും എന്ന തെറ്റായ മനോഭാവമാണിതിന് കാരണം. പല കാര്യങ്ങളും അങ്ങനെ നടന്നുപോയേക്കാമെങ്കിലും അതിന് നിങ്ങള്‍ കൊടുക്കുന്ന വില കനത്തതായിരിക്കും. അതിനാല്‍ വ്യക്തമായ ഓപ്പറേഷന്‍സ് പ്ലാന്‍ ആയതിനുശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

മണി മാറ്റേഴ്‌സ്

ഇനിയാണ് ഏറ്റവും പ്രധാന ഭാഗം. എത്ര പണം വിനിയോഗിക്കണമെന്നും അതില്‍ നിന്ന് എത്ര വരുമാനം ഉണ്ടാകുമെന്നും എല്ലാ ചെലവുകളും കഴിച്ചുള്ള ലാഭവിഹിതം എന്താകുമെന്നും കണക്കാക്കേണ്ടതുണ്ട്. നിങ്ങളുടെ മാര്‍ക്കറ്റിംഗ് പ്ലാനും, ഓപ്പറേഷന്‍ പ്ലാനും കൃത്യമാണെങ്കില്‍ ഫിനാന്‍ഷ്യല്‍ പ്ലാനും ഏതാണ്ട് കൃത്യമായി തന്നെ വികസിപ്പിച്ചെടുക്കാം. പലരും അടുത്ത 5 വര്‍ഷത്തേക്കുള്ള വരുമാന വിനിയോഗ കണക്കുകള്‍ വികസിപ്പിച്ചെടുക്കാറുണ്ട്. എന്നാല്‍ അടുത്ത 2 വര്‍ഷത്തേക്ക് കണക്കാക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. കറിപൗഡറുകള്‍ ഒരു ഉദാഹരണമായി എടുത്താല്‍, അതിന്റെ കോസ്റ്റിങ്ങ് മുതല്‍ കണക്കുകൂട്ടലുകള്‍ 
വേണ്ടിവരും. (ഉല്‍പ്പന്നം ഉണ്ടാക്കിയെടുക്കാനുള്ള ചെലവ്). 

ഒരു ജില്ലയില്‍ മാത്രമാണ് കറിപൗഡര്‍ കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ആ ജില്ലയെ പല ഏരിയകളായി തിരിച്ച് വിപണി പ്രവചിക്കാന്‍ നമുക്ക് കഴിയണം. ഉദാഹരണത്തിന് ജില്ലയില്‍ 70 പഞ്ചായത്തുകള്‍ ഉണ്ടെന്ന് കരുതുക. ഒരു പഞ്ചായത്തില്‍ കറിപൗഡര്‍ വില്‍ക്കുന്ന 30 കടകള്‍ ഉണ്ടെന്നും സങ്കല്‍ പ്പിക്കുക (യഥാര്‍ത്ഥത്തില്‍ 30ല്‍ കൂടുതല്‍ കാണും) അങ്ങനെയെങ്കില്‍ ജില്ലയില്‍ 70x30 = 2100 കടകള്‍ നിങ്ങള്‍ക്ക് കറിപൗഡ ര്‍ വില്‍ക്കാനായുണ്ട്. ഈ 2100 കടകളിലും ദിവസം 1 പായ്ക്കറ്റ് വീതം വില്‍ക്കാനായാല്‍ ഒരു ദിവസം 2100 പായ്ക്കറ്റ്. ഒരു മാസം 2100x25 = 52500 പായ്ക്കറ്റ്. ഒരു പായ്ക്കറ്റില്‍ എല്ലാം കഴിഞ്ഞ് 2 രൂപ ലാഭമുണ്ടെങ്കില്‍ മൊത്തം ലാഭം ഒരു ലക്ഷത്തില്‍ കൂടുതല്‍. ഇത് ഒരൊറ്റ ഐറ്റത്തില്‍ നിന്ന് മാത്രം! ഇതുപോലെ 10 ഐറ്റമുണ്ടെങ്കിലോ? ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് കൊള്ളാം അല്ലേ?!!

പലരും കുടുങ്ങിപ്പോകുന്നതും സംഖ്യകളുടെ ഈ മോഹിപ്പിക്കുന്ന കണക്കിലാണ.് 2100 കടകളില്‍ ഉല്‍പ്പന്നം എങ്ങനെ എത്തിക്കുമെന്നും ആര് എത്തിക്കുമെന്നും, എത്തിച്ചാല്‍ തന്നെ ആളുകള്‍ അത് വാങ്ങിക്കുമോ എന്നും പലരും ഉറപ്പുവരുത്താറില്ല. പക്ഷെ, വ്യക്തമായ മാര്‍ക്കറ്റിംഗ് പ്ലാനും ഓപ്പറേഷന്‍ പ്ലാനും ഉണ്ടെങ്കില്‍ ഈ കണക്കുകള്‍ യാഥാര്‍ത്ഥ്യമാകും. ഒന്നുമാത്രം ഉറപ്പുവരുത്തുക. ബാങ്ക് ലോണെടുക്കാന്‍ നിങ്ങള്‍ എങ്ങനെ വേണമെങ്കിലും പ്ലാന്‍ ഉണ്ടാക്കിയെടുത്തോളൂ. പക്ഷെ ബിസിനസ് വിജയിക്കാന്‍ ശരിയായ, ദിശാബോധമുള്ള ബിസിനസ് പ്ലാന്‍ തന്നെ വികസിപ്പിച്ചെടുക്കുക.

ആദ്യം സ്വന്തമായി ചെയ്തുനോക്കുക. ആവശ്യമെന്നു തോന്നുന്നെങ്കില്‍ പ്രൊഫഷണലുകളുടെ സഹായം തേടുക. വിജയം കൂടെയുണ്ടാകും. തീര്‍ച്ച!!