Showing posts with label consulting ranjith. Show all posts
Showing posts with label consulting ranjith. Show all posts

Tuesday, March 13, 2018

എവിടെ നിന്ന് കിട്ടും ബിസിനസ് ഐഡിയകള്‍?




പുതുപുത്തന്‍  ബിസിനസ് ഐഡിയകള്‍ ഉണ്ടെങ്കില്‍ ഇനിയുള്ള കാലത്ത് ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷെ, എവിടെ നിന്ന്‍ കിട്ടും ഈ ഐഡിയകള്‍? പലപ്പോഴും നാം, നമ്മുടെ സ്ഥിരം ബിസിനസ് രീതികളെ തിരിച്ചും മറിച്ചും പ്രയോഗിച്ചു നോക്കുകയാണ് പതിവ്. പക്ഷെ സര്‍ഗാത്മകത ശരിയായി ഉപയോഗിച്ച് കിടിലന്‍ ആശയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അത്തരത്തില്‍ ക്രിയേറ്റീവ് തിങ്കിങ്ങില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിദ്യകളില്‍  ഒന്നാണ് SCAMPER Technique.സംഭവം വളരെ സിംപിള്‍ ആണ്. ചിന്തകളെ വെറുതെ അങ്ങ് അലയാന്‍ വിടാതെ ഒരു പ്രത്യേക രീതിയിലൂടെ ക്രോഡീകരിക്കുന്ന രീതിയാണ് ഇത്.
SUBSTITUTE, COMBINE, ADAPT,MODIFY, PUT TO ANOTHER USE, ELIMINATE, REVERSE എന്നിങ്ങനെയുള്ള 6 വാക്കുകളുടെ ചുരുക്ക രൂപമാണ് SCAMPER.

SUBSTITUTE
പുതിയ ബിസിനസ് മാര്‍ക്കറ്റുകള്‍ കണ്ടെത്താനും, പുതിയ രീതികള്‍, ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഡിസൈന്‍ ചെയ്യാനുമൊക്കെ SUBSTITUTE എന്ന ചോദ്യം ചോദിച്ചു നോക്കാം.താഴെ കാണുന്ന ചില ചോദ്യങ്ങള്‍ നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിച്ചു നോക്കുക.
1.       നിങ്ങളുടെ പ്രൊജക്ടിനെ ബാധിക്കാതെ അതിനകത്തുള്ള ഏതെങ്കിലും ഒരു പ്രവൃത്തി മാറ്റാന്‍ സാധിക്കുമോ?
2.       ഇപ്പോള്‍ ചെയ്യുന്ന ഏതെങ്കിലും സമയം മാറ്റാന്‍ സാധിക്കുമോ?
3.       വേറെ ഏതെങ്കിലും മാര്‍കറ്റില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കുമോ?
4.       ഇപ്പോള്‍ ചെയ്യുന്ന രീതിയില്‍ നിന്നും എളുപ്പമാക്കാന്‍ സാധിക്കുമോ?
5.       ഇപ്പോള്‍ ഉള്ള ആളുകളെ മാറ്റി മെഷീന്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?

ഇത്തരത്തില്‍, ചെയ്യുന്ന കാര്യങ്ങളില്‍ എന്തെല്ലാം മറ്റൊന്നു വെച്ച് മാറ്റിയെടുക്കാന്‍ സാധിക്കും എന്ന്‍ ഒരുപാട് ചോദ്യങ്ങളിലൂടെ അപഗ്രഥിച്ച്, കൂടുതല്‍ കാര്യക്ഷമമായ ഒരു മാര്‍ഗം വികസിപ്പിച്ചെടുക്കുക.

COMBINE

രണ്ട് ഐഡിയകള്‍, പ്രവര്‍ത്തന രീതികള്‍, ഉപയോഗങ്ങള്‍ എന്നിവയെ യോജിപ്പിച്ച് പുതിയ ഒരു രീതി ഉണ്ടാകിയെടുക്കുകയാണ് ഇവിടെ. ഉദാഹരണത്തിന് മൊബൈല്‍ ഫോണില്‍ ക്യാമറ കൂടി യോജിപ്പിച്ചപ്പോള്‍ പുതിയൊരു മാര്‍കറ്റ്‌ തന്നെ സൃഷ്ടിക്കാന്‍ സാധിച്ചു.താഴെ കാണുന്ന ചില ചോദ്യങ്ങള്‍ ഉദാഹരണങ്ങളാണ്.
1.രണ്ടോ അധിലധികമോ ഭാഗങ്ങളെ യോജിപ്പിക്കാന്‍ കഴിയുമോ?
2.രണ്ട് സാങ്കേതിക വിദ്യകളെ സംയോജോപ്പിക്കാമോ?
3.മറ്റൊരു കമ്പനിയുടെ സേവനങ്ങളുമായോ, വിതരണ ശ്രുംഖലയുമായോ യോജിപ്പിക്കാമോ?
4.രണ്ടോ അതിലധികമോ ഉത്പാദന രീതികളെ ഒരുമിപ്പിക്കാന്‍ കഴിയുമോ?
5.ആളുകള്‍ക്ക് ആവശ്യമുള്ള  സേവനങ്ങള്‍ ഒരുമിച്ച് നല്‍കാന്‍ കഴിയുമോ?

ADAPT
ഏതെങ്കിലും ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടി ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതാണ് ഇത്. കുറിക്കു കൊള്ളുന്ന ചോദ്യങ്ങളിലൂടെ സ്വന്തം ഉത്പന്നങ്ങളിലും സേവനങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇതിനു സാധിക്കും. ഒരു ട്രേയില്‍ വെയ്ക്കാനുള്ള സൌകര്യത്തിന് കുപ്പിയുടെ ആകൃതി മാറ്റുന്നത് ഒരു ഉദാഹരണം ആണ്.താഴെ കൊടുക്കുന്ന ചില ചോദ്യങ്ങള്‍ കൂടുതല്‍ ഉദാഹരണങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കും!
1.ഈയൊരു ജോലി കൂടുതല്‍ നന്നാക്കാന്‍ എന്തെല്ലാം ചെയ്യണം?
2.ഈ സ്ഥലം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഇതെങ്ങനെ അടുക്കി വെയ്ക്കണം?
3.ഈ ഉത്പന്നം കൂടുതല്‍ ഉപയോഗിക്കാന്‍ എന്തു മാറ്റമാണ് വരുത്തേണ്ടത്?(ടൂത്ത് പേസ്റ്റിന്റെ വായ്‌വട്ടം കൂട്ടുന്ന പോലെ)
4.എങ്ങനെയാണ് ആളുകള്‍ക്ക് ഇത് ഉപയോഗിക്കാന്‍ എളുപ്പമാകുന്നത്?

MODIFY
ഒരു സേവനമോ,ഉത്‌പന്നമോ അതിന്റെ മാര്‍ക്കറ്റോ , വലുതാക്കുകയോ ചെറുതാക്കുകയോ ആണ് ഇവിടെ.ഒരു തരത്തിലുള്ള വിമുഖതയുമില്ലാതെ, എല്ലാ വീക്ഷണകോണിലും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, മൊബൈല്‍ ഫോണ്‍ കമ്പനികള്‍  തങ്ങളുടെ ഉത്പന്നത്തിന്റെ വലിപ്പത്തില്‍ ഓരോ ദിവസവും പുതിയ റിസര്‍ച്ച് നടത്തുന്നവരാണ്. ചില ചിന്തിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്
1.ഇപ്പോഴുള്ള ഡിസ്ട്രിബ്യൂഷന്‍ വണ്ടിയുടെ വലുപ്പം കൂട്ടിയാല്‍ എന്ത് സംഭവിക്കും?
2.ഇപ്പോഴുള്ള കടയുടെ വലുപ്പം ഇരട്ടിയാക്കിയാല്‍ സംഭവിക്കുന്നത് എന്ത്?
3. നല്‍കുന്ന സേവനങ്ങളുടെ ഡെലിവറി സമയം നേരെ പകുതിയാക്കിയാല്‍ ഉണ്ടാകുന്നത് എന്ത്?
4.സ്ടോക്ക് പകുതിയാക്കി കുറച്ചാല്‍ സെയില്സിനെ എങ്ങനെ ബാധിക്കും?

PUT IN ANOTHER USE
ഇപ്പോഴുള്ള ആവശ്യത്തിനല്ലാതെ പുതിയ ഒരു കാര്യത്തിന് ഒരു സേവനത്തെ/ഉത്പന്നത്തെ/രീതിയെ എങ്ങനെ ഉപയോഗിക്കാം എന്ന്‍ ചിന്തിക്കുകയാണ് ഇതിലൂടെ.ചാണകത്തില്‍ നിന്ന്‍ ബയോഗ്യാസ് ഉണ്ടാക്കുന്നത് ഒരു ഉദാഹരണം ആണ്.
1.കമ്പനിയിലെ വേറെ എവിടെ ഇത് ഉപയോഗിക്കാന്‍ സാധിക്കും?
2.മറ്റേതെങ്കിലും സ്ഥലത്ത് ഈ ഉത്പന്നത്തിന്റെ ഉപയോഗം എന്തായിരിക്കും?(പാമ്പിനെയും പട്ടിയെയും വരെ തിന്നുന്ന സ്ഥലങ്ങള്‍ ഈ ലോകത്തുണ്ട് എന്നോര്‍ക്കണം!)
3.ഇതില്‍ നിന്നുണ്ടാകുന്ന വേസ്റ്റ് എങ്ങനെ ഉപയോഗിക്കാം?
4.വിതരണ ശ്രുംഖലയെ മറ്റെന്തെങ്കിലും കാര്യത്തിനായി ഉപയോഗിക്കാമോ?
5.ഒഴിവു സമയത്ത് മറ്റേതെങ്കിലും കാര്യത്തിനായി ഉപയോഗിക്കാന്‍ പറ്റുമോ?

ELIMINATE
നിങ്ങളുടെ ഉത്പന്നങ്ങളില്‍ നിന്നോ കമ്പനിയില്‍ നിന്നോ എന്തെങ്കിലും ഒഴിവാക്കിക്കൊണ്ട് പുതിയൊരു ഐഡിയ ഉണ്ടാക്കാന്‍ സാധിക്കുമോ എന്നാണ് ഇവിടെ നോക്കുന്നത്.പണ്ടു കാലത്ത് ടി.വി യ്ക്ക് ഉണ്ടായിരുന്ന ആന്റിന ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ആയിരിക്കണം  സാറ്റലൈറ്റ് ടി.വി എന്ന ആശയം രൂപം കൊണ്ടത്!
ചില ചിന്തിപ്പിക്കുന്ന ചോദ്യങ്ങള്‍ ഇതാ..
1.ഉത്പന്നത്തിന് തകരാരില്ലാതെ ഏത് ഭാഗമാണ് നീക്കം ചെയ്യാന്‍ കഴിയുക?
2.ഒരാള്‍ വന്നില്ലെങ്കില്‍ ഈ ജോലി തീര്‍ക്കാന്‍ കഴിയുമോ?
3.ഒരു ഷെല്‍ഫ് കുറവാണെങ്കില്‍ ഉത്പന്നങ്ങള്‍ എവിടെ വെയ്ക്കും?
4.ഇന്റര്‍നെറ്റ് ഇല്ലാതെ ഇത് എങ്ങനെ ഉപയോഗിക്കും?
5.ഏത് പരസ്യം ആണ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന്‍ തോന്നുന്നത്?
പലപ്പോഴും ആവശ്യമില്ലാതെ ഘടകങ്ങള്‍ നമ്മുടെ കോസ്റ്റ് നമ്മളറിയാതെ തന്നെ കൂട്ടുന്നുണ്ടാകാം. അത് ചിലപ്പോള്‍ വെറുതെ കറങ്ങുന്ന ഫാനോ, അധിക കറന്റ് വലിക്കുന്ന ഹീറ്ററോ, ആവശ്യമില്ലാതെ ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകളോ ആകാം. ഇത്തരം കാര്യങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നത്, ഇന്നവേഷന് സഹായകരമാകും.

REVERSE
കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നതില്‍ നിന്ന്‍ വിപരീതമായി ചിന്തിക്കുന്ന രീതിയാണിത്. ഇത് വലിയ മാറ്റങ്ങള്‍ക്ക് കാരണം ആയേക്കാം. ക്രെഡിറ്റില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു മാര്‍ക്കറ്റില്‍ കാഷ് ആന്‍ഡ് കാരി സിസ്റ്റം നടപ്പിലാക്കാന്‍ വേണ്ടിയുള്ള ഒരു കമ്പനിയുടെ ശ്രമം ഇതിന് ഉദാഹരണം ആയി പറയാം. മറ്റു ചില ഉദാഹരണങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കുന്ന ചോദ്യങ്ങളാണ് താഴെ.
1.ഇപ്പോള്‍ ചെയ്യുന്ന മാര്‍ക്കറ്റിംഗ് രീതിയ്ക്ക് നേരെ വിപരീതമായി ചിന്തിച്ചാല്‍ എന്തു സംഭവിക്കും?
2.ഉപഭോക്താവിന് സേവനം ലഭിക്കുന്ന രീതിയില്‍ ഒരു റിവേഴ്സ് പരീക്ഷിക്കാമോ?
3. രണ്ടാളുകളെ ജോലിയില്‍ പരസ്പരം മാറ്റിയാല്‍ ഉണ്ടാകുന്ന വ്യത്യാസം എന്ത്?
4.ഒരു ഡിസൈനില്‍ ഉള്ള നിറങ്ങളോ വസ്തുക്കളോ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ എന്തെല്ലാം?

ഇത്തരത്തില്‍ ഒരുപാടൊരുപാട് ചോദ്യങ്ങള്‍ ഈ ഓരോ വിഭാഗത്തിലുമായി ചോദിക്കാന്‍ കഴിയും. ഓരോ വിഭാഗത്തിലും ചുരുങ്ങിയത് ഒരു ഇരുപത് ചോദ്യങ്ങലെങ്കിലും നിങ്ങളുടെ ഇപ്പോഴുള്ള ബിസിനസ്സുമായി ബന്ധപ്പെട്ട് സ്വയം ചോദിച്ചു നോക്കുക.ഈ ചോദ്യങ്ങള്‍ക്കുള്ള ശരിയായ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമവും തുടങ്ങുക. ഒരുപക്ഷെ നിങ്ങള്‍ക്ക് മറ്റൊരു യൂബറോ,ഫ്ലിപ്കാര്‍ട്ടോ ഒക്കെ സൃഷ്ടിക്കാന്‍ സാധിച്ചെന്നു വരാം.പല ചോദ്യങ്ങളും അപ്രസക്തം എന്നോ മണ്ടത്തരമെന്നോ ഒക്കെ തോന്നാം.പക്ഷെ ഒന്ന്‍ ആഴത്തില്‍ ചിന്തിച്ചാല്‍ അത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങളാകും വലിയ മാറ്റങ്ങള്‍ക്ക് വഴിമരുന്നാകുന്നത്.