Saturday, September 26, 2015

'സാധനം കയ്യിലുണ്ട്'പക്ഷെ എങ്ങനെ വിറ്റഴിക്കും?



ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ ചിന്തിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഒന്ന് ഇതായിരിക്കും. വിറ്റഴിക്കാന്‍ കയ്യില്‍ ഒരുപാട് പ്രൊഡക്ട്‌സ് ഉണ്ടെങ്കിലും എങ്ങനെ വില്‍ക്കുമെന്ന് ഒരു ധാരണയും ഇല്ലാത്തവര്‍. പ്രത്യേകിച്ചും ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍, കര്‍ഷകര്‍, റീട്ടെയ്ല്‍ ഷോപ്പ് ഉടമകള്‍... മാര്‍ക്കറ്റിംഗ് ഇവര്‍ക്കെല്ലാം കിട്ടാക്കനിയാണ്...!
ഒരു പഴയ സുഹൃത്ത് ശിവാനന്ദന്‍ എന്നെ കാണാന്‍ വരുന്നത്
രണ്ടാഴ്ച മുമ്പാണ്. കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു. സംസാരിച്ചു വന്നപ്പോഴാണ് മനസിലായത്, ശിവാനന്ദന്‍ ഇന്നൊരു ബിസിനസുകാരനാണ്. ചിപ്‌സ്, പക്കാവട, മിക്‌സ്ച്ചര്‍ തുടങ്ങി ഇരുപതോളം ഇനങ്ങളാണ് പുള്ളിയുടെ പ്രൊഡക്ട്‌സ്. എല്ലാത്തിന്റേയും ഓരോ പായ്ക്കറ്റ് വീതം ശിവന്‍ കയ്യില്‍ കരുതിയിരുന്നു. എംബി എക്ക് പഠിക്കുമ്പോഴാണ് എനിക്ക് ശിവാനന്ദനെ പരിചയം. ഒരു മാനേജ്‌മെന്റ് മീറ്റിന് പോയപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെ ഒരു പേപ്പര്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥി. അന്നവന് ആഗ്രഹം ഏതെങ്കിലും വിദേശ കമ്പനിയുടെ തലപ്പത്ത് എത്താനായിരുന്നു. ഫിലിപ് കോട്‌ലറിന്റെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ മനപാഠമാക്കി, പിന്നീട് അവന്‍ പല ഇന്റര്‍വ്യൂകളും അറ്റന്റ് ചെയ്തു. അതിലൊന്നില്‍ അവന്‍ ചേരുകയും നല്ല രീതിയില്‍ മുന്നോട്ടു പോകുകയും ചെയ്തു. അതിനിടയിലാണ് അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ച് ശിവന്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത്. ശിവാനന്ദന്റെ അച്ഛനും അമ്മയും നാട്ടില്‍ ഒരു ചെറിയ ടീ സ്റ്റാള്‍ നടത്തുകയായിരുന്നു. അമ്മയെ ശുശ്രൂഷിക്കാന്‍ ആരുമില്ലെന്ന് വന്നപ്പോള്‍ ശിവാനന്ദന്‍ ജോലി ഉപേക്ഷിച്ച്, നാട്ടില്‍ത്തന്നെ കൂടി. ആയിടയ്ക്കാണ് അയാള്‍ അത് ശ്രദ്ധിച്ചത്.
പൂട്ടിക്കിടന്ന ആ ചായക്കട അന്വേഷിച്ച് പലരും വരുന്നു. നിരാശരായി തിരിച്ചു പോകുന്നു. തന്റെ സ്വന്തം ചായക്കടയില്‍ ലഭിച്ചിരുന്ന ഒരു 'സ്‌പെഷല്‍ സുഖിയന്‍' ആണ് ഇതിനുകാരണം എന്ന് ശിവന്‍ മനസിലാക്കി. ഏലയ്ക്കായും ജാതിപത്രിയും ചെറുപയര്‍ ചേര്‍ത്തുള്ള അമ്മയുടെ ഒരു ടെക്‌നിക്കായിരുന്നു ആ രുചിയുടെ അടിസ്ഥാനം. അന്നാദ്യമായി ശിവന് തന്റെ ആ കൊച്ചുചായക്കടയെക്കുറിച്ച് അഭിമാനം തോന്നി. അമ്മയുടെ അസുഖം മാറിയതിന് പിറ്റേദിവസം തന്നെ ശിവാനന്ദന്‍ കട തുറന്നു. സുഖിയനായിരുന്നു പ്രധാന ഐറ്റം. അതില്‍തന്നെ അഞ്ചോ ആറോ തരങ്ങള്‍ ഉണ്ടായിരുന്നു. സുഖിയനെക്കുറിച്ചറിഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്നുകൊണ്ടിരുന്നു. സുഖിയന്‍ കഴിച്ച് ബോറടിക്കാതിരിക്കാന്‍, ഒപ്പം പുതിയ പലഹാരങ്ങളും ശിവന്‍ അവരിലേക്കെത്തിച്ചു.
സ്വാദിഷ്ടമായതും വ്യത്യസ്തമായതുമായ രുചികളുടെ മാര്‍ക്കറ്റ് മനസ്സിലാക്കിയ അയാള്‍ ഇത്തരം പലഹാരങ്ങള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാനാരംഭിച്ചു. ഇന്ന് ഏകദേശം 2500 ഓളം കടകളിലേക്ക് അയാള്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. 5 സ്‌പെഷല്‍ ടീ സ്റ്റാളുകളും സ്വന്തമായുണ്ട്. എന്തെല്ലാം ഘടകങ്ങളാണ് ശിവാനന്ദനെ ഒരു ബിസിനസുകാരനാക്കിയത് എന്നു നോക്കാം.
ഉല്‍പ്പന്നം ഉഷാറാകണം
ചുറ്റുമുള്ള കസ്റ്റമേഴ്‌സിന് അനുയോജ്യമായ ഉല്‍പ്പന്നം അഥവാ സേവനം ആണോ നമ്മള്‍ കൊടുക്കുന്നത് എന്നത് വളരെ പ്രധാനമാണ്. പലരും തങ്ങള്‍ക്കിഷ്ടമുള്ള പ്രൊഡക്ടുകള്‍ വിപണനം ചെയ്യാനാണ് ശ്രമിക്കുന്നത്. ആളുകള്‍ക്ക് ആവശ്യമുള്ള, എന്നാല്‍ അല്‍പം പ്രത്യേകതകളോടെ അവരെ ആകര്‍ഷിക്കാന്‍ കഴിവുള്ള
പ്രൊഡക്ടുകളേ വിജയിക്കൂ. ശിവാനന്ദന്റെ അമ്മയുണ്ടാക്കിയിരുന്ന സുഖിയന്‍ അത്തരത്തിലൊന്നാണ്. എന്നാല്‍ അത് എല്ലാ കാലത്തേക്കും ആളുകള്‍ക്ക് പ്രിയപ്പെട്ടതായിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ പ്രൊഡക്ടിനെക്കുറിച്ച് സ്ഥിരമായി പഠിക്കുകയും കസ്റ്റമേഴ്‌സില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് അത് നവീകരികുകയും വേണം. ലൈഫ്‌ബോയ് സോപ്പ് ലൈഫ്‌ബോയ് പ്ലസ് ആയി
രൂപം മാറി അവതരിപ്പിച്ചത് ഒരു ഉദാഹരണമാണ്. ചെറുകിട സംരംഭകരെ സംബന്ധിച്ച് പ്രൊഡക്ടിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. ആദ്യസമയങ്ങളില്‍ ഈ ഗുണനിലവാരമായിരിക്കും പ്രൊഡക്ടിന്റെ ഗതി തീരുമാനിക്കുന്നതില്‍ പ്രധാന ഘടകം.
വിലനിലവാരം മൂല്യമാകുന്നത്...
നിങ്ങളുടെ പ്രൊഡക്ടിനെ വ്യക്തമായി പൊസിഷന്‍ ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് അതിന്റെ 'വില'. ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ഉറപ്പുണ്ടെങ്കില്‍, അവര്‍ക്ക് അനുയോജ്യമായ വിലയും നിശ്ചയിക്കണം. നമ്മുടേതുപോലെയുള്ള ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ഇല്ലെന്ന് ആളുകള്‍ക്ക് തോന്നിയാല്‍ അവര്‍ എന്തുവിലയും നല്‍കി വാങ്ങിയെന്നുവരാം. പക്ഷെ, എടുത്തുപറയത്തക്ക സവിശേഷതകള്‍ ഇല്ലാത്ത ഉല്‍പ്പന്നത്തിന് ഒരുപാട് മത്സരം ഉള്ള ഒരു വിപണിയില്‍ വലിയ വിലവച്ചുകൊണ്ട് മുന്നേറാന്‍ പ്രയാസമായിരിക്കും. അതിനാല്‍ വലിയ പ്രത്യേകതകള്‍ ഇല്ലാത്ത ഉല്‍പ്പന്നമാണെങ്കില്‍ താരതമ്യേന ചെറിയ വിലയില്‍ തുടങ്ങുന്നതാകും ഉചിതം.
ലഭ്യത എന്ന 'കടമ്പ'
ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ ലഭ്യത എന്നത് പല ബിസിനസുകാരും അവസാനം മാത്രം ചിന്തിക്കുന്ന കാര്യമാണ്. ഏതെങ്കിലും തരത്തില്‍ നമ്മുടെ സേവനത്തേയും ഉല്‍പ്പന്നത്തേയും കുറിച്ച് അറിഞ്ഞുവരുന്നവര്‍ക്ക് അതിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഓരോ ബിസിനസുകാരന്റേയും കടമയാണ്. ഒരുതവണ ഉല്‍പ്പന്നം ലഭിക്കാതെ വന്നാല്‍ ആ കസ്റ്റമര്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. പുതിയ ഉല്‍പ്പന്നങ്ങളുമായി റീട്ടെയ്ല്‍ ഷോപ്പുകളില്‍ പോകുമ്പോള്‍ 'ഇത് സ്ഥിരമായി സപ്ലൈ ചെയ്യാനുള്ള സംവിധാനമുണ്ടാകുമോ?' എന്നതാണ് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന ചോദ്യം.
നല്ല ഒരു ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ഉണ്ടാക്കിയെടുക്കുകയെന്നത് ഏതൊരു മാര്‍ക്കറ്റിങ്ങിന്റേയും ആദ്യപടിയാണ്. ചെറുകിട സംരംഭകരില്‍ ഭൂരിഭാഗവും ആദ്യസമയങ്ങളില്‍ സ്വന്തമായിതന്നെ ഈ ചുമതല ഏറ്റെടുത്തവരാണ്. പുതിയ ഉല്‍പ്പന്നമാണെങ്കില്‍ ഷോപ്പുകളില്‍ അതിന് ഒരു സ്ഥലം കിട്ടുന്നതുതന്നെ പ്രയാസമാണ്. അതിനാല്‍ പ്രൊഡക്ടിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഓണര്‍ തന്നെയാകും നല്ലത്. (ചെറുകിട സംരംഭകര്‍ക്കുള്ള പ്രായോഗികമായ രീതി മാത്രമാണിത്) ശിവാനന്ദനും ചെയ്തത് ഇതുതന്നെയാണ്. നല്ല ശുദ്ധ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത അപൂര്‍വ്വമായ രുചിയുള്ള പലഹാരങ്ങള്‍, സ്വന്തമായി ഷോപ്പുകളില്‍ പോയി വിതരണം ചെയ്തു. ഒപ്പം റീട്ടെയ്‌ലറിന് നല്ല ഒരു മാര്‍ജിനും കൂടി കൊടുത്താല്‍, കടയുടമയ്ക്കും അത് വിറ്റഴിക്കാന്‍ പ്രചോദനമാകും. ഒരു കടയുടമ വിചാരിച്ചാല്‍ ഏത് പുതിയ പ്രൊഡക്ടും ഒറ്റദിവസം കൊണ്ട് വിറ്റുതീര്‍ക്കാം എന്നത് മറക്കരുത്.
ആളുകള്‍ എങ്ങനെ അറിയും?
ഉല്‍പ്പന്നമാണ് കൈവശമുള്ളതെങ്കില്‍, രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ കോടികള്‍ മുടക്കിയുള്ള പരസ്യ പ്രചാരണങ്ങളിലേക്ക് പോകാം. അല്ലെങ്കില്‍ നിശബ്ദമായി, തങ്ങള്‍ നോട്ടമിടുന്ന കസ്റ്റമേഴ്‌സിനെ ലക്ഷ്യമാക്കി പ്രചാരണം സംഘടിപ്പിക്കാം. ഐടിസി പോലുള്ള വന്‍കിട കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കുവേണ്ടി ആയിരക്കണക്കിന് കോടി രൂപയാണ് മുടക്കുന്നത്. വലിയൊരു മാര്‍ക്കറ്റിനെ ലക്ഷ്യമാക്കുമ്പോള്‍ അതല്ലാതെ മാര്‍ഗവുമില്ല. എന്നാല്‍ ചെറിയ രീതിയിലൂടെ തുടങ്ങി വലുതായ ബ്രാന്‍ഡുകളും അനവധിയുണ്ട്. മഞ്ഞള്‍, ചന്ദ്രിക, മെഡിമിക്‌സ് സോപ്പുകളെല്ലാം ഉദാഹരണങ്ങളാണ്. നല്ല പാക്കേജിങ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഡിസൈന്‍ ചെലവ് ലാഭിക്കാന്‍ മോശം
പായ്ക്കുകള്‍ ഉണ്ടാക്കുന്നത് ഉല്‍പ്പന്നത്തെ കൊല്ലുന്നതിന് തുല്യമാണ്. നല്ല പാക്കേജിനൊപ്പം, നല്ല ബ്രോഷറും ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുറച്ച് പോസ്റ്ററുകളും റാക്കുകളുമുണ്ടെങ്കില്‍ പരസ്യം പൂര്‍ണമായും ഒഴിവാക്കാം. റീട്ടെയ്‌ലറിന് നല്ല മാര്‍ജിനും ചില ഓഫറുകളും കൂടി നല്‍കിയാല്‍ സാധനം പതിയെ വിറ്റഴിഞ്ഞു തുടങ്ങും. ചെറിയ സ്ഥലങ്ങളില്‍ നോട്ടീസുകളിലൂടെ കസ്റ്റമേഴ്‌സിന്റെ അടുത്തും അവബോധം വളര്‍ത്തിയെടുക്കാം. സ്‌കൂള്‍, കോളെജ്, ക്ലബ്ബുകള്‍ തുടങ്ങി ഒരുകൂട്ടം ആളുകള്‍ എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്താം. കടയില്‍ നിന്നും ഉല്‍പ്പന്നം വിറ്റുതുടങ്ങിയാല്‍ ആദ്യ പരീക്ഷ പാസായെന്ന് പറയാം. പിന്നീട് കൂടുതല്‍ ആളുകളെ വച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഉല്‍പ്പന്നം എത്തിക്കാം. ഓര്‍ത്തോളൂ... ഒറ്റയ്ക്ക് തുടങ്ങിയ ശിവാനന്ദന് കീഴില്‍ ഇന്ന് മുപ്പതോളം മാര്‍ക്കറ്റിംഗ് സ്റ്റാഫുണ്ട്!
ആളുകളും രീതികളും പ്രധാനം
ബിസിനസ് വലുതാകുമ്പോള്‍ കൂടെയുണ്ടാകുന്ന ആളുകള്‍ക്കും നമ്മുടെ അതേ മനോഭാവമായിരിക്കണം. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, അതൊട്ടും ചോര്‍ന്നുപോകാതെ വിപണിയിലെത്തിക്കാന്‍ ശ്രമിക്കണം. മാത്രമല്ല, കാര്യങ്ങള്‍ ചെയ്യുന്ന രീതികള്‍ വ്യക്തമായി കുറിച്ചുവയ്ക്കണം. അല്ലെങ്കില്‍, ഓരോരുത്തരും തങ്ങള്‍ക്കറിയുന്ന ഇഷ്ടമുള്ള രീതികളില്‍ കാര്യങ്ങള്‍ ചെയ്തുകൂട്ടും. അത് ഉല്‍പ്പന്നത്തിന്റേയും കമ്പനിയുടേയും ഇമേജിനെ തന്നെ ബാധിച്ചെന്നുവരാം. ശിവാനന്ദന്റെ അമ്മയുണ്ടാക്കിയിരുന്ന അതേ രുചിക്കൂട്ടുകള്‍, അതേപടി എല്ലാവരിലുമെത്തിച്ചപ്പോഴാണ് അദ്ദേഹം വിജയം വരിച്ചത്. കേരളത്തിലെവിടെ പോയാലും തലയില്‍ വിശറിത്തൊപ്പിയുമായി, ബീറ്റ്‌റൂട്ട് മസാലദോശ കൊണ്ടുവരുന്ന ഇന്ത്യന്‍ കോഫിഹൗസിലെ ബെയററുടെ രൂപം മനസില്‍ നിന്ന് മായാത്തതും ഇതേ കാരണംകൊണ്ടാണ്.
ശിവാനന്ദന്‍ ഇപ്പോള്‍ വന്നിരിക്കുന്നത് പലഹാരം തരാന്‍ മാത്രമല്ല. ബിസിനസ് അടുത്ത സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള സ്ട്രാറ്റജി ചര്‍ച്ച ചെയ്യാന്‍ കൂടിയാണ്...! 'സാധനം കയ്യിലുണ്ടോ?' എങ്കില്‍ നിങ്ങളും റെഡിയായിക്കോളൂ...

No comments:

Post a Comment