കേരളത്തില്‍ ബിസിനസ് ചെയ്യുന്നവരെല്ലാം മനസിനകത്ത് ഒരിക്കലെങ്കിലും ചോദിച്ച ചോദ്യമായിരിക്കും ഇത്. ബിസിനസും മതവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോ? കഴിഞ്ഞ എട്ടു കൊല്ലത്തെ കേരളത്തിലെ കണ്‍സള്‍ട്ടിംഗ് ജീവിതത്തിനിടയില്‍ ഇവ തമ്മില്‍ ബന്ധമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്
...........................................................................
ഈയാഴ്ചയിലും ചിലരെ കണ്ടുമുട്ടിയപ്പോള്‍ ഈ ചിന്ത വീണ്ടും പൊന്തിവന്നു. ഇതിന് ശാസ്ത്രീയമോ സാങ്കേതികമോ ആയ തെളിവുകള്‍ ഒന്നും തന്നെയില്ലെങ്കിലും ഞാന്‍ ഇടപെട്ടവരില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില സത്യങ്ങള്‍ പറയാതെ വയ്യ.
കേരളത്തില്‍ നിന്ന് വലിയ ബ്രാന്‍ഡുകള്‍ ഉണ്ടാകാത്തതിനു കാരണം നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്ന് ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിരുന്നു. ഈ കാഴ്ചപ്പാട് തന്നെയാണ് ബിസിനസും മതവും തമ്മില്‍ ബന്ധം ഉണ്ടാകാന്‍ കാരണവും.
ആദ്യം, ഒരു നല്ല ബിസിനസുകാരനാകാനും ലോകം അറിയുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനും എന്തെല്ലാം വേണമെന്ന് നോക്കാം! വലിയ കാഴ്ചപ്പാട്, തുറന്ന സമീപനം, കഠിനമായി അധ്വാനിക്കാനുള്ള മനോഭാവം, നേതൃ പാടവം, അറിവ് അങ്ങനെ പോകുന്നു ആ വലിയ ലിസ്റ്റ്...പട്ടിക പരിശോധിച്ചാല്‍ മനസിലാകുന്ന രസകരമായ ഒരു സംഗതിയുണ്ട്.
പത്താം ക്ലാസിലെ മാര്‍ക്കോ എന്‍ട്രന്‍സിലെ റാങ്കോ എന്തിന് വിദ്യാഭാസ നിലവാരം പോലുമോ ഈ പട്ടികയില്‍ കാണാന്‍ കഴിഞ്ഞില്ലെന്നു വരും. അല്ലെങ്കില്‍ ഒരുപക്ഷേ ഏറ്റവും അവസാനമായിരിക്കും ഇതെല്ലാം!
അപ്പോള്‍ ഒരാളെ വലിയ ബിസിനസ്മാന്‍ ആക്കുന്നത് അവന്റെ സര്‍ട്ടിഫിക്കറ്റുകളല്ല എന്നുറപ്പ്. പക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ...,ഒരു കുട്ടി വളര്‍ന്നു വലുതാകുന്ന ഘട്ടത്തില്‍ മാതാപിതാക്കള്‍ അവനോടു പറയുന്നത്...'മോനെ, പഠിച്ചില്ലെങ്കില്‍ നല്ല ജോലിയൊന്നും കിട്ടില്ല. എന്‍ജിനീയറോ ഡോക്ടറോ ഒന്നും ആവാന്‍ പറ്റില്ല. അതുകൊണ്ട് മോനിപ്പോ പഠിത്തത്തില്‍ ശ്രദ്ധിക്കൂ..ബാക്കിയൊക്കെ പിന്നെ..' ഇത് ദിവസത്തില്‍ നാലും അഞ്ചും തവണയാണ് പലരും കുഞ്ഞുങ്ങളോട് ഓതിക്കൊണ്ടിരിക്കുന്നത്.
ഒരു മനുഷ്യന്‍ അവന്റെ ആദ്യ എട്ടു വര്‍ഷങ്ങളിലാണ് 'വാല്യൂ സിസ്റ്റം' വികസിപ്പിച്ചെടുക്കുന്നത്. അത് അവന്റെ മാതാപിതാക്കളും അയല്‍പ്പക്കക്കാരും കൂട്ടുകാരുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ്. ഒരു ജോലി നേടിയെടുക്കുന്നതാണ് എല്ലാം എന്ന കാഴ്ചപ്പാടിലേക്ക് അവന്റെ രീതികള്‍ മാറ്റിയെടുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
അതിനൊപ്പം തന്നെ റിസ്‌ക്കുള്ള ഒരു കാര്യത്തിനും അവനെ പ്രോത്സാഹിപ്പിക്കുകയും ഇല്ല. മാത്രമല്ല പിറകോട്ടു വലിക്കുകയും ചെയ്യും. അതോടെ ജീവിതത്തില്‍ റിസ്‌ക് എടുക്കുന്നത് പോയിട്ട്, മുഖം ഉയര്‍ത്തി സംസാരിക്കാനുള്ള ശേഷി പോലും ഇല്ലാതാവുകയും ചെയ്യും. പിന്നെ പഠിത്തമെല്ലാം കഴിഞ്ഞ് ഇരുപത്തിയഞ്ച് വയസാകുമ്പോള്‍ ഒരല്‍പ്പം 'റിസ്‌ക്' എടുക്കാം എന്നുവെച്ചാല്‍ പറ്റേണ്ടേ? പണ്ട് എടുത്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ എടുത്താല്‍ പൊങ്ങില്ല. അത്ര തന്നെ.
ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും ഇതില്‍ എവിടെയാ മതം എന്ന്, ഉണ്ടല്ലോ!
കുഞ്ഞായിരിക്കുമ്പോള്‍ നമ്മെയെല്ലാം ഒരുപാട് സ്വാധീനിക്കുന്ന ഒന്നാണ് നമ്മുടെ ആരാധനാ രീതികള്‍. ഫാന്റസിയുടെയും റിയാലിറ്റിയുടെയും ചായക്കൂട്ടുകള്‍ കൊണ്ട് നിറംപിടിപ്പിച്ചതാണ് അവയെല്ലാം. ഒപ്പം കുഞ്ഞു മനസിന്റെ നിഷ്‌കളങ്കതയും അറിയാനുള്ള ആഗ്രഹവും എല്ലാം സ്വീകരിക്കുന്ന മനസും കൂടിയാകുമ്പോള്‍ ആരാധനാ രീതികള്‍ക്കും ആരാധനാലയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അത് പകര്‍ന്നു നല്‍കുന്നവര്‍ക്കും പ്രാധാന്യമേറുന്നു.
കേരളത്തില്‍ ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍ ചെയ്യുന്ന ബിസിനസിന്റെ അളവ് തുലോം തുച്ഛമാണെന്ന് നമുക്കറിയാം. ഹിന്ദു ബെല്‍റ്റുകള്‍ ഒന്നുംതന്നെ ബിസിനസ് കേന്ദ്രങ്ങളായി അറിയപ്പെടുന്നുമില്ല. ഹിന്ദു കുടുംബങ്ങളിലുള്ള ബിസിനസുകാര്‍ പോലും മക്കളെ ബിസിനസിലേക്ക് കൊണ്ടുവരാതെ, പഠിച്ചു 'കേമനാകാന്‍' ഉപദേശിക്കുന്നു. ഇനിയിപ്പോ ഉള്ള ബിസിനസുകാരോട് എങ്ങനെയുണ്ട് ബിസിനസ് എന്നു ചോദിച്ചാലോ, മിക്കവാറും എല്ലാവരും ഒരേ സ്വരത്തില്‍ പറയും...'ആ...തട്ടി മുട്ടി പോകുന്നു'....എന്തേ അങ്ങനെ?
ഹിന്ദുമത വിശ്വാസങ്ങള്‍ പലപ്പോഴും വളരെ സ്വതന്ത്രമാണ്. പ്രത്യേക ചട്ടക്കൂടുകളോ രീതികളോ പറയാനില്ല. ആരാധിക്കുന്ന ദൈവങ്ങളുടെ എണ്ണത്തില്‍ പോലും കൃത്യമായ കണക്കില്ല. അതിനാല്‍ത്തന്നെ വളര്‍ന്നുവരുന്ന ഒരു കുട്ടിക്ക് വ്യക്തമായ സങ്കല്‍പ്പമോ ദൈവ ഭയമോ ഒരുപക്ഷേ അതിലൂടെ വ്യക്തമായ ജീവിത ലക്ഷ്യമോ ലഭിക്കാതെ പോകുന്നുണ്ടാകാം. പരസ്പര വിശ്വാസം, സഹവര്‍ത്തിത്വം, സാഹോദര്യം, കരുണ, അനുകമ്പ എന്നീ ഗുണഗണങ്ങള്‍ ഒക്കെ മനസിലാക്കിയെടുക്കേണ്ട ഈ കാലഘട്ടത്തില്‍ ഹിന്ദു മത വിശ്വാസികള്‍ പലപ്പോഴും തെളിമയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടാതെ അലയുന്നുവെന്നതും സത്യമാണ്.
ഈ മൂല്യങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ അതിന്റേതായ അളവില്‍ പലരിലും ഇല്ലാതാകാനുള്ള കാരണവും ഇതു തന്നെ. കൂട്ടുകുടുംബങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കുറച്ചെങ്കിലും ഉണ്ടായിരുന്ന ഈ മൂല്യങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും നശിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു ബിസിനസ് വളര്‍ന്നുവരുന്നത് ഒരു കൂട്ടം ആളുകളുടെ പരസ്പര വിശ്വാസംകൊണ്ടും സഹവര്‍ത്തിത്വം കൊണ്ടുമാണെന്ന് നമുക്കറിയാം.
ഇത് താരതമ്യേന കുറവായ ഒരു വിഭാഗത്തിന് (പലപ്പോഴും സഹായ മനഃസ്ഥിതി കുറവായി കണ്ടിട്ടുണ്ട്. വളരെ നല്ല രീതിയില്‍ ഈ ഗുണങ്ങള്‍ ഉള്ള ഒരുപാട് ആളുകള്‍ ഹിന്ദുമതത്തില്‍ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല) എങ്ങനെ ബിസിനസില്‍ മുന്നേറാന്‍ കഴിയും? ബിസിനസ് എന്നാല്‍ 'റിസ്‌ക്' തന്നെയാണ്. 'റിസ്‌ക്' എടുക്കുന്ന കാര്യത്തിലും പുറകിലാണ് ഹിന്ദുക്കള്‍ എന്ന് പറയാതെ വയ്യ.
അങ്ങനെ വരുമ്പോള്‍ ഈ മനോഭാവം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും റിസ്‌ക് ഇല്ലാത്ത ചെറിയ ബിസിനസുകളിലേക്കും ജോലികളിലേക്കും മാത്രമായി അവര്‍ ഒതുങ്ങിപ്പോവുകയും ചെയ്യുന്നു. ഹിന്ദു മതത്തിന് അകത്തുതന്നെ വിവിധ ജാതികളില്‍ ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ കാണാമെന്നതും ചിന്തിക്കാന്‍ വക നല്‍കുന്നതാണ്.
ക്രിസ്ത്യാനികള്‍ മതം പ്രചരിപ്പിക്കാന്‍ എത്തിയവരും അതിന്റെ ഭാഗം ആയവരും ആയതിനാല്‍ത്തന്നെ 'മാര്‍ക്കറ്റിംഗ്' വിഭാഗത്തില്‍ വിദഗ്ധരാണ്‍ മാത്രമല്ല, പള്ളിയും അതിന്റെ ചുറ്റുപാടുകളും ചിട്ടകളും വേദോപദേശ ക്ലാസുകളും എല്ലാം സാഹോദര്യത്തിന്റെ പാഠങ്ങള്‍ അവര്‍ക്ക് ചെറുപ്പത്തിലെ എത്തിച്ചുകൊടുക്കുന്നു. ഒരു കോര്‍പ്പറേറ്റ് സ്ട്രക്ചര്‍ ഉള്ള ഈ മത വിഭാഗം കുറെക്കൂടി അച്ചടക്കത്തോടെ മതവിശ്വാസങ്ങള്‍ പഠിപ്പിക്കുന്നു.
എന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ ചില അംശങ്ങളും കേരള സമൂഹത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടും തമ്മിലുള്ള ചില വിരോധാഭാസങ്ങളുടെ വടംവലിയാല്‍ മുന്നോട്ടുള്ള യാത്രയില്‍ പൂര്‍ണ്ണമായ വ്യക്തത കൈവരിക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. അതിനാല്‍ത്തന്നെ ക്രിസ്തുമത വിശ്വാസികളില്‍ മിക്കവര്‍ക്കും ബിസിനസ് ഉണ്ടാകുമെങ്കിലും വളരെ വലിയ രീതിയില്‍ എത്തിയവര്‍ ചുരുക്കമാണ്.
ഒരു കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ എന്നെ അമ്പരപ്പിച്ചിട്ടുള്ളത് കേരളത്തിലെ ഇസ്ലാം മതത്തില്‍പ്പെട്ട ബിസിനസുകാര്‍ തന്നെയാണ്. ശൂന്യതയില്‍ നിന്ന് ബിസിനസുണ്ടാക്കുന്നവരാണ് പലരും. പലരില്‍ നിന്നും പഠിക്കാനും ഏറെയുണ്ടാകും.
ഒരുപക്ഷേ നേരത്തെ പറഞ്ഞ ഘടകങ്ങള്‍ ശരിയായ അളവില്‍ ചെറുപ്പത്തിലേ ലഭിക്കുന്നതാകാം കാരണം. മറ്റുള്ളവരെ മനസിലാക്കാനും വിശ്വസിക്കാനും സഹായിക്കാനുമുള്ള മനോഭാവം എടുത്തുപറയാതെ വയ്യ. അതിനാല്‍ത്തന്നെ ബിസിനസുകള്‍ തുടങ്ങുമ്പോള്‍ പണത്തിനു ബുദ്ധിമുട്ട് കണ്ടിട്ടില്ല.
വളരെ വലിയൊരു സൗഹൃദവലയം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ആളുകളെ ജോലിക്കെടുക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളിലും ഒപ്പംനില്‍ക്കാന്‍ ഒരുപാട് പേരുണ്ടാകും. വിശ്വാസം 'റിസ്‌ക്' കുറയ്ക്കുന്നുവെന്ന സത്യം മനസിലാക്കുന്നതുകൊണ്ട്, ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന സ്ഥിരം പേടിയും ഇവര്‍ക്ക് കാണാറില്ല.
ലോകം കീഴടക്കുന്ന ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഇവരുടെ സംഭാവന വളരെ വലുതാണ്.
ഇതുകൊണ്ടൊക്കെ തന്നെയാണ് മലബാര്‍ ബിസിനസ് കേന്ദ്രമാകുന്നതും തെക്കന്‍ കേരളം മന്ദഗതിയില്‍ മാത്രം വികസിക്കുന്നതും. ഇത് ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കാനുള്ള എഴുത്തല്ല.
ചുറ്റും നടക്കുന്ന ചില കാര്യങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെ പങ്കുവെച്ചെന്നേയുള്ളൂ.. എല്ലാ മതങ്ങളിലും നല്ലവരും ചീത്തയായ ആള്‍ക്കാരും കഴിവുള്ളവരും ഇല്ലാത്തവരും ഉണ്ടെന്ന് മനസിലാക്കിക്കൊണ്ട് തന്നെ!
ഇതില്‍ നിന്ന് നമുക്കെല്ലാം പഠിക്കാന്‍ ഏറെയുണ്ട്. അത് കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിനെ കുറിച്ചാണ്. ബിസിനസുകാരന്‍ ആക്കാനല്ല...ഒരു നല്ല മനുഷ്യനാക്കാന്‍! ഒരു നല്ല മനുഷ്യനേ ആത്യന്തികമായി ഒരു നല്ല ബിസിനസുകാരനാകാന്‍ പറ്റൂ എന്ന തിരിച്ചറിവോടെ.