Tuesday, November 1, 2016

ഡിസ്ട്രിബ്യൂഷന്‍ എന്ന കണ്‍ഫ്യൂഷന്‍ !!!


നിങ്ങളുടെ കയ്യിലുള്ളത് ഉല്‍പ്പന്നമോ സേവനമോ ആയിക്കൊള്ളട്ടെ, ഏറ്റവുമധികം ആളുകളിലേക്ക് അത് എത്തിക്കുക എന്നതാണ് ഒരു നല്ല ബിസിനസിന്റെ ആദ്യ പടി. മിക്ക ചെറുകിട ബിസിനസുകളും അടി തെറ്റുന്നതും ഇവിടെയാണ്. ഈ കണ്‍ഫ്യൂഷനെ അതിജീവിക്കാനുള്ള ചില മാര്‍ഗങ്ങളാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്
ചേര്‍ത്തലയ്ക്ക് അടുത്തുള്ള ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഒരു പ്രകൃതി സ്‌നേഹിയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക എന്നത് അയാളുടെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഒരു ഹാന്‍ഡ് മെയ്ഡ് സോപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഏകദേശം 24 വ്യത്യസ്ത പച്ച മരുന്നുകള്‍ ചേര്‍ത്ത് ഒരു പ്രത്യേക തരത്തിലാണ് ശ്രീജിത്ത് ഈ സോപ്പുണ്ടാക്കുന്നത്. ചുറ്റുപാടുമുള്ള ചെറിയ കടകളില്‍ നേരിട്ട് കൊണ്ടു പോയി വെയ്ക്കുന്നുണ്ട്. അറിയാവുന്ന ആളുകളോട് പറയുന്നുമുണ്ട്. ഒരുപക്ഷെ ഇന്ന് മാര്‍കറ്റില്‍ കിട്ടുന്ന ഏതൊരു സോപ്പിനെക്കാളും ഗുണ നിലവാരവുമുണ്ട്. പക്ഷെ ഈ ഉദ്യമം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെങ്കിലും സമീപ പ്രദേശങ്ങളിലെ ചില ആളുകളിലേക്ക് അല്ലാതെ വേറെ ആരിലേയ്ക്കും ഇത് എത്തിയിട്ടേയില്ല. അതെ, ഡിസ്ട്രിബ്യൂഷന്‍ തന്നെയാണ് വില്ലന്‍ !!!
പരിശ്രമത്തിന്റെ ആദ്യ ഘട്ടം
ഈ ലേഖന പരമ്പരയുടെ ആദ്യ ഭാഗങ്ങളില്‍ പറഞ്ഞിട്ടുള്ളതു പോലെ, ബിസിനസില്‍ മൂലധനം പ്രധാനം തന്നെയാണ്. മൂലധനം പ്രായോഗികമായി വിനിയോഗിക്കുകയും വേണം . കുറഞ്ഞ മൂലധനത്തില്‍ തുടങ്ങുന്ന ഏതൊരു ബിസിനസിനും ആദ്യ ഘട്ടത്തില്‍ നേരിട്ടുള്ള (ഇടനിലക്കാരില്ലാതെ) വിതരണ രീതിയാണ് നല്ലത്. ആ രീതിയില്‍ ശ്രീജിത്ത് ചെയ്യുന്നത് ശരിയായ കാര്യമാണ്. പക്ഷെ വ്യക്തമായ ടാര്‍ഗറ്റുകളും പുതിയ കടകള്‍ കണ്ടുപിടിച്ച് അവിടേയ്ക്ക് കൂടി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമവും ഉണ്ടാകണം. എങ്കിലേ ബിസിനസില്‍ ഉയര്‍ച്ച ഉണ്ടാകൂ. ഈസ്‌റ്റേണ്‍ കറി പൗഡറുകള്‍ ഇതിന് ഒരു ഉദാഹരണമാണ്. ആദ്യ ഘട്ടങ്ങളില്‍ നേരിട്ട് ചെയ്ത വിതരണ സമ്പ്രദായം അവര്‍ക്ക് മുതല്‍ക്കൂട്ടായി. എന്നാല്‍ പ്രത്യകം ഓര്‍ക്കുക, ബിസിനസ് പ്രൊമോട്ടറുടെ നല്ല പരിശ്രമം ഈ ഘട്ടത്തില്‍ അനിവാര്യമാണ് ആദ്യ ഘട്ടത്തില്‍, ഒരുപക്ഷെ ക്രെഡിറ്റ് കൊടുക്കേണ്ടതായി വന്നേക്കാം. മാര്‍കറ്റില്‍ സ്വാധീനമില്ലാത്ത ഏതൊരു ഉല്‍പ്പന്നത്തിനോടും ഉള്ള സ്വാഭാവികമായ പ്രതികരണം ആണിത്. ക്രെഡിറ്റ് കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ അതിനു വ്യക്തമായ പോളിസി ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. നല്ല ഫോളോ അപ്പും ഉണ്ടാകണം. ഇതിനൊപ്പം തന്നെ, കടകളില്‍ കസ്റ്റമേഴ്‌സിനു കാണാന്‍ പറ്റുന്ന തരത്തില്‍ പോസ്റ്ററുകളും മറ്റു മാര്‍ക്കറ്റിംഗ് വസ്തുക്കളും സെറ്റ് ചെയ്യുക കൂടി വേണം. തുടക്കത്തില്‍ കടക്കാരന് നല്ല മാര്‍ജിനും നല്‍കാന്‍ ശ്രദ്ധിക്കണം. ഒരു റീടെയില്‍ ഷോപ്പ് നടത്തുന്നത് അദ്ദേഹത്തിനു ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന സത്യം മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. നല്ല മാര്‍ജിനും (സ്‌കീമുകള്‍, കിഴിവ്, കോണ്ടസ്റ്റ് എന്നിവയൊക്കെയാകാം), അത്യാവശ്യം പോസ്റ്ററുകളും, ഗുണ നിലവാരവും ഉണ്ടെങ്കില്‍ ഷോപ്പ് ഓണര്‍ തന്നെ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകും .ഇത്തരത്തില്‍ ഉള്ള 100 ഷോപ്പുകള്‍ ആദ്യം സൃഷ്ടിച്ചെടുക്കു. ഈ ഘട്ടത്തില്‍ ലാഭം പ്രതീക്ഷിക്കുകയേ അരുത് . ഇത് ഒരു നിക്ഷേപമായി കണക്കിലെടുത്താല്‍ മതി . 100 ഷോപ്പുകളില്‍ നിന്ന് സ്ഥിരമായ സെയില്‍സ് വന്നു തുടങ്ങിയാല്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാം.
ബിസിനസ് വലുതാകുമ്പോള്‍
ഇനി നമ്മള്‍ ബിസിനസ് വലുതാക്കാന്‍ പോകുന്നു. ഒരുപക്ഷെ അടുത്ത ജില്ലയില്‍ കൂടി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനായിരിക്കും പ്ലാന്‍. ഒന്നുകില്‍ നേരിട്ടോ, അല്ലെങ്കില്‍ ഒരു ഡിസ്ട്രിബ്യൂട്ടര്‍ വഴിയോ ഇതു ചെയ്യാം. കഴിയുമെങ്കില്‍ അടുത്തുള്ള 3-4 ജില്ലകളില്‍ കൂടി സ്വന്തമായി വിതരണം ചെയ്യാനായിരിക്കും ഞാന്‍ നിര്‍ദ്ദേശിക്കുക. 3-4 ജില്ലകളില്‍ ഉല്‍പ്പന്നം ആയാല്‍ മാര്‍ക്കറ്റില്‍ അതിനെ കുറിച്ച് നല്ല അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടാകും . അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാന്‍ അതാണ് പറ്റിയ സമയം.
കൂടുതല്‍ ദൂരേയ്ക്ക് പോകുമ്പോള്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ ആശ്രയിക്കുന്നതാകും ഉചിതം. ട്രാന്‍സ്‌പോര്‍ട്ടിംഗ് ചെലവുകള്‍, മാര്‍കറ്റിനെ കുറിച്ചുള്ള അറിവ്, മാന്‍ പവര്‍ എന്നീ കാര്യങ്ങള്‍ എളുപ്പമാകാനും അതു തന്നെയാണ് നല്ലത്.പക്ഷേ, ഡിസ്ട്രിബ്യൂട്ടര്‍മാരെ നിയമിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം .അല്ലെങ്കില്‍ നിങ്ങളുടെ ബ്രാന്‍ഡിനെ കൊല്ലുന്നതിനു തുല്യമാകും അത്. കേരളത്തിലെ പല പ്രമുഖ ബ്രാന്‍ഡുകളും നേരിടുന്ന ഏറ്റവും വലിയ പ്രശനം കൂടിയാണിത് .
എങ്ങനെ കിട്ടും ഒരു നല്ല ഡിസ്ട്രിബ്യൂട്ടറെ ?
പലപ്പോഴും ബിസിനസ് വളര്‍ന്നു വരുന്ന ഘട്ടത്തില്‍, ഏതെങ്കിലും ഒരാള്‍ ഡിസ്ട്രിബ്യൂഷന് വരുന്നു എന്ന് അറിയുമ്പോഴേയ്ക്കും നമ്മള്‍ കണ്ണും പൂട്ടി അവരെ നിയമിച്ചു കഴിയും. പക്ഷെ ഇതാണ് പലപ്പോഴും വിനയാകുന്നത് . ഒരു ഡിസ്ട്രിബ്യൂട്ടറെ നിയമിക്കുമ്പോള്‍ എന്റെ അഭിപ്രായത്തില്‍ അഞ്ച് 'ഐ' കള്‍ ശ്രദ്ധിക്കേണ്ടതുണ്ട് / 1. ഇന്‍ഫ്രാസ്ട്രക്ചര്‍ , 2. ഇന്‍വെസ്റ്റ്‌മെന്റ്, 3. ഇന്‍വോല്‍വ്‌മെന്റ്, 4.ഇന്‍ഫ്‌ലുവന്‍സ് 5. 'ഐ' അഥവാ ഞാന്‍
സാധനങ്ങള്‍ സ്റ്റോര്‍ ചെയ്യാനുള്ള സ്ഥലം, വണ്ടികള്‍, മാന്‍ പവര്‍ എന്നിവയൊക്കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന വിഭാഗത്തില്‍ പെടുന്നു . ഇതൊന്നും ഇല്ലാത്തവര്‍ക്ക് നല്ലൊരു വിതരണ സംവിധാനം നില നിര്‍ത്താന്‍ കഴിയില്ല .ഇതിനു വേണ്ടി തന്നെ ഇന്‍വെസ്റ്റ് ചെയ്യാനും ഇതൊരു ബിസിനാസാക്കി വലുതാക്കിയെടുക്കാനും തയ്യാറാകണം വിതരണക്കാരന്‍ . അതിനു തക്കതായ ഇന്‍വോല്‍വ്‌മെന്റ് , അതായത് പരിശ്രമം ഡിസ്ട്രിബ്യൂട്ടരുടെ ഭാഗത്തു നിന്ന് തന്നെ ഉണ്ടായേ തീരൂ .ഇതിലൊക്കെ ഉപരിയായി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന മാര്‍കറ്റില്‍ വ്യക്തമായ സ്വാധീനവും കൂടി വേണം . ഷോപ്പ് ഓണര്‍മാരെ അറിയുന്ന വിതരണക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ 'പ്ലെയ്‌സ് ; ചെയ്യാന്‍ എളുപ്പമായിരിക്കും . അഞ്ചാമത്തെയും അവസാനത്തെയും കാര്യം 'ഐ ' ആണ് അഥവാ നിങ്ങള്‍ തന്നെ. ഡിസ്ട്രിബ്യൂട്ടര്‍ എത്ര തന്നെ കഴിവുള്ളവന്‍ ആണെങ്കിലും നിങ്ങളെയും നിങ്ങളുടെ ഉല്‍പ്പന്നത്തെയും ആശ്രയിച്ചാണ് അവരുടെ നിലനില്‍പ്പ്. പലപ്പോഴും നല്ല ഡിസ്ട്രിബ്യൂട്ടറെ നിയമിച്ചതിനു ശേഷം ഉല്‍പ്പന്നങ്ങള്‍ സമയത്തിന് എത്തിച്ചു കൊടുക്കാന്‍ സാധിക്കാത്തവരെ കണ്ടിട്ടുണ്ട്. അത് വളരെ അപകടകരമാണ്. വിതരണക്കാരനും ബിസിനസ് ഓണറും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു പേര്‍ക്കും വിജയിക്കാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. എങ്കിലേ ഏതൊരു ബിസിനസിനും നിലനില്‍പ്പുള്ളൂ...
പ്രത്യേകം ഓര്‍ക്കുക-പരസ്യങ്ങള്‍ക്കും മറ്റും വന്‍ തുക ചെലവാക്കുന്നതിന് മുന്‍പായി ശക്തമായ ഒരു വിതരണ സംവിധാനം കെട്ടിപ്പടുക്കേണ്ടതുണ്ട്. ആദ്യ ഘട്ടം വളരെ പതുക്കെ ആയേക്കാം, പക്ഷെ പിന്നീട് വേഗത കൈ വരുമെന്ന് തീര്‍ച്ച. ഡിസ്ട്രിബ്യൂട്ടര്‍ അല്ലാതെ സ്റ്റോക്കിസ്റ്റ്, സൂപ്പര്‍ സ്റ്റോക്കിസ്റ്റ്, ഫ്രാഞ്ചൈസികള്‍, ഓണ്‍ലൈന്‍ തുടങ്ങി പല തരത്തില്‍ വിതരണ ശ്രുംഖല കെട്ടിപ്പടുക്കാം. പുതിയ കാലഘട്ടത്തില്‍ ഏറ്റവും ക്രിയാത്മകമായി വിതരണ സംവിധാനങ്ങള്‍ ഉണ്ടാക്കുന്ന ബിസിനസുകളാണ് വിജയിക്കുക.
ഇന്നു മുതലേ ആരംഭിച്ചോളൂ ...പുത്തന്‍ വിതരണ രീതികള്‍ക്കായുള്ള തിരച്ചില്‍ ...!!!!!

ഒരു നല്ല സെയില്‍സ് ടീമിനെ എങ്ങനെ വാര്‍ത്തെടുക്കാം?


തെക്കന്‍ കേരളത്തിലെ പ്രശസ്തമായ ഒരു ട്രെയിനിംഗ് സ്ഥാപനത്തിന്റെ അമരക്കാരനാണ് പ്രിന്‍സ്. 1500 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ നൂറിലധികം സ്റ്റാഫുണ്ട്. വലിയ ക്ലാസ്മുറികളും അനേകം കംപ്യൂട്ടറുകളും ചില്ലിട്ട കാബിനുകളുമൊക്കെയായി ഒരു വലിയ സംരംഭം തന്നെയാണത്. കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുന്നതും പരസ്യങ്ങള്‍ കൊടുക്കുന്നതും കോളുകള്‍ അറ്റന്റ് ചെയ്യുന്നതും അഡ്മിഷന്‍ കൊടുക്കുന്നതുമെല്ലാം പല വിദഗ്ദ്ധരായിരിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി... എല്ലാം നമ്മുടെ പ്രിന്‍സ് തന്നെ! 

കഴിഞ്ഞ 4 വര്‍ഷമായി സ്ഥിരമായി 1000-1500 കുട്ടികള്‍ പഠിക്കുന്നു. എന്നാല്‍ അതിനപ്പുറത്തേക്ക് ഒരടിപോലും മുന്നേറാന്‍ സാധിക്കുന്നുമില്ല. 5 പേരടങ്ങുന്ന ഒരു സെയില്‍സ് ടീം നോക്കുകുത്തിയായി ഇരിക്കുന്നുമുണ്ട്. പക്ഷേ, അവരെയേല്‍പ്പിച്ചാല്‍ ഈ 1000 വെറും 500 ആയി ചുരുങ്ങുമെന്നാണ് പ്രിന്‍സിന്റെ പക്ഷം. ഇവരെ പിരിച്ചുവിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമോ എന്നും ഭയമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പ്രിന്‍സ്, ചെകുത്താനും കടലിനും നടുവില്‍ തന്നെയാണ് സര്‍വീസ് മാര്‍ക്കറ്റിംഗില്‍ മത്രമല്ല, പ്രൊഡക്ട് മാര്‍ക്കറ്റിംഗിന്റെ കാര്യത്തിലും പല സ്ഥലങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. ഒരു നല്ല സെയില്‍സ് ടീമിലൂടെയുള്ള ബിസിനസ് വര്‍ദ്ധന ഉണ്ടാകുന്നേയില്ല. പലരും സ്വന്തം ബന്ധങ്ങളിലൂടെ ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച് സംതൃപ്തരാകുകയാണ്.

സെയില്‍സിന് ആളെ കിട്ടില്ലേ?

എന്തുകൊണ്ടാണ് നിങ്ങള്‍ സെയില്‍സ് ടീം വിപുലീകരിക്കാന്‍ ശ്രമിക്കാത്തത് എന്ന് ചോദിച്ചാല്‍ ആളെ കിട്ടണ്ടേ എന്ന ഉത്തരം കേള്‍ക്കാം. പക്ഷേ ആളെ എങ്ങനെ കിട്ടും എന്ന് ചിന്തിച്ചിട്ടുണ്ടോ? ബന്ധുവിനേയും അയല്‍ക്കാരനേയും സുഹൃത്ത് കാണിച്ചുതരുന്നവനേയും ചുമ്മാ പിടിച്ച് സെയില്‍സ് മാനേജരാക്കുന്ന മാജിക്ക് നിര്‍ത്തലാക്കണം. എന്നിട്ട് സാമാന്യയുക്തിക്ക് നിരക്കുന്ന രീതികള്‍ അവലംബിക്കണം. അങ്ങനെയെങ്കില്‍ പരസ്യം കൊടുക്കാമെന്നാകും ബിസിനസ് ഓണറുടെ മറുപടി. പലരും ക്ലാസിഫൈഡില്‍ പരസ്യം കൊടുക്കുന്നത് കാണാം. ചിലര്‍ നോട്ടീസ്, പോസ്റ്റര്‍ തുടങ്ങിയ മറ്റ് ചെലവ് കുറഞ്ഞ രീതികളും പരീക്ഷിക്കും. ഇത്തരക്കാര്‍ സ്വന്തം ബിസിനസിന്റെ കഴുത്തറുക്കുകയാണ്. കെട്ടിടത്തിനും മെഷിനറിക്കും ചെലവാക്കിയ ലക്ഷങ്ങള്‍, വെറുതെ കിടന്ന് തുരുമ്പെടുക്കാതിരിക്കണമെങ്കില്‍ ഹ്യൂമന്‍ റിസോഴ്‌സിന് അതിന്റേതായ പ്രാധാന്യം നല്‍കിയേ തീരൂ. ഒരു പ്രധാന പത്രത്തില്‍, അത്യാവശ്യം വലുപ്പത്തില്‍, നല്ല രീതിയില്‍ ചെയ്യുന്ന ഒരു പരസ്യം ആളുകള്‍ ശ്രദ്ധിക്കുകയും അവരിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും.

നല്ല പരസ്യം എല്ലാത്തിനും പരിഹാരമാണോ?

ഒരു നല്ല പരസ്യം ചെയ്തുകൊണ്ട് മാത്രമായില്ല, വരുന്ന കോളുകള്‍ നല്ല രീതിയില്‍ അറ്റന്റു ചെയ്യുകയും, ഇന്റര്‍വ്യൂ തീയതിയും സ്ഥലവും കൃത്യമായി പറഞ്ഞുകൊടുക്കുകയും വേണം. കോള്‍ അറ്റന്റ് ചെയ്യുന്നതിന്റെ പ്രൊഫഷണലിസത്തിലൂടെയാണ് പലരും ഇന്റര്‍വ്യൂവിന് വരണോ എന്ന് തീരുമാനമെടുക്കുന്നത്. അതിനാല്‍ ഇത്തരം കോളുകള്‍ അറ്റന്റ് ചെയ്യാന്‍ ഒരു പ്രൊഫഷണലിനെത്തന്നെ നിയോഗിക്കുക.

ഇന്റര്‍വ്യു വളരെ പ്രധാനമാണെന്ന് മനസിലാക്കുക. അതിനാല്‍ത്തന്നെ സ്ഥാപനത്തിന്റെ ഓണര്‍ക്കൊപ്പം, സാധിക്കുമെങ്കില്‍ ചില ഇന്റര്‍വ്യൂ സ്‌പെഷലിസ്റ്റുകളെക്കൂടി പാനലില്‍ ഉള്‍പ്പെടുത്തുക. സെയില്‍സ് മാനേജറുടേയും എക്‌സിക്യുട്ടീവിന്റേയുമെല്ലാം ഉത്തരവാദിത്തങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടായിരിക്കണം ഇന്റര്‍വ്യു നടത്തേണ്ടത്. അതിനൊപ്പം തന്നെ അവര്‍ നേടിയെടുക്കേണ്ട ബിസിനസിനെക്കുറിച്ചും അവര്‍ക്ക് പരമാവധി നല്‍കാന്‍ കഴിയുന്ന ശമ്പളത്തെക്കുറിച്ചും ധാരണ വേണം. ഒരുകാര്യം ഓര്‍ത്തുവയ്ക്കുക. നിങ്ങളുടെ സെയില്‍സ് ടീം നിങ്ങളുടെ ബിസിനസിന്റെ ഏറ്റവും പ്രധാന കണ്ണിയാണ്. അതിനാല്‍തന്നെ, അവര്‍ക്ക് നല്ല പ്രതിഫലം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇന്റര്‍വ്യുവില്‍ നിങ്ങള്‍ക്ക് യോജിക്കുമെന്ന് തോന്നുന്നയാളെ, അയാള്‍ക്ക് പൂര്‍ണമായും സമ്മതമായ ഒരു ശമ്പളനിരക്കില്‍ നിയമിക്കുക.

പ്രതിഫലം മാത്രം മതിയോ?


നല്ല പ്രതിഫലം എന്നത് ഒരു ഭാഗം മാത്രമാണ്. താന്‍ ചെയ്യേണ്ടതെന്തൊക്കെയാണെന്നും അതെങ്ങനെ ചെയ്യണമെന്നും വിശദമാക്കുന്ന ഒരു നല്ല ട്രെയിനിങ്ങ് അയാള്‍ക്ക് നല്‍കേണ്ടതുണ്ട്. കഴിയുമെങ്കില്‍ സെയില്‍സ് മാനേജര്‍ക്ക് താഴെ വരുന്ന എക്‌സിക്യുട്ടീവുകളെ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ തെരഞ്ഞെടുക്കുക. കൂടുതല്‍ ഉത്തരവാദിത്തബോധവും ഓണര്‍ഷിപ്പും നല്‍കാന്‍ അത് ഉപകരിക്കും. ഇതിനെല്ലാം ചേര്‍ത്ത് ഒരു മാസത്തില്‍ കൂടുതല്‍ സമയം എടുക്കരുത്. കൂടുതല്‍ സമയമെടുക്കുന്നത് ടീമിന്റെ ആത്മവിശ്വാസത്തേയും കെട്ടുറപ്പിനേയും ബാധിക്കും. ടീം സെലക്ഷന്‍ പൂര്‍ത്തിയായാല്‍ ഉല്‍പ്പന്നം, ഉല്‍പ്പാദനം, മത്സരം, പുതിയ രീതികള്‍ എന്നിവയെക്കുറിച്ചൊക്കെ ആഴത്തില്‍ പ്രതിപാദിക്കുന്ന ഒരു പ്രാക്ടിക്കല്‍ ട്രെയിനിംഗ് നിര്‍ബന്ധമാണ്. കമ്പനിയെക്കുറിച്ചും അതിന്റെ ഉല്‍പ്പന്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഒപ്പം ടീമംഗങ്ങള്‍ തമ്മില്‍ ഒത്തൊരുമയുണ്ടാകാനും ഇത്തരം ട്രെയിനിംഗുകള്‍ സഹായിക്കും.

റിസള്‍ട്ട് എങ്ങനെ അറിയാം?


പല ബിസിനസുകാരും റിക്രൂട്ട് ചെയ്താല്‍ പിറ്റേദിവസം മുതല്‍ റിസള്‍ട്ട് ആഗ്രഹിക്കുന്നവരാണ്. പക്ഷേ, വ്യക്തമായ ട്രെയി
നിംഗ്, സപ്പോര്‍ട്ട് എന്നിവ കൊടുത്താല്‍പോലും മൂന്നുമാസമെങ്കിലും കഴിയാതെ ഒരു സെയില്‍സ് ടീമിനെ അളക്കരുത്. മൂന്നുമാസം മുതല്‍ ആറുമാസം വരെയുള്ള (ഇന്‍ഡസ്ട്രി അനുസരിച്ച് വ്യത്യാസപ്പെടാം) കാലം ഒരു ചെടി നട്ടുനനയ്ക്കുന്ന പോലെ തങ്ങളുടെ ടീമിനെ കരുത്തുറ്റതാക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയാണ് വേണ്ടത്. ആഴ്ചതോറുമുള്ള കണ്‍സ്ട്രക്ടീവ് റിവ്യുകള്‍ അതില്‍ പ്രധാനമാണ്. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍, സെയില്‍സ് ടീമില്‍ നിന്നുതന്നെ വരുത്താന്‍ ശ്രദ്ധിക്കുക. 

അവരുടെ അഭിപ്രായങ്ങള്‍ക്കും വില കൊടുക്കുക. കൂടുതല്‍ ഉത്തരവാദിത്തങ്ങളും പവറും ഏല്‍പ്പിച്ചുകൊടുക്കുക. ആറുമാസം കഴിയുമ്പോഴേക്കും തങ്ങളുടെ സ്വന്തം ബിസിനസ് ആണെന്ന് തോന്നല്‍ അവരിലുളവാക്കുക. ഒരുപക്ഷേ ജീവിതാവസാനം വരേക്കും അവര്‍ നിങ്ങളോടൊപ്പം ഉണ്ടായേക്കാം. തെറ്റുകള്‍ കണ്ടാല്‍ തിരുത്താനും, അവര്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നു കൊടുക്കാനുമെല്ലാം നിരന്തരമായ ഇടപെടലുകളും ആവശ്യമാണ്. അതിനുശേഷം ഇന്‍സെന്റീവ്‌സ്, കമ്മീഷന്‍ എന്നിവയൊക്കെ ശാസ്ത്രീയമായി വികസപ്പിച്ചെടുത്ത് കൂടുതല്‍ പ്രൊഫഷണലൈസ് ചെയ്യാവുന്നതാണ്.

നമ്മളില്‍ പലരും പ്രിന്‍സിനെപ്പോലെയാണ്. അനാവശ്യമായ കാര്യങ്ങള്‍ക്കുവേണ്ടി സമയവും പണവും ചെലവഴിച്ചുകൊണ്ടേയിരിക്കും. ഇനിയെങ്കിലും ഒരു നല്ല ടീം വാര്‍ത്തെടുക്കാനായി അല്‍പ്പം സമയവും പണവും മാറ്റിവയ്ക്കൂ....ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തൂ...

നിങ്ങള്‍ ബിസിനസിന് അകത്തോ, പുറത്തോ?


രു ചെറിയ സ്‌റ്റേഷനറി കട നടത്തുന്ന, അച്ഛന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹം വളരെ ഊര്‍ജ്ജസ്വലനും നല്ല കാര്യപ്രാപ്തിയുള്ള ആളുമാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ കാര്യങ്ങള്‍ മുന്‍കൈ എടുത്തു ചെയ്യുന്ന ഒരാള്‍. പക്ഷെ, നാട്ടിലെ മിക്ക പരിപാടികളിലും ഇദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കാറില്ല. കടയടച്ചു പോന്നാല്‍ 'ശരിയാവില്ല' എന്നതുതന്നെ കാരണം. മുമ്പ് ഒരു തവണ കട, അസിസ്റ്റന്റ് സാഗറിനെ ഏല്‍പ്പിച്ചു പോന്നതിന്റെ കഥ ഇപ്പോഴും അദ്ദേഹം പറയും. തെറ്റി എടുത്തുകൊടുത്തത് 800 രൂപയുടെ സാധനങ്ങള്‍, കാണാതായത് വേറെ 650 രൂപയോളം. പിന്നെ കണക്കെഴുത്ത് തെറ്റിയതിലൂടെ വേറെയൊരു 1200 രൂപയും. അതോടെ ഇത്രയും മൂല്യമെങ്കിലും ഉള്ള പരിപാടികള്‍ വന്നാലേ കടയടച്ചിടുന്ന (സാഗറിനെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ!) പ്രശ്‌നം ഉദിക്കുന്നുള്ളൂ എന്ന് കക്ഷി തീരുമാനി ച്ചു. പ്രതാപന്‍ എന്ന് പേരുള്ള വേറൊരു പരിചയക്കാരനുണ്ട്. അദ്ദേഹത്തിന് ആഫ്രിക്കയിലേക്ക് തുണി കയറ്റി അയക്കുന്ന ബിസിനസാണ്. ഒപ്പം രണ്ട് ചെമ്മീന്‍കെട്ടും മൂന്നാറില്‍ ഒരു ഫാം ഹൗസുമുണ്ട്. കോടികളുടെ വരുമാനമുള്ള ശരിക്കും ഒരു പ്രതാപന്‍! ഇദ്ദേഹമാകട്ടെ നല്ല വെള്ള ജുബ്ബയും മുണ്ടും കയ്യില്‍ ഒരു 'ടിസോട്ട്' വാച്ചും കെട്ടി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാകും. ഒരുകാലത്ത് എന്നെ ഏറെ കുഴക്കിയിരുന്ന ഒരു ചോദ്യമായിരുന്നു അത്! ചില ബിസിനസുകാര്‍ വളരെ 'ബിസി'യും മറ്റു ചിലര്‍ വളരെ 'ഫ്രീ'യും ആകുന്നതെങ്ങനെ?

അകത്തും പുറത്തും

ബിസിനസുകളെ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ് ഈ ചോദ്യവും ഉത്തരവും കൂടുതല്‍ സ്പഷ്ടമായത്. റോബര്‍ട്ട് കയോസാക്കി പറയുന്നതുപോലെ, നിങ്ങളില്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് മുന്നോട്ട് പോകുന്നില്ലെങ്കില്‍, നിങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്കുവേണ്ടി ജോലിയെടുക്കുന്നത്. ഒരു ട്രെയിനറെയോ, ഡോക്ടറേയോ 
പോലെ അത് ഒരുതരം സെല്‍ഫ് എംപ്ലോയ്‌മെന്റാണ്. ഇന്ന് ജോലിചെയ്താല്‍ പ്രതിഫലം ഇല്ലെങ്കില്‍ ഇല്ല എന്ന അവസ്ഥ.

ഇത്തരം ഒരു അവസ്ഥയെ ബിസിനസ് എന്ന് വിളിക്കാനേ സാധ്യമല്ല. അതുകൊണ്ടു തന്നെ അച്ഛന്റെ ആ സുഹൃത്ത് ചെയ്യുന്നത് വെറുമൊരു സെല്‍ഫ് എംപ്ലോയ്‌മെന്റും എന്‍ഗേജ്‌മെന്റുമാണ്. ഇത്തരക്കാര്‍ ചെയ്യുന്നത് ബിസിനസ് ആണെന്ന തെറ്റിദ്ധാരണയില്‍ ജീവിതം മുഴുവന്‍ നാല് ചുമരുകള്‍ക്കുള്ളില്‍ ഹോമിക്കുകയാണ്. ചെറിയ കച്ചവടക്കാരില്‍ മാത്രമല്ല, അല്‍പ്പസ്വല്‍പ്പമൊക്കെ നല്ല രീതിയില്‍ സ്ഥാപനം വികസിപ്പിച്ചെടുത്തവരിലും ഈ 'അസുഖം' കാണാറുണ്ട്. പര്‍ച്ചേസും സ്റ്റോക്കും എക്കൗണ്ട്‌സും സെയില്‍സും എല്ലാം ഒറ്റയ്ക്ക് ചെയ്ത് 'സന്തോഷ് പണ്ഡിറ്റാ'കാന്‍ ശ്രമിക്കുന്നവര്‍ ഏറെ. ഇവരെല്ലാം ബിസിനസിന് അകത്താണ്!

ബിസിനസുകാര്‍ 'പണ്ഡിറ്റ്' ആകുമ്പോള്‍

എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ബിസിനസുകാര്‍ ഒന്നും ശരിയായി ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഓരോന്നും ചെയ്യാന്‍ കഴിവുള്ള, വിശ്വസ്തരായ ആളുകളെ കണ്ടെത്തി ഏല്‍പ്പിച്ചു കൊടുക്കുന്നിടത്താണ് ബിസിനസ് മാനേജ്‌മെന്റിന്റെ വൈദഗ്ദ്ധ്യം കാണിക്കേണ്ടത്. അല്ലാതെ എല്ലാം സ്വയം ചെയ്താലേ ശരിയാകൂ എന്ന് വിശ്വസിക്കുന്നത് അബദ്ധമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ട് കൂവിയാര്‍ക്കുന്ന ഇത്തരക്കാര്‍, അതിനേക്കാള്‍ മോശമായാണ് ഒരു ബിസിനസ് നടത്തുന്നതെന്ന് മനസിലാക്കുന്നേയില്ല. അവര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

സ്റ്റാഫ് നമ്മളെ പറ്റിക്കുമോ?

ഇത്തരം 'പണ്ഡിറ്റു'മാര്‍ സ്ഥിരം പറയുന്ന ഒരു അനുഭവകഥയുണ്ട്. ഏതെങ്കിലും ഒരു സ്റ്റാഫ് പറ്റിച്ചുകടന്നുകളഞ്ഞ കഥ! എങ്ങനെ, എന്തുകൊണ്ട് പറ്റിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ? ഒരുകാര്യം വ്യക്തമായി മനസിലാക്കിയേ പറ്റൂ. നമ്മള്‍ അനുവദിച്ചുകൊടുക്കാതെ നമ്മളെയാര്‍ക്കും പറ്റിക്കാന്‍ സാധ്യമല്ല. സ്റ്റാഫ് എന്തു ചെയ്യുന്നുവെന്നും ഷോപ്പില്‍ എത്ര സ്റ്റോക്കുണ്ടെന്നും കാഷുണ്ടെന്നും, എത്ര ക്രെഡിറ്റ് കൊടുത്തിട്ടുണ്ടെന്നും ഒന്നും വ്യക്തമായി അറിയാന്‍ സംവിധാനമില്ലാതെ കാര്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത് തെരുവില്‍ ഒരു സ്വര്‍ണാഭരണം അലക്ഷ്യമായി വലിച്ചെറിയുന്നതിന് സമാനമാണ്. ആരെങ്കിലും എടുത്തുകൊണ്ടുപോ കുമെന്ന് തീര്‍ച്ച. വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ശരിയായി വികസപ്പിച്ചെടുത്ത റിപ്പോര്‍ട്ടുകളും സാങ്കേതികവിദ്യയുടെ സഹായവും കൂടിയാകുമ്പോള്‍ ഒരാള്‍ക്കും ആരെയും പറ്റിക്കാന്‍ കഴിയാതെ വരും. പക്ഷെ ഇത്തരം 'സിസ്റ്റം' വികസിപ്പിച്ചെടുക്കാന്‍ ഒരു നല്ല മാനേജ്‌മെന്റ് വിദഗ്ധന്റെ സഹായം വേണ്ടിവന്നേക്കാം.

എങ്ങനെ ബിസിനസിന് പുറത്തേക്ക് കടക്കാം?

എല്ലാ ജോലിയും ഒറ്റയ്ക്ക് ചെയ്ത് ഒരു യാത്രപോലും പോകാന്‍ പറ്റാത്ത രീതിയില്‍ ബിസിനസിന് അകത്ത് കുടുങ്ങിക്കിടക്കുന്നവര്‍ ബിസിനസ് 'സിസ്റ്റമൈസ്' ചെയ്‌തേ മതിയാകൂ. ഓരോ ജോലിക്കാരനും വ്യക്തമായ ഉത്തരവാദിത്തങ്ങളും അത് പൂര്‍ത്തിയാക്കിയോ എന്ന് ഉറപ്പുവരുത്താനുള്ള റിപ്പോര്‍ട്ടിംഗ് രീതികളും വികസിപ്പിച്ചെടുക്കുക. ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം തേടാമെങ്കില്‍ വളരെ നന്ന്. പക്ഷെ നമുക്കാവശ്യമുള്ള എല്ലാ റിപ്പോര്‍ട്ടുകളും അനാലിസിസുകളും ഉള്ള സോഫ്റ്റ്‌വെയറാണെന്ന് ഉറപ്പുവരുത്തണം. ഇതിനൊക്കെ ഒരുപാട് പണം വേണ്ടേ എന്നതാണ് പലരുടേയും വേവലാതി. പല ചെറിയ സോഫ്റ്റ്‌വെയറുകളും ഇന്ന് വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. മാത്രമല്ല, ഇനി വില കൂടിയ സോഫ്റ്റ്‌വെയറുകളാണെങ്കില്‍ തന്നെ, നിങ്ങള്‍ ലാഭിക്കുന്ന സമയത്തിന്റെ വിലയോളം വരില്ല അത്. കാര്യങ്ങള്‍ പ്രൊഫഷണലാകുമ്പോള്‍, ജീവനക്കാരില്‍ പലര്‍ക്കും അതിനോടൊപ്പം എത്താനുള്ള കഴിവോ മനോഭാവമോ ഉണ്ടായെന്നു വരില്ല. അത്തരക്കാരെ അവര്‍ക്കു കഴിയുന്ന ജോലികളിലേക്ക് ഒതുക്കി നിര്‍ത്തി, കഴിവുള്ളവരുടെ ഒരു ടീം സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. 20 വര്‍ഷം കൂടെയുണ്ടായിരുന്നു എന്ന ഒറ്റകാരണം കൊണ്ട് ഒരാളെ ഓപ്പറേഷന്‍സ് ഹെഡ് ആക്കേണ്ട കാര്യമില്ല. അയാളുടെ കഴിവും മനോഭാവവും അനുയോജ്യമാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, മറ്റേതെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക. വളരെ മോശം മനോഭാവവും മാറ്റങ്ങളെ എതിര്‍ക്കുന്നവരുമാണെങ്കില്‍ പതിയെ പറഞ്ഞുവിടുന്നതാകും ഉചിതം. 

നിങ്ങള്‍ക്ക് മാനസികമായി ഒരുപാട് അടുപ്പമുള്ള ഒരാളാണെങ്കില്‍ പറഞ്ഞുവിട്ടിട്ട്, എല്ലാ മാസവും വീട്ടിലേക്ക് ഒരു സംഖ്യ അയച്ചുകൊടുത്താലും തരക്കേടില്ല...! അല്ലെങ്കില്‍ ഇത്തരക്കാര്‍ മൊത്തം ബിസിനസിനേയും ബാധിക്കുന്ന കാന്‍സര്‍ ആയേക്കാം. ഇനി പഴയ പ്രതാപന്‍ ചേട്ടനിലേക്ക് വരാം. അതെ, അദ്ദേഹം ഇത്തരത്തില്‍ ബിസിനസിനു പുറത്തുകടന്ന ആളാണ്. രാവിലെയും വൈകിട്ടും സ്മാര്‍ട്ട് ഫോണില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പര്‍ച്ചേസ്, സ്‌റ്റോക്ക്, എക്കൗണ്ട്‌സ്, സെയില്‍സ് എല്ലാം മൊബീല്‍ സ്‌ക്രീനിലുണ്ട്. ആവശ്യമെന്നു തോന്നിയാല്‍ ക്യാമറയില്‍ കാണാനുള്ള സൗകര്യവും ചെയ്തിരിക്കുന്നു. എല്ലാ ബിസിനസിലേയും ഒരു മേലുദ്യോഗസ്ഥനോട് മാത്രമേ ദിവസേനയുള്ള ആശയവിനിമയം ഉള്ളൂ. അതും അത്യാവശ്യങ്ങള്‍ക്ക് മാത്രം. ആഴ്ചയില്‍ ഒരുതവണ സൈറ്റുകളില്‍ സന്ദര്‍ശനം നടത്തി റിവ്യൂ ചെയ്യും...ബാക്കി എല്ലാ പരിപാടികളുടേയും മുന്നിലുണ്ടാവുകയും ചെയ്യും.

ഇങ്ങനെയാണ് ബിസിനസിന് പുറത്തേക്ക് കടക്കുന്നത്. ബിസിനസ് ഒരു വലിയ വനം പോലെയാണ്. വനത്തിനകത്താണെങ്കില്‍, പുറകില്‍ മറഞ്ഞു നില്‍ക്കുന്ന പുലിയെ പോലും നമ്മള്‍ കണ്ടില്ലെന്നു വരാം. വനത്തിന് മുകളിലൂടെ ഒരു ഹെലികോപ്റ്ററില്‍ പറക്കുകയാണ് വേണ്ടത്. മരവും മൃഗങ്ങളും പുഴയും എല്ലാം കണ്ടും നിരീക്ഷിച്ചും വ്യക്തമായ ഒരു രൂപരേഖയുണ്ടാക്കാം. എങ്കില്‍ ഇനി വൈകേണ്ട! 

ഉടനെ പുറത്തുകടന്നോളൂ.... സ്മാര്‍ട്ടായിക്കോളൂ.....

Friday, October 14, 2016

ബിസിനസും പ്രായവും തമ്മില്‍ ബന്ധമുണ്ടോ?

ബിസിനസും പ്രായവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് പറയേണ്ടിവരും. ഇന്ന് വിജയം നേടിയിട്ടുള്ള പഴയ ബിസിനസുകാരുടെ ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി അത് മനസിലാകാന്‍! അവരില്‍ മിക്കവരും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് കൗമാര കാലത്തു തന്നെ ബിസിനസിലേക്ക് ഇറങ്ങിയവരാണ്. പക്ഷേ, ഇടക്കാലത്ത് വെച്ച് നമുക്ക് ആ ശീലം (ഇടയില്‍ വെച്ച് പഠനം നിറുത്തുന്ന ശീലം!) നഷ്ടപ്പെട്ടുപോയി. കാരണം ഇങ്ങനെ ബിസിനസുകാരായി കാശുണ്ടാക്കിയവരില്‍ പലരും തങ്ങളുടെ മക്കള്‍, തങ്ങള്‍ നേടാത്ത വിദ്യാഭ്യാസം നേടണം എന്ന് ആഗ്രഹിച്ചു. അങ്ങനെ യുഎസിലും യുകെയിലും ഉന്നത വിദ്യാഭ്യാസത്തിനായി ആ തലമുറ പറന്നു. അവരൊക്കെ ഇപ്പോള്‍ തിരിച്ചുവന്ന് ബിസിനസ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു.
എന്റെ ഒരു പരിചയക്കാരനുണ്ട്! കേരളത്തില്‍ തന്നെ അറിയപ്പെടുന്ന സാനിറ്ററിവെയര്‍ ഔട്ട്‌ലെറ്റിന്റെ ഉടമയാണ് കക്ഷി. തല്‍ക്കാലം നമുക്ക് പുള്ളിയെ ജോസഫ് എന്നു വിളിക്കാം! പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പിതാവിന്റെ ഹാര്‍ഡ്‌വെയര്‍ ബിസിനസിനെ സഹായിക്കാന്‍ ഇറങ്ങിയതാണ്. പിന്നെ ഇതുവരെ തിരിച്ചു കയറിയിട്ടില്ല. രണ്ട് ആണ്മക്കള്‍….ജോഫിനും ജോനാതനും. ചെറിയ രീതിയില്‍ തുടങ്ങിയ ബിസിനസ് മറ്റു വലിയ എതിരാളികള്‍ ഇല്ലാതിരുന്നതിനാലും ജോസഫേട്ടന്റെ ചില തരികിട നമ്പരുകള്‍ കൊണ്ടും ലാഭത്തിലായി…നാട്ടിലെ പ്രമാണികളില്‍ ജോസഫേട്ടന്‍ മുന്‍നിരയിലെത്തി…പിള്ളാരെ ഈ ‘കക്കൂസ് വില്‍ക്കുന്ന'(അദ്ദേഹത്തിന്റെ ഭാഷയാണ്!) പരിപാടിയില്‍ അദ്ദേഹം തൊടീച്ചില്ല. ജില്ലയിലെ മുന്തിയ സ്‌കൂളില്‍ തന്നെ പഠിപ്പിച്ചു. പറക്കമുറ്റാറായപ്പോള്‍ രണ്ടിനെയും യുകെയിലേക്കും യുഎസിലേക്കും പറപ്പിച്ചു!! ജോസഫേട്ടന്‍ പഴയ സ്‌റ്റൈലില്‍ തന്നെ കച്ചോടം തുടര്‍ന്നു.
ലോറിക്കാരോട് വഴക്കടിച്ചും കമ്പനിക്കാരോട് ഗുസ്തി പിടിച്ചും ജോസഫേട്ടന്‍ കത്തിക്കയറി. ബ്രാഞ്ചുകള്‍ ആറെണ്ണം ജില്ലയുടെ പല ഭാഗങ്ങളില്‍ ഉയര്‍ന്നു. അങ്ങനെയിരിക്കുമ്പോള്‍ അതാ വരുന്നു ജോഫിന്‍…,യുകെയില്‍ നിന്ന്! പിന്നാലെ തന്നെ ജോനാതനും! യുകെയില്‍ കാറ് കഴുകുന്ന ജോലി മാത്രമേ കിട്ടുള്ളൂ എന്ന് മനസിലാക്കിയ ജോഫിന്‍, നാട്ടിലെ ബിസിനസ് താന്‍ പഠിച്ച ബിസിനസ് മാനെജ്‌മെന്റ്‌വെച്ച് പ്രൊഫഷണല്‍ ആക്കിക്കളയാമെന്ന് തീരുമാനിച്ചാണ് വരവ്! ജോഫിന്‍ വരുന്നു എന്നറിഞ്ഞ്, അവസരം കളയണ്ട എന്ന് കരുതിയാണ് യുഎസില്‍ ഹോട്ടല്‍ മാനെജ്‌മെന്റ് പഠിച്ച ജോനാതന്‍ ഇറങ്ങിപ്പുറപ്പെട്ടത്! സംഭവം എന്തായാലും രണ്ടു പേരും നാട്ടിലെത്തി. ജോസഫേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. മക്കള്‍ അടുത്തെത്തിയ ആനന്ദനിര്‍വൃതിയിലായിരുന്നു ജോസഫേട്ടന്‍! ഉന്നത വിദ്യാഭ്യാസം നേടിയ മക്കള്‍ക്ക് തന്നെക്കാള്‍ നന്നായി ബിസിനസ് നോക്കിനടത്താന്‍ കഴിയുമെന്നും പുള്ളി ഉറപ്പിച്ചു. ജോഫിന് പര്‍ച്ചെയ്‌സിന്റെ ചുമതലയും ജോനാതന് സെയില്‍സിന്റെ ചുമതലയും നല്‍കി, ജോസഫേട്ടന്‍ കളി കാണാന്‍ ഗാലറിയില്‍ ഇരുന്നു…സോറി..ഗാലറിയില്‍ നിന്ന് എഴുന്നേറ്റ് ഒരു മാസത്തെ സുഖ ചികിത്സയ്ക്ക് പോയി.
ആദ്യം പൊട്ടിത്തുടങ്ങിയത് ബിസിനസ് മാനെജ്‌മെന്റ് വിദഗ്ധന്‍ ജോഫിന്‍ കൈകാര്യം ചെയ്ത പര്‍ച്ചെയ്‌സിംഗ് തന്നെയായിരുന്നു. ആടിക്കറക്കാനും പാടിക്കറക്കാനും അറിയാമായിരുന്ന ജോസഫേട്ടന്റെ മക്കള്‍ കമ്പനികളെയും അവരുടെ സ്റ്റാഫിനെയും അഭിമുഖീകരിച്ചപ്പോള്‍ മുട്ടിടിച്ചു. ജോസഫേട്ടന് ക്രെഡിറ്റ് കൊടുത്തിരുന്ന പലരും ജോഫിന് അത് നല്‍കാന്‍ തയാറായില്ല. പലതും റെഡി കാഷില്‍ മേടിക്കേണ്ടിവന്നു. കാലങ്ങളുടെ ബിസിനസ് പരിചയമുള്ള ജോസഫേട്ടന് എന്ത് എപ്പോള്‍ വാങ്ങണമെന്ന് മനപാഠമായിരുന്നു. ഇതറിയാത്ത ജോഫിന്‍, മറ്റുള്ളവരുടെ വാക്കുകള്‍ അതേപടി വിഴുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ റെഡി കാഷിന് കോടികളുടെ ഡെഡ് സ്‌റ്റോക്ക് ഉണ്ടാക്കുകയായിരുന്നു ജോഫിന്‍. ഇത് സെയില്‍സിനെയും ബാധിക്കാന്‍ തുടങ്ങി. കസ്റ്റമേഴ്‌സുമായി ഇതുവരെ ഇടപഴകിയിട്ടില്ലാത്ത ജോനാതന്‍ പലരെയും വെറുപ്പിക്കാന്‍ കൂടി തുടങ്ങിയതോടെ വെറും ഒറ്റ മാസം കൊണ്ട് ബിസിനസ് സാമ്രാജ്യത്തിന് വിള്ളല്‍വീണു തുടങ്ങി. സുഖ ചികിത്സ കഴിഞ്ഞുവന്ന ജോസഫേട്ടന്‍ ടാലി തുറന്നു നോക്കി. അന്നായിരുന്നു അദ്ദേഹം മക്കളുടെ വിദ്യാഭ്യാസത്തിന്റെ ‘പൊരുള്‍’ ആദ്യമായി മനസിലാക്കിയത്.
അന്നു രാത്രി, കക്ഷി രണ്ടു മക്കളെയും അടുത്തു വിളിച്ചു. രണ്ടു പേരെയും വെയര്‍ഹൗസില്‍ സൂപ്പര്‍വൈസര്‍മാരാക്കി…അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് തങ്ങളുടെ ജോലി ഇതാണെന്ന് മനസിലാക്കിയ മക്കള്‍ ആദ്യം തളര്‍ന്നു. പിന്നെ, തങ്ങളെ കാത്തിരിക്കുന്ന കോടികളുടെ സൗഭാഗ്യത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ പണിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു പേരും ഹാപ്പിയാണ്. അവരുടെ സമ്പാദ്യത്തിന് വിയര്‍പ്പിന്റെ മണമുണ്ട്. ജോസഫേട്ടന്റെ ബിസിനസിന് ഉയര്‍ച്ചയും!
ഇത് ഒരു ഒറ്റപ്പെട്ട കഥയല്ല. കേരളത്തില്‍ പലയിടത്തും നടക്കുന്ന സംഭവം തന്നെയാണ്. രണ്ട് പ്രധാന കാര്യങ്ങളാണ് ഈ സംഭവകഥ നമ്മെ മനസിലാക്കിത്തരുന്നത് എന്നു തോന്നുന്നു. ഒന്ന്- ബിസിനസിനെ പ്രൊഫഷനല്‍ ആക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. മറ്റൊന്ന് ബിസിനസിലേക്ക് ഇറങ്ങേണ്ട പ്രായത്തെ കുറിച്ചും. പ്രായത്തെ കുറിച്ച് നമുക്ക് കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചു നോക്കാം!
നേരത്തെ പറഞ്ഞ തലമുറയില്‍ (ഇപ്പോള്‍ ഒരു മുപ്പതു വയസൊക്കെ വരുന്ന തലമുറ) പെട്ടവരില്‍ പലരും നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ അടിമകളാണ്. മാതാപിതാക്കള്‍ക്ക് നേടാന്‍ കഴിയാതെ പോയത് മക്കള്‍ക്കു നേടിക്കൊടുക്കണം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇതിന് പിന്നില്‍. പലരും ബ്രിട്ടനിലും യുഎസിലും പോയി എന്താണ് ചെയ്യുന്നതെന്ന് പോലും ആരും അറിയാറില്ല. മാത്രമല്ല യുകെയിലെയൊക്കെ ഏറ്റവും താഴ്ന്ന നിലവാരമുള്ള സ്ഥാപനങ്ങളിലാണ് പലരും ചെന്നു ചാടുന്നത്. അതിനാല്‍ തന്നെ വിദ്യാഭ്യാസപരമായി ഇവര്‍ ഒന്നും തന്നെ നേടുന്നില്ല. വ്യക്തമായ മാനെജ്‌മെന്റ് രീതികളും ഇവര്‍ക്ക് അന്യമാകുന്നു.ഭാവി ബിസിനസ് മക്കളുടെ കയ്യില്‍ ഭദ്രമാണെന്ന് കരുതുന്ന പാവം മാതാപിതാക്കന്മാര്‍ പലരും സത്യാവസ്ഥ മനസിലാക്കുന്നത്, ജോസഫേട്ടന്റെ അനുഭവം വരുമ്പോള്‍ മാത്രമാണ്.
ബിസിനസിന്റെ പള്‍സ് മനസിലാക്കാന്‍ ഒരു പ്ലസ് ടു കഴിയുമ്പോഴെങ്കിലും അതുമായി ബന്ധപ്പെട്ടു തുടങ്ങണം. ഫാമിലി ബിസിനസ് ആണെങ്കില്‍ പാര്‍ട്ട് ടൈം ആയി മക്കളെ ചില ഭാഗങ്ങളിലെങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ മാതാപിതാക്കള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തണം. പത്ത് എംബിഎയ്ക്ക് തുല്യമാണ് ബിസിനസിലുള്ള ഒരു വര്‍ഷത്തെ പ്രായോഗിക പരിചയം എന്നതാണ് സത്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിസിനസ് ഒരു പഠന വിഷയമാക്കണം. സ്‌കൂളുകളില്‍ നിന്നു തന്നെ ബിസിനസ് എന്താണെന്നും, എങ്ങനെയാണെന്നും മനസിലാക്കാനുള്ള അവസരം കുട്ടികള്‍ക്ക് കൊടുത്താല്‍, ഒരുപക്ഷേ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പോലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞേക്കും. അനാവശ്യമായ പല വിഷയങ്ങളും കൊച്ചു പ്രായത്തില്‍ തലയില്‍ കയറ്റിവെയ്ക്കുന്നതിനു പകരം ബിസിനസിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ചാല്‍ മതി. ഇതിനു പകരം ഇരുപത്തിയഞ്ച് വയസ് കഴിയുമ്പോഴാണ് നമ്മുടെ നാട്ടില്‍ പലരും ബിസിനസ് എന്ന് കേട്ടു തുടങ്ങുന്നത് തന്നെ. എത്രയും നേരത്തെ ബിസിനസിനെ കുറിച്ചും അതിന്റെ രീതികളെ കുറിച്ചും അറിവ് നേടാന്‍ സാധിക്കുമോ, അത്രയും നല്ലത്. മാത്രമല്ല ഇളംപ്രായത്തില്‍ ബിസിനസിന്റെ ഏറ്റവും പ്രധാന ഘടകമായ ‘റിസ്‌ക് എടുക്കല്‍’ സാധ്യമാണ് താനും! വൈകിയെത്തുന്ന പലര്‍ക്കും റിസ്‌ക് എടുക്കാന്‍ കഴിയാത്തതു മൂലം നഷ്ടപ്പെടുന്ന അവസരങ്ങള്‍ ഏറെയാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉടനെ കാതലായ മാറ്റങ്ങള്‍ വരുമെന്ന പ്രതീക്ഷയൊന്നും വേണ്ട…! അതിന് വേണ്ടി കാത്തുനില്‍ക്കാതെ, വളര്‍ന്നുവരുന്ന കുട്ടികളെ ചെറിയ സമ്പാദ്യ ശീലത്തിലേക്കും കൊച്ചു ബിസിനസുകളിലേക്കും പതിയെ കൈ പിടിച്ചു നടത്താന്‍ നാം ഓരോരുത്തരും മുന്‍കൈ എടുക്കണം. കുറഞ്ഞ പക്ഷം, ബിസിനസ് ഒരു മോശം കാര്യമല്ല എന്നെങ്കിലും പറഞ്ഞു കൊടുക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. എങ്കില്‍ മാത്രമേ നമുക്കും നമ്മുടെ നാടിനും ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാനാകൂ…

Tuesday, July 19, 2016

ബിസിനസും മതവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോ?


കേരളത്തില്‍ ബിസിനസ് ചെയ്യുന്നവരെല്ലാം മനസിനകത്ത് ഒരിക്കലെങ്കിലും ചോദിച്ച ചോദ്യമായിരിക്കും ഇത്. ബിസിനസും മതവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോ? കഴിഞ്ഞ എട്ടു കൊല്ലത്തെ കേരളത്തിലെ കണ്‍സള്‍ട്ടിംഗ് ജീവിതത്തിനിടയില്‍ ഇവ തമ്മില്‍ ബന്ധമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്
...........................................................................
ഈയാഴ്ചയിലും ചിലരെ കണ്ടുമുട്ടിയപ്പോള്‍ ഈ ചിന്ത വീണ്ടും പൊന്തിവന്നു. ഇതിന് ശാസ്ത്രീയമോ സാങ്കേതികമോ ആയ തെളിവുകള്‍ ഒന്നും തന്നെയില്ലെങ്കിലും ഞാന്‍ ഇടപെട്ടവരില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില സത്യങ്ങള്‍ പറയാതെ വയ്യ.
കേരളത്തില്‍ നിന്ന് വലിയ ബ്രാന്‍ഡുകള്‍ ഉണ്ടാകാത്തതിനു കാരണം നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്ന് ഞാന്‍ മുന്‍പൊരിക്കല്‍ എഴുതിയിരുന്നു. ഈ കാഴ്ചപ്പാട് തന്നെയാണ് ബിസിനസും മതവും തമ്മില്‍ ബന്ധം ഉണ്ടാകാന്‍ കാരണവും.
ആദ്യം, ഒരു നല്ല ബിസിനസുകാരനാകാനും ലോകം അറിയുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനും എന്തെല്ലാം വേണമെന്ന് നോക്കാം! വലിയ കാഴ്ചപ്പാട്, തുറന്ന സമീപനം, കഠിനമായി അധ്വാനിക്കാനുള്ള മനോഭാവം, നേതൃ പാടവം, അറിവ് അങ്ങനെ പോകുന്നു ആ വലിയ ലിസ്റ്റ്...പട്ടിക പരിശോധിച്ചാല്‍ മനസിലാകുന്ന രസകരമായ ഒരു സംഗതിയുണ്ട്.
പത്താം ക്ലാസിലെ മാര്‍ക്കോ എന്‍ട്രന്‍സിലെ റാങ്കോ എന്തിന് വിദ്യാഭാസ നിലവാരം പോലുമോ ഈ പട്ടികയില്‍ കാണാന്‍ കഴിഞ്ഞില്ലെന്നു വരും. അല്ലെങ്കില്‍ ഒരുപക്ഷേ ഏറ്റവും അവസാനമായിരിക്കും ഇതെല്ലാം!
അപ്പോള്‍ ഒരാളെ വലിയ ബിസിനസ്മാന്‍ ആക്കുന്നത് അവന്റെ സര്‍ട്ടിഫിക്കറ്റുകളല്ല എന്നുറപ്പ്. പക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ...,ഒരു കുട്ടി വളര്‍ന്നു വലുതാകുന്ന ഘട്ടത്തില്‍ മാതാപിതാക്കള്‍ അവനോടു പറയുന്നത്...'മോനെ, പഠിച്ചില്ലെങ്കില്‍ നല്ല ജോലിയൊന്നും കിട്ടില്ല. എന്‍ജിനീയറോ ഡോക്ടറോ ഒന്നും ആവാന്‍ പറ്റില്ല. അതുകൊണ്ട് മോനിപ്പോ പഠിത്തത്തില്‍ ശ്രദ്ധിക്കൂ..ബാക്കിയൊക്കെ പിന്നെ..' ഇത് ദിവസത്തില്‍ നാലും അഞ്ചും തവണയാണ് പലരും കുഞ്ഞുങ്ങളോട് ഓതിക്കൊണ്ടിരിക്കുന്നത്.
ഒരു മനുഷ്യന്‍ അവന്റെ ആദ്യ എട്ടു വര്‍ഷങ്ങളിലാണ് 'വാല്യൂ സിസ്റ്റം' വികസിപ്പിച്ചെടുക്കുന്നത്. അത് അവന്റെ മാതാപിതാക്കളും അയല്‍പ്പക്കക്കാരും കൂട്ടുകാരുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ്. ഒരു ജോലി നേടിയെടുക്കുന്നതാണ് എല്ലാം എന്ന കാഴ്ചപ്പാടിലേക്ക് അവന്റെ രീതികള്‍ മാറ്റിയെടുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
അതിനൊപ്പം തന്നെ റിസ്‌ക്കുള്ള ഒരു കാര്യത്തിനും അവനെ പ്രോത്സാഹിപ്പിക്കുകയും ഇല്ല. മാത്രമല്ല പിറകോട്ടു വലിക്കുകയും ചെയ്യും. അതോടെ ജീവിതത്തില്‍ റിസ്‌ക് എടുക്കുന്നത് പോയിട്ട്, മുഖം ഉയര്‍ത്തി സംസാരിക്കാനുള്ള ശേഷി പോലും ഇല്ലാതാവുകയും ചെയ്യും. പിന്നെ പഠിത്തമെല്ലാം കഴിഞ്ഞ് ഇരുപത്തിയഞ്ച് വയസാകുമ്പോള്‍ ഒരല്‍പ്പം 'റിസ്‌ക്' എടുക്കാം എന്നുവെച്ചാല്‍ പറ്റേണ്ടേ? പണ്ട് എടുത്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ എടുത്താല്‍ പൊങ്ങില്ല. അത്ര തന്നെ.
ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും ഇതില്‍ എവിടെയാ മതം എന്ന്, ഉണ്ടല്ലോ!
കുഞ്ഞായിരിക്കുമ്പോള്‍ നമ്മെയെല്ലാം ഒരുപാട് സ്വാധീനിക്കുന്ന ഒന്നാണ് നമ്മുടെ ആരാധനാ രീതികള്‍. ഫാന്റസിയുടെയും റിയാലിറ്റിയുടെയും ചായക്കൂട്ടുകള്‍ കൊണ്ട് നിറംപിടിപ്പിച്ചതാണ് അവയെല്ലാം. ഒപ്പം കുഞ്ഞു മനസിന്റെ നിഷ്‌കളങ്കതയും അറിയാനുള്ള ആഗ്രഹവും എല്ലാം സ്വീകരിക്കുന്ന മനസും കൂടിയാകുമ്പോള്‍ ആരാധനാ രീതികള്‍ക്കും ആരാധനാലയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അത് പകര്‍ന്നു നല്‍കുന്നവര്‍ക്കും പ്രാധാന്യമേറുന്നു.
കേരളത്തില്‍ ഭൂരിഭാഗം വരുന്ന ഹിന്ദുക്കള്‍ ചെയ്യുന്ന ബിസിനസിന്റെ അളവ് തുലോം തുച്ഛമാണെന്ന് നമുക്കറിയാം. ഹിന്ദു ബെല്‍റ്റുകള്‍ ഒന്നുംതന്നെ ബിസിനസ് കേന്ദ്രങ്ങളായി അറിയപ്പെടുന്നുമില്ല. ഹിന്ദു കുടുംബങ്ങളിലുള്ള ബിസിനസുകാര്‍ പോലും മക്കളെ ബിസിനസിലേക്ക് കൊണ്ടുവരാതെ, പഠിച്ചു 'കേമനാകാന്‍' ഉപദേശിക്കുന്നു. ഇനിയിപ്പോ ഉള്ള ബിസിനസുകാരോട് എങ്ങനെയുണ്ട് ബിസിനസ് എന്നു ചോദിച്ചാലോ, മിക്കവാറും എല്ലാവരും ഒരേ സ്വരത്തില്‍ പറയും...'ആ...തട്ടി മുട്ടി പോകുന്നു'....എന്തേ അങ്ങനെ?
ഹിന്ദുമത വിശ്വാസങ്ങള്‍ പലപ്പോഴും വളരെ സ്വതന്ത്രമാണ്. പ്രത്യേക ചട്ടക്കൂടുകളോ രീതികളോ പറയാനില്ല. ആരാധിക്കുന്ന ദൈവങ്ങളുടെ എണ്ണത്തില്‍ പോലും കൃത്യമായ കണക്കില്ല. അതിനാല്‍ത്തന്നെ വളര്‍ന്നുവരുന്ന ഒരു കുട്ടിക്ക് വ്യക്തമായ സങ്കല്‍പ്പമോ ദൈവ ഭയമോ ഒരുപക്ഷേ അതിലൂടെ വ്യക്തമായ ജീവിത ലക്ഷ്യമോ ലഭിക്കാതെ പോകുന്നുണ്ടാകാം. പരസ്പര വിശ്വാസം, സഹവര്‍ത്തിത്വം, സാഹോദര്യം, കരുണ, അനുകമ്പ എന്നീ ഗുണഗണങ്ങള്‍ ഒക്കെ മനസിലാക്കിയെടുക്കേണ്ട ഈ കാലഘട്ടത്തില്‍ ഹിന്ദു മത വിശ്വാസികള്‍ പലപ്പോഴും തെളിമയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടാതെ അലയുന്നുവെന്നതും സത്യമാണ്.
ഈ മൂല്യങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ അതിന്റേതായ അളവില്‍ പലരിലും ഇല്ലാതാകാനുള്ള കാരണവും ഇതു തന്നെ. കൂട്ടുകുടുംബങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കുറച്ചെങ്കിലും ഉണ്ടായിരുന്ന ഈ മൂല്യങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും നശിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു ബിസിനസ് വളര്‍ന്നുവരുന്നത് ഒരു കൂട്ടം ആളുകളുടെ പരസ്പര വിശ്വാസംകൊണ്ടും സഹവര്‍ത്തിത്വം കൊണ്ടുമാണെന്ന് നമുക്കറിയാം.
ഇത് താരതമ്യേന കുറവായ ഒരു വിഭാഗത്തിന് (പലപ്പോഴും സഹായ മനഃസ്ഥിതി കുറവായി കണ്ടിട്ടുണ്ട്. വളരെ നല്ല രീതിയില്‍ ഈ ഗുണങ്ങള്‍ ഉള്ള ഒരുപാട് ആളുകള്‍ ഹിന്ദുമതത്തില്‍ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല) എങ്ങനെ ബിസിനസില്‍ മുന്നേറാന്‍ കഴിയും? ബിസിനസ് എന്നാല്‍ 'റിസ്‌ക്' തന്നെയാണ്. 'റിസ്‌ക്' എടുക്കുന്ന കാര്യത്തിലും പുറകിലാണ് ഹിന്ദുക്കള്‍ എന്ന് പറയാതെ വയ്യ.
അങ്ങനെ വരുമ്പോള്‍ ഈ മനോഭാവം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും റിസ്‌ക് ഇല്ലാത്ത ചെറിയ ബിസിനസുകളിലേക്കും ജോലികളിലേക്കും മാത്രമായി അവര്‍ ഒതുങ്ങിപ്പോവുകയും ചെയ്യുന്നു. ഹിന്ദു മതത്തിന് അകത്തുതന്നെ വിവിധ ജാതികളില്‍ ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ കാണാമെന്നതും ചിന്തിക്കാന്‍ വക നല്‍കുന്നതാണ്.
ക്രിസ്ത്യാനികള്‍ മതം പ്രചരിപ്പിക്കാന്‍ എത്തിയവരും അതിന്റെ ഭാഗം ആയവരും ആയതിനാല്‍ത്തന്നെ 'മാര്‍ക്കറ്റിംഗ്' വിഭാഗത്തില്‍ വിദഗ്ധരാണ്‍ മാത്രമല്ല, പള്ളിയും അതിന്റെ ചുറ്റുപാടുകളും ചിട്ടകളും വേദോപദേശ ക്ലാസുകളും എല്ലാം സാഹോദര്യത്തിന്റെ പാഠങ്ങള്‍ അവര്‍ക്ക് ചെറുപ്പത്തിലെ എത്തിച്ചുകൊടുക്കുന്നു. ഒരു കോര്‍പ്പറേറ്റ് സ്ട്രക്ചര്‍ ഉള്ള ഈ മത വിഭാഗം കുറെക്കൂടി അച്ചടക്കത്തോടെ മതവിശ്വാസങ്ങള്‍ പഠിപ്പിക്കുന്നു.
എന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ ചില അംശങ്ങളും കേരള സമൂഹത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടും തമ്മിലുള്ള ചില വിരോധാഭാസങ്ങളുടെ വടംവലിയാല്‍ മുന്നോട്ടുള്ള യാത്രയില്‍ പൂര്‍ണ്ണമായ വ്യക്തത കൈവരിക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. അതിനാല്‍ത്തന്നെ ക്രിസ്തുമത വിശ്വാസികളില്‍ മിക്കവര്‍ക്കും ബിസിനസ് ഉണ്ടാകുമെങ്കിലും വളരെ വലിയ രീതിയില്‍ എത്തിയവര്‍ ചുരുക്കമാണ്.
ഒരു കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ എന്നെ അമ്പരപ്പിച്ചിട്ടുള്ളത് കേരളത്തിലെ ഇസ്ലാം മതത്തില്‍പ്പെട്ട ബിസിനസുകാര്‍ തന്നെയാണ്. ശൂന്യതയില്‍ നിന്ന് ബിസിനസുണ്ടാക്കുന്നവരാണ് പലരും. പലരില്‍ നിന്നും പഠിക്കാനും ഏറെയുണ്ടാകും.
ഒരുപക്ഷേ നേരത്തെ പറഞ്ഞ ഘടകങ്ങള്‍ ശരിയായ അളവില്‍ ചെറുപ്പത്തിലേ ലഭിക്കുന്നതാകാം കാരണം. മറ്റുള്ളവരെ മനസിലാക്കാനും വിശ്വസിക്കാനും സഹായിക്കാനുമുള്ള മനോഭാവം എടുത്തുപറയാതെ വയ്യ. അതിനാല്‍ത്തന്നെ ബിസിനസുകള്‍ തുടങ്ങുമ്പോള്‍ പണത്തിനു ബുദ്ധിമുട്ട് കണ്ടിട്ടില്ല.
വളരെ വലിയൊരു സൗഹൃദവലയം കാത്തു സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ആളുകളെ ജോലിക്കെടുക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളിലും ഒപ്പംനില്‍ക്കാന്‍ ഒരുപാട് പേരുണ്ടാകും. വിശ്വാസം 'റിസ്‌ക്' കുറയ്ക്കുന്നുവെന്ന സത്യം മനസിലാക്കുന്നതുകൊണ്ട്, ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന സ്ഥിരം പേടിയും ഇവര്‍ക്ക് കാണാറില്ല.
ലോകം കീഴടക്കുന്ന ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ഇവരുടെ സംഭാവന വളരെ വലുതാണ്.
ഇതുകൊണ്ടൊക്കെ തന്നെയാണ് മലബാര്‍ ബിസിനസ് കേന്ദ്രമാകുന്നതും തെക്കന്‍ കേരളം മന്ദഗതിയില്‍ മാത്രം വികസിക്കുന്നതും. ഇത് ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കാനുള്ള എഴുത്തല്ല.
ചുറ്റും നടക്കുന്ന ചില കാര്യങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെ പങ്കുവെച്ചെന്നേയുള്ളൂ.. എല്ലാ മതങ്ങളിലും നല്ലവരും ചീത്തയായ ആള്‍ക്കാരും കഴിവുള്ളവരും ഇല്ലാത്തവരും ഉണ്ടെന്ന് മനസിലാക്കിക്കൊണ്ട് തന്നെ!
ഇതില്‍ നിന്ന് നമുക്കെല്ലാം പഠിക്കാന്‍ ഏറെയുണ്ട്. അത് കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിനെ കുറിച്ചാണ്. ബിസിനസുകാരന്‍ ആക്കാനല്ല...ഒരു നല്ല മനുഷ്യനാക്കാന്‍! ഒരു നല്ല മനുഷ്യനേ ആത്യന്തികമായി ഒരു നല്ല ബിസിനസുകാരനാകാന്‍ പറ്റൂ എന്ന തിരിച്ചറിവോടെ.

Saturday, September 26, 2015

'സാധനം കയ്യിലുണ്ട്'പക്ഷെ എങ്ങനെ വിറ്റഴിക്കും?



ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ ചിന്തിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഒന്ന് ഇതായിരിക്കും. വിറ്റഴിക്കാന്‍ കയ്യില്‍ ഒരുപാട് പ്രൊഡക്ട്‌സ് ഉണ്ടെങ്കിലും എങ്ങനെ വില്‍ക്കുമെന്ന് ഒരു ധാരണയും ഇല്ലാത്തവര്‍. പ്രത്യേകിച്ചും ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍, കര്‍ഷകര്‍, റീട്ടെയ്ല്‍ ഷോപ്പ് ഉടമകള്‍... മാര്‍ക്കറ്റിംഗ് ഇവര്‍ക്കെല്ലാം കിട്ടാക്കനിയാണ്...!
ഒരു പഴയ സുഹൃത്ത് ശിവാനന്ദന്‍ എന്നെ കാണാന്‍ വരുന്നത്
രണ്ടാഴ്ച മുമ്പാണ്. കയ്യില്‍ ഒരു പൊതിയും ഉണ്ടായിരുന്നു. സംസാരിച്ചു വന്നപ്പോഴാണ് മനസിലായത്, ശിവാനന്ദന്‍ ഇന്നൊരു ബിസിനസുകാരനാണ്. ചിപ്‌സ്, പക്കാവട, മിക്‌സ്ച്ചര്‍ തുടങ്ങി ഇരുപതോളം ഇനങ്ങളാണ് പുള്ളിയുടെ പ്രൊഡക്ട്‌സ്. എല്ലാത്തിന്റേയും ഓരോ പായ്ക്കറ്റ് വീതം ശിവന്‍ കയ്യില്‍ കരുതിയിരുന്നു. എംബി എക്ക് പഠിക്കുമ്പോഴാണ് എനിക്ക് ശിവാനന്ദനെ പരിചയം. ഒരു മാനേജ്‌മെന്റ് മീറ്റിന് പോയപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെ ഒരു പേപ്പര്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥി. അന്നവന് ആഗ്രഹം ഏതെങ്കിലും വിദേശ കമ്പനിയുടെ തലപ്പത്ത് എത്താനായിരുന്നു. ഫിലിപ് കോട്‌ലറിന്റെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ മനപാഠമാക്കി, പിന്നീട് അവന്‍ പല ഇന്റര്‍വ്യൂകളും അറ്റന്റ് ചെയ്തു. അതിലൊന്നില്‍ അവന്‍ ചേരുകയും നല്ല രീതിയില്‍ മുന്നോട്ടു പോകുകയും ചെയ്തു. അതിനിടയിലാണ് അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ച് ശിവന്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത്. ശിവാനന്ദന്റെ അച്ഛനും അമ്മയും നാട്ടില്‍ ഒരു ചെറിയ ടീ സ്റ്റാള്‍ നടത്തുകയായിരുന്നു. അമ്മയെ ശുശ്രൂഷിക്കാന്‍ ആരുമില്ലെന്ന് വന്നപ്പോള്‍ ശിവാനന്ദന്‍ ജോലി ഉപേക്ഷിച്ച്, നാട്ടില്‍ത്തന്നെ കൂടി. ആയിടയ്ക്കാണ് അയാള്‍ അത് ശ്രദ്ധിച്ചത്.
പൂട്ടിക്കിടന്ന ആ ചായക്കട അന്വേഷിച്ച് പലരും വരുന്നു. നിരാശരായി തിരിച്ചു പോകുന്നു. തന്റെ സ്വന്തം ചായക്കടയില്‍ ലഭിച്ചിരുന്ന ഒരു 'സ്‌പെഷല്‍ സുഖിയന്‍' ആണ് ഇതിനുകാരണം എന്ന് ശിവന്‍ മനസിലാക്കി. ഏലയ്ക്കായും ജാതിപത്രിയും ചെറുപയര്‍ ചേര്‍ത്തുള്ള അമ്മയുടെ ഒരു ടെക്‌നിക്കായിരുന്നു ആ രുചിയുടെ അടിസ്ഥാനം. അന്നാദ്യമായി ശിവന് തന്റെ ആ കൊച്ചുചായക്കടയെക്കുറിച്ച് അഭിമാനം തോന്നി. അമ്മയുടെ അസുഖം മാറിയതിന് പിറ്റേദിവസം തന്നെ ശിവാനന്ദന്‍ കട തുറന്നു. സുഖിയനായിരുന്നു പ്രധാന ഐറ്റം. അതില്‍തന്നെ അഞ്ചോ ആറോ തരങ്ങള്‍ ഉണ്ടായിരുന്നു. സുഖിയനെക്കുറിച്ചറിഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്നുകൊണ്ടിരുന്നു. സുഖിയന്‍ കഴിച്ച് ബോറടിക്കാതിരിക്കാന്‍, ഒപ്പം പുതിയ പലഹാരങ്ങളും ശിവന്‍ അവരിലേക്കെത്തിച്ചു.
സ്വാദിഷ്ടമായതും വ്യത്യസ്തമായതുമായ രുചികളുടെ മാര്‍ക്കറ്റ് മനസ്സിലാക്കിയ അയാള്‍ ഇത്തരം പലഹാരങ്ങള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാനാരംഭിച്ചു. ഇന്ന് ഏകദേശം 2500 ഓളം കടകളിലേക്ക് അയാള്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. 5 സ്‌പെഷല്‍ ടീ സ്റ്റാളുകളും സ്വന്തമായുണ്ട്. എന്തെല്ലാം ഘടകങ്ങളാണ് ശിവാനന്ദനെ ഒരു ബിസിനസുകാരനാക്കിയത് എന്നു നോക്കാം.
ഉല്‍പ്പന്നം ഉഷാറാകണം
ചുറ്റുമുള്ള കസ്റ്റമേഴ്‌സിന് അനുയോജ്യമായ ഉല്‍പ്പന്നം അഥവാ സേവനം ആണോ നമ്മള്‍ കൊടുക്കുന്നത് എന്നത് വളരെ പ്രധാനമാണ്. പലരും തങ്ങള്‍ക്കിഷ്ടമുള്ള പ്രൊഡക്ടുകള്‍ വിപണനം ചെയ്യാനാണ് ശ്രമിക്കുന്നത്. ആളുകള്‍ക്ക് ആവശ്യമുള്ള, എന്നാല്‍ അല്‍പം പ്രത്യേകതകളോടെ അവരെ ആകര്‍ഷിക്കാന്‍ കഴിവുള്ള
പ്രൊഡക്ടുകളേ വിജയിക്കൂ. ശിവാനന്ദന്റെ അമ്മയുണ്ടാക്കിയിരുന്ന സുഖിയന്‍ അത്തരത്തിലൊന്നാണ്. എന്നാല്‍ അത് എല്ലാ കാലത്തേക്കും ആളുകള്‍ക്ക് പ്രിയപ്പെട്ടതായിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ പ്രൊഡക്ടിനെക്കുറിച്ച് സ്ഥിരമായി പഠിക്കുകയും കസ്റ്റമേഴ്‌സില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് അത് നവീകരികുകയും വേണം. ലൈഫ്‌ബോയ് സോപ്പ് ലൈഫ്‌ബോയ് പ്ലസ് ആയി
രൂപം മാറി അവതരിപ്പിച്ചത് ഒരു ഉദാഹരണമാണ്. ചെറുകിട സംരംഭകരെ സംബന്ധിച്ച് പ്രൊഡക്ടിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. ആദ്യസമയങ്ങളില്‍ ഈ ഗുണനിലവാരമായിരിക്കും പ്രൊഡക്ടിന്റെ ഗതി തീരുമാനിക്കുന്നതില്‍ പ്രധാന ഘടകം.
വിലനിലവാരം മൂല്യമാകുന്നത്...
നിങ്ങളുടെ പ്രൊഡക്ടിനെ വ്യക്തമായി പൊസിഷന്‍ ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് അതിന്റെ 'വില'. ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ഉറപ്പുണ്ടെങ്കില്‍, അവര്‍ക്ക് അനുയോജ്യമായ വിലയും നിശ്ചയിക്കണം. നമ്മുടേതുപോലെയുള്ള ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ഇല്ലെന്ന് ആളുകള്‍ക്ക് തോന്നിയാല്‍ അവര്‍ എന്തുവിലയും നല്‍കി വാങ്ങിയെന്നുവരാം. പക്ഷെ, എടുത്തുപറയത്തക്ക സവിശേഷതകള്‍ ഇല്ലാത്ത ഉല്‍പ്പന്നത്തിന് ഒരുപാട് മത്സരം ഉള്ള ഒരു വിപണിയില്‍ വലിയ വിലവച്ചുകൊണ്ട് മുന്നേറാന്‍ പ്രയാസമായിരിക്കും. അതിനാല്‍ വലിയ പ്രത്യേകതകള്‍ ഇല്ലാത്ത ഉല്‍പ്പന്നമാണെങ്കില്‍ താരതമ്യേന ചെറിയ വിലയില്‍ തുടങ്ങുന്നതാകും ഉചിതം.
ലഭ്യത എന്ന 'കടമ്പ'
ഉല്‍പ്പന്നത്തിന്റേയോ സേവനത്തിന്റേയോ ലഭ്യത എന്നത് പല ബിസിനസുകാരും അവസാനം മാത്രം ചിന്തിക്കുന്ന കാര്യമാണ്. ഏതെങ്കിലും തരത്തില്‍ നമ്മുടെ സേവനത്തേയും ഉല്‍പ്പന്നത്തേയും കുറിച്ച് അറിഞ്ഞുവരുന്നവര്‍ക്ക് അതിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഓരോ ബിസിനസുകാരന്റേയും കടമയാണ്. ഒരുതവണ ഉല്‍പ്പന്നം ലഭിക്കാതെ വന്നാല്‍ ആ കസ്റ്റമര്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. പുതിയ ഉല്‍പ്പന്നങ്ങളുമായി റീട്ടെയ്ല്‍ ഷോപ്പുകളില്‍ പോകുമ്പോള്‍ 'ഇത് സ്ഥിരമായി സപ്ലൈ ചെയ്യാനുള്ള സംവിധാനമുണ്ടാകുമോ?' എന്നതാണ് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന ചോദ്യം.
നല്ല ഒരു ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ഉണ്ടാക്കിയെടുക്കുകയെന്നത് ഏതൊരു മാര്‍ക്കറ്റിങ്ങിന്റേയും ആദ്യപടിയാണ്. ചെറുകിട സംരംഭകരില്‍ ഭൂരിഭാഗവും ആദ്യസമയങ്ങളില്‍ സ്വന്തമായിതന്നെ ഈ ചുമതല ഏറ്റെടുത്തവരാണ്. പുതിയ ഉല്‍പ്പന്നമാണെങ്കില്‍ ഷോപ്പുകളില്‍ അതിന് ഒരു സ്ഥലം കിട്ടുന്നതുതന്നെ പ്രയാസമാണ്. അതിനാല്‍ പ്രൊഡക്ടിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഓണര്‍ തന്നെയാകും നല്ലത്. (ചെറുകിട സംരംഭകര്‍ക്കുള്ള പ്രായോഗികമായ രീതി മാത്രമാണിത്) ശിവാനന്ദനും ചെയ്തത് ഇതുതന്നെയാണ്. നല്ല ശുദ്ധ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത അപൂര്‍വ്വമായ രുചിയുള്ള പലഹാരങ്ങള്‍, സ്വന്തമായി ഷോപ്പുകളില്‍ പോയി വിതരണം ചെയ്തു. ഒപ്പം റീട്ടെയ്‌ലറിന് നല്ല ഒരു മാര്‍ജിനും കൂടി കൊടുത്താല്‍, കടയുടമയ്ക്കും അത് വിറ്റഴിക്കാന്‍ പ്രചോദനമാകും. ഒരു കടയുടമ വിചാരിച്ചാല്‍ ഏത് പുതിയ പ്രൊഡക്ടും ഒറ്റദിവസം കൊണ്ട് വിറ്റുതീര്‍ക്കാം എന്നത് മറക്കരുത്.
ആളുകള്‍ എങ്ങനെ അറിയും?
ഉല്‍പ്പന്നമാണ് കൈവശമുള്ളതെങ്കില്‍, രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ കോടികള്‍ മുടക്കിയുള്ള പരസ്യ പ്രചാരണങ്ങളിലേക്ക് പോകാം. അല്ലെങ്കില്‍ നിശബ്ദമായി, തങ്ങള്‍ നോട്ടമിടുന്ന കസ്റ്റമേഴ്‌സിനെ ലക്ഷ്യമാക്കി പ്രചാരണം സംഘടിപ്പിക്കാം. ഐടിസി പോലുള്ള വന്‍കിട കമ്പനികള്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കുവേണ്ടി ആയിരക്കണക്കിന് കോടി രൂപയാണ് മുടക്കുന്നത്. വലിയൊരു മാര്‍ക്കറ്റിനെ ലക്ഷ്യമാക്കുമ്പോള്‍ അതല്ലാതെ മാര്‍ഗവുമില്ല. എന്നാല്‍ ചെറിയ രീതിയിലൂടെ തുടങ്ങി വലുതായ ബ്രാന്‍ഡുകളും അനവധിയുണ്ട്. മഞ്ഞള്‍, ചന്ദ്രിക, മെഡിമിക്‌സ് സോപ്പുകളെല്ലാം ഉദാഹരണങ്ങളാണ്. നല്ല പാക്കേജിങ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഡിസൈന്‍ ചെലവ് ലാഭിക്കാന്‍ മോശം
പായ്ക്കുകള്‍ ഉണ്ടാക്കുന്നത് ഉല്‍പ്പന്നത്തെ കൊല്ലുന്നതിന് തുല്യമാണ്. നല്ല പാക്കേജിനൊപ്പം, നല്ല ബ്രോഷറും ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കുറച്ച് പോസ്റ്ററുകളും റാക്കുകളുമുണ്ടെങ്കില്‍ പരസ്യം പൂര്‍ണമായും ഒഴിവാക്കാം. റീട്ടെയ്‌ലറിന് നല്ല മാര്‍ജിനും ചില ഓഫറുകളും കൂടി നല്‍കിയാല്‍ സാധനം പതിയെ വിറ്റഴിഞ്ഞു തുടങ്ങും. ചെറിയ സ്ഥലങ്ങളില്‍ നോട്ടീസുകളിലൂടെ കസ്റ്റമേഴ്‌സിന്റെ അടുത്തും അവബോധം വളര്‍ത്തിയെടുക്കാം. സ്‌കൂള്‍, കോളെജ്, ക്ലബ്ബുകള്‍ തുടങ്ങി ഒരുകൂട്ടം ആളുകള്‍ എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടത്താം. കടയില്‍ നിന്നും ഉല്‍പ്പന്നം വിറ്റുതുടങ്ങിയാല്‍ ആദ്യ പരീക്ഷ പാസായെന്ന് പറയാം. പിന്നീട് കൂടുതല്‍ ആളുകളെ വച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഉല്‍പ്പന്നം എത്തിക്കാം. ഓര്‍ത്തോളൂ... ഒറ്റയ്ക്ക് തുടങ്ങിയ ശിവാനന്ദന് കീഴില്‍ ഇന്ന് മുപ്പതോളം മാര്‍ക്കറ്റിംഗ് സ്റ്റാഫുണ്ട്!
ആളുകളും രീതികളും പ്രധാനം
ബിസിനസ് വലുതാകുമ്പോള്‍ കൂടെയുണ്ടാകുന്ന ആളുകള്‍ക്കും നമ്മുടെ അതേ മനോഭാവമായിരിക്കണം. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, അതൊട്ടും ചോര്‍ന്നുപോകാതെ വിപണിയിലെത്തിക്കാന്‍ ശ്രമിക്കണം. മാത്രമല്ല, കാര്യങ്ങള്‍ ചെയ്യുന്ന രീതികള്‍ വ്യക്തമായി കുറിച്ചുവയ്ക്കണം. അല്ലെങ്കില്‍, ഓരോരുത്തരും തങ്ങള്‍ക്കറിയുന്ന ഇഷ്ടമുള്ള രീതികളില്‍ കാര്യങ്ങള്‍ ചെയ്തുകൂട്ടും. അത് ഉല്‍പ്പന്നത്തിന്റേയും കമ്പനിയുടേയും ഇമേജിനെ തന്നെ ബാധിച്ചെന്നുവരാം. ശിവാനന്ദന്റെ അമ്മയുണ്ടാക്കിയിരുന്ന അതേ രുചിക്കൂട്ടുകള്‍, അതേപടി എല്ലാവരിലുമെത്തിച്ചപ്പോഴാണ് അദ്ദേഹം വിജയം വരിച്ചത്. കേരളത്തിലെവിടെ പോയാലും തലയില്‍ വിശറിത്തൊപ്പിയുമായി, ബീറ്റ്‌റൂട്ട് മസാലദോശ കൊണ്ടുവരുന്ന ഇന്ത്യന്‍ കോഫിഹൗസിലെ ബെയററുടെ രൂപം മനസില്‍ നിന്ന് മായാത്തതും ഇതേ കാരണംകൊണ്ടാണ്.
ശിവാനന്ദന്‍ ഇപ്പോള്‍ വന്നിരിക്കുന്നത് പലഹാരം തരാന്‍ മാത്രമല്ല. ബിസിനസ് അടുത്ത സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള സ്ട്രാറ്റജി ചര്‍ച്ച ചെയ്യാന്‍ കൂടിയാണ്...! 'സാധനം കയ്യിലുണ്ടോ?' എങ്കില്‍ നിങ്ങളും റെഡിയായിക്കോളൂ...

ട്രെയിനിങ്ങിലൂടെ 'സെയില്‍സ്' വര്‍ദ്ധിക്കുമോ?




ട്രെയിനിങ്ങിലൂടെ നിങ്ങള്‍ക്ക് 'സെയില്‍സ്' വര്‍ദ്ധിക്കുമോ? പെട്ടെന്നുള്ള നിങ്ങളുടെ ഉത്തരം 'ഇല്ല' എന്നായിരിക്കും. അതിനുകാരണം 'ട്രെയിനിങ്ങ്' എന്ന പേരില്‍ നടക്കുന്നതില്‍ കൂടുതലും വെറും പ്രഭാഷണങ്ങള്‍ മാത്രമാണ് എന്നതാണ്


ഒരു ട്രെയിനിങ്ങിന്റെ ഫലപ്രാപ്തി എങ്ങനെ അളക്കാം എന്ന് ആലോചി ക്കാം...! കിര്‍ക്ക് 
പാട്രിക് എന്ന മാനേജ്‌മെന്റ് വിദഗ്ധന്‍ ഇതിനായി 4 സ്റ്റെപ്പുള്ള ഒരു ടെക്‌നിക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏതൊരു ട്രെയിനിങ്ങിലും അത് അറ്റന്റ് ചെയ്യുന്നവരുടെ മനോഭാവം, താല്‍പ്പര്യം, ശ്രദ്ധ എന്നിവ പ്രധാനമാണ്. മനോഭാവം വ്യക്തികള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കാം. താല്‍പ്പര്യം പലപ്പോഴും ട്രെയിന്‍ ചെയ്യപ്പെടുന്ന വിഷയത്തിന്റെ പ്രസക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രദ്ധയാകട്ടെ, പലപ്പോഴും ട്രെയിനറിന്റെ കഴിവിനനുസരിച്ച് മാറുകയും ചെയ്യുന്നു. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് ട്രെയിനിങ്ങ് അറ്റന്റ് ചെയ്യുന്ന ഒരാളുടെ മുഖത്ത്, അത് ഫലവത്തായി എന്നതിന്റെ ആ തൃപ്തി കാണാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ നല്ല ഒരു ട്രെയിനിങ്ങ് ഇവാലുവേഷന്റെ ആദ്യപടി, ട്രെയിനിങ്ങ് അറ്റന്റ് ചെയ്തവരെ സൂക്ഷമമായി നിരീക്ഷിക്കലാണ്. നിര്‍ഭാഗ്യവശാല്‍ 'ട്രെയിനര്‍' വേഷം കെട്ടിവരുന്ന പലര്‍ക്കും ട്രെയിനീസിന്റെ മാനസികാവസ്ഥ മനസിലാകാറില്ല. ഇത്തരം ട്രെയിനിങ്ങ് സെഷ
നുകള്‍, അറ്റന്റ് ചെയ്യുന്നവരെ ബോറടിപ്പിക്കും എന്നുമാത്രമല്ല, അവര്‍ക്ക് ട്രെയിനി ങ്ങിനോട് സ്ഥായിയായ വെറുപ്പ് ഉണ്ടാക്കിയെടുക്കുകയും ചെയ്യും.
അടുത്തപടി 'പരീക്ഷ' ആണ്. പരീക്ഷയൊക്കെ സ്‌കൂളില്‍ വച്ച് അവസാനിപ്പിച്ചതല്ലേ എന്ന മനോഭാവം കാരണം 99% ട്രെയിനേഴ്‌സും ട്രെയിനീസും അതിന് മെനക്കെടാറില്ല. എന്നാല്‍ വിഷയം എന്തുതന്നെയായാലും അത് മനസിലാക്കിയോ എന്നറിയാനുള്ള വ്യക്തമായ മാര്‍ഗമാണ് 'ടെസ്റ്റുകള്‍'. ബഹുരാഷ്ട്ര കമ്പനികള്‍ക്കെല്ലാം ഏതൊരു ട്രെയിനിങ്ങിനു ശേഷവും 'ടെസ്റ്റുകള്‍' നിര്‍ബന്ധമാണ്. ടെസ്റ്റ് പാസാകാത്തവര്‍ വീണ്ടും ട്രെയിനിങ്ങ് അറ്റന്റ് ചെയ്യുകയും വേണം. നിങ്ങള്‍ നടത്തുന്നത് എന്ത് ട്രെയിനിങ്ങും ആയിക്കൊള്ളട്ടെ, അതിനോടനുബന്ധിച്ച് ഒരു 'എക്‌സാം' അഥവാ 'ടെസ്റ്റ്' ഇല്ലെങ്കില്‍ ആ ട്രെയിനിങ്ങ് മുഴുവനാകുന്നില്ല.
ടെസ്റ്റ് പാസായതുകൊണ്ട് മാത്രമായോ? പോരാ! അത് ജോലിയില്‍ പ്രാ വര്‍ത്തികമാക്കുകകൂടി ചെയ്യേണ്ടതുണ്ട്. ഇനിമുതല്‍ എല്ലാ റിപ്പോര്‍ട്ടുകളും വൈകിട്ട് 5 മണിക്ക് ഇ മെയില്‍ വഴി അയയ്ക്കണമെന്ന നിര്‍ദേശം ട്രെയിനിങ്ങിലൂടെ നല്‍കിയിട്ടും, അത് പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ എന്തുചെയ്യും? ഇവിടെയാണ് 'ഫോളോ അപ്' ട്രെയിനികളുടെ പ്രസക്തി. ഇതുതന്നെയാണ് കിര്‍ക് 
പാട്രിക് പറയുന്ന മൂന്നാമത്തെ സ്റ്റെപ്പും. ഒരു ട്രെയിനിങ്ങ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഒരു 'ഫോളോ അപ്' ആന്‍ഡ് 'റിവ്യൂ' ഉണ്ടെങ്കില്‍, എന്തുകൊണ്ട് 5 മണിക്ക് റിപ്പോര്‍ട്ടുകള്‍ അയക്കുന്നില്ലെന്ന് മനസിലാക്കാം. അറിയാഞ്ഞിട്ടാണെങ്കില്‍ പഠിപ്പിച്ചുകൊടുക്കാം. 
പ്രായോഗികമല്ലെങ്കില്‍ (പ്രായോഗികമാക്കേണ്ടതാണ്. അതുകൊണ്ടാണല്ലോ ട്രെയിനിങ്ങ് കൊടുത്തത്) റീ ഡിസൈന്‍ ചെയ്യാം. അതല്ല, ആറ്റിറ്റിയൂഡ് പ്രോ ബ്ലം ആണെങ്കില്‍ ഈ പ്രവൃത്തി ചെയ്യുന്നതുകൊണ്ട് അയാള്‍ക്കുള്ള ഗുണവും ചെയ്തില്ലെങ്കില്‍ വരാന്‍ പോകുന്ന ദോഷങ്ങളും പറഞ്ഞുകൊടുക്കാം. പക്ഷെ, മിക്കവാറും സ്ഥലങ്ങളില്‍ ആദ്യത്തെ ട്രെയിനിങ്ങിനുശേഷം സ്ഥാപനത്തിന് പുറത്തുനിന്നോ അകത്തുനിന്നോ ഒരു ഫോളോഅപ്പും ഉണ്ടാകാറില്ല. അതിനാല്‍തന്നെ, ട്രെയിനിങ്ങില്‍ പറഞ്ഞ കാര്യങ്ങളെല്ലാം പതിയെ പതിയെ ഇല്ലാതാകുന്നു.
ഇവിടെയും അവസാനിക്കുന്നില്ല ഒരു യഥാര്‍ത്ഥ ട്രെയിനറുടെ റോള്‍. കാരണം, ഒരു യഥാര്‍ത്ഥ ട്രെയിനിങ്ങ് ഉന്നം വയ്ക്കുന്നത് നിങ്ങളുടെ ബിസിനസില്‍/സെയില്‍സിലുള്ള വര്‍ദ്ധന തന്നെയാണ്. യഥാസമയത്ത് റിപ്പോര്‍ട്ടുകള്‍ അയപ്പിക്കുന്നത് അതിന്റെ ഒരു ഭാഗം മാത്രമാണ്. എല്ലാ ദിവസവും സെയില്‍സ് റിവ്യൂ മീറ്റിങ്ങുകള്‍ ഉണ്ടായിരിക്കണം. ഇതിനോടൊപ്പം എല്ലാ മാസവും ഒരു ട്രെയിനറുടെ സാന്നിധ്യത്തില്‍ റിവ്യു നടത്തുന്നതും നന്നായിരിക്കും. എല്ലാ സെയില്‍സ് സ്റ്റാഫിന്റേയും പ്രതികരണങ്ങള്‍ അറിയാനും അവയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും, അതുവഴി സെയില്‍സില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കാണാനുമെല്ലാം ഇത്തരം റിവ്യൂകള്‍ സഹായകരമാകും. ഇതിലൂടെ തീര്‍ച്ചയായും നിങ്ങളുടെ ബിസിനസ് വാല്യു കൂടുകയും ചെയ്യും.
ഒരുകാര്യം തീര്‍ച്ചയാണ്. ഒറ്റ ദിവസത്തെ ഒരു ട്രെയിനിങ്ങ് പ്രോഗ്രാം, ഒരു സിനിമ കാണുന്നതുപോലെയേ ആകുന്നുള്ളൂ. വ്യക്തമായ ഫോളോഅപ്പുകളിലൂടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'ട്രെയിനിങ്ങ് ആന്‍ഡ് റിവ്യൂ' പ്രോഗ്രാം ആണ് വേണ്ടത്. കേരളത്തിലെ ചെറുകിട സ്ഥാപനങ്ങളില്‍ ഇത്തരം ട്രെയിനിങ്ങുകളിലൂടെ ബിസിനസ് 100 ശതമാനമോ അതിനപ്പുറമോ വര്‍ദ്ധിപ്പിക്കാമെന്നതും സത്യം.