Tuesday, November 1, 2016

ചില വിഷന്‍ സെറ്റിംഗ് തമാശകള്‍ !!!

കഴിഞ്ഞയാഴ്ച ട്രെയ്‌നിംഗുകളുടെയും വര്‍ക്‌ഷോപ്പുകളുടെയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ഒരു സെയ്ല്‍സ് ട്രെയ്‌നിംഗും രണ്ട് വിഷന്‍ സെറ്റിംഗ് വര്‍ക്ക്‌ഷോപ്പുകളും പിന്നെ കുറെ ഡിസ്‌കഷനുകളും കടന്നുപോയി.

ഉത്തര കേരളത്തിലെ ഒരു എഫ്എംസിജി സ്ഥാപനത്തിലായിരുന്നു സെയ്ല്‍സ് ട്രെയ്‌നിംഗ്. ഒരൊറ്റ ദിവസം കൊണ്ട് ഇരുപതോളം വരുന്ന സെയ്ല്‍സ്മാന്‍മാരെ 'ചുണക്കുട്ടന്മാരാക്കുക' എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. എച്ച് ആര്‍ മാനേജര്‍ വിളിച്ച് കാര്യം പറഞ്ഞപ്പോഴേ ഞാന്‍ ഒഴിഞ്ഞുമാറി.

'ചുണ' ...അതും ഒരൊറ്റ ദിവസം കൊണ്ട്!!!. ഒരല്‍പ്പം ബുദ്ധിമുട്ടാകും എന്നു തന്നെ പറയേണ്ടിവന്നു !!. എന്നാല്‍പ്പിന്നെ 'ചുണ' ഇല്ലെങ്കിലും ഒരല്‍പ്പം 'മോട്ടിവേഷന്‍' മതിയെന്നായി കക്ഷി. ഞാന്‍ ഉടനെ ഒരു ട്രെയ്‌നിംഗ് നീഡ് അനാലിസിസ് ഫോം അയച്ചുകൊടുത്തു.

അതൊന്നു പൂരിപ്പിച്ച് തിരിച്ചയച്ചു തന്നാല്‍, സ്റ്റാഫിനു വേണ്ടത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതാ പുള്ളി വീണ്ടും വിളിക്കുന്നു.' സാറേ, ഫോം പൂരിപ്പിക്കാനൊന്നും നേരം കിട്ടിയില്ല.
എന്തെങ്കിലും 'മോട്ടിവേഷന്‍ ' കൊടുത്താല്‍ മതിയെന്നേ.

നമ്മുടെ എച്ച് ആര്‍ മാനേജര്‍മാര്‍ പലരും ഇതുപോലെയാണ്. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുക എന്നതാണ് ലക്ഷ്യം. എന്താണെന്നോ എന്തിനാണെന്നോ അവര്‍ക്കുപോലും അറിയാത്ത അവസ്ഥ. ഒന്ന് ഓര്‍മ്മവെച്ചോളൂ...വ്യക്തമായ ട്രെയ്‌നിംഗ് നീഡ് അനാലിസിസ് ചെയ്യാതെ പ്രോഗ്രാമുകള്‍ ചെയ്യുന്നത് ധനനഷ്ടവും സമയനഷ്ടവുമാണ്.

അവസാനം നിര്‍ബന്ധിച്ച് ഈ 'നീഡ് അനാലിസിസ്' എന്ന സംഭവം അങ്ങു നടത്തി. അപ്പോഴാണ് കാര്യങ്ങള്‍ തെളിഞ്ഞുവരുന്നത്...! സെയ്ല്‍സ് ക്ലോസ് ചെയ്യാനുള്ള കഴിവ് 80 ശതമാനം പേര്‍ക്കുമില്ല. അതിനാലാണ് വില്‍പ്പന നടക്കാത്തത്. അല്ലാതെ മോട്ടിവേഷന്‍ കുറവായതുകൊണ്ടല്ല.

അങ്ങനെയാണ് 'സെയ്ല്‍സ് ക്ലോസിംഗ്' എന്ന വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ട്രെയ്‌നിംഗ് ചെയ്യാന്‍ തീരുമാനിക്കുന്നത്...അതും ഒന്നല്ല...മൂന്നെണ്ണം...ഒരു ട്രെയ്‌നിംഗില്‍ എല്ലാ രീതികളും വിശദമായി പഠിപ്പിച്ചതിനുശേഷം, രണ്ടാഴ്ച കൂടുമ്പോള്‍ ഫോളോ അപ്പ് ട്രെയ്‌നിംഗും പ്ലാന്‍ ചെയ്തു.

ആദ്യത്തെ ട്രെയ്‌നിംഗ് ആണ് ഈയാഴ്ച നടന്നത്. അറുപതോളം വിവിധ തരത്തിലെ ടെക്‌നിക്കുകള്‍ ഞങ്ങള്‍ പങ്കുവെച്ചു. ഒപ്പം റോള്‍ പ്ലേകളിലൂടെ അവ എങ്ങനെ ഉപയോഗിക്കാം എന്നതും കാണിച്ചുകൊടുത്തു. ആ 'നീഡ് അനാലിസിസ് ' ചെയ്തില്ലെങ്കില്‍ ഉള്ള കാര്യം ഒന്നാലോചിച്ചു നോക്കൂ.

ഇനിയാണ് ഈ ആഴ്ചയിലെ ഹൈലൈറ്റ് വരുന്നത് !. വിഷന്‍ സെറ്റിംഗ്...
ഏകദേശം നൂറു കോടിയ്ക്കടുത്ത് സെയ്ല്‍സ് റെവന്യൂ എത്തിക്കഴിഞ്ഞാല്‍ പിന്നെ, മുന്നോട്ടുപോകാന്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. പലപ്പോഴും ഇതിനൊരു കാരണം കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കാറുമില്ല. എന്തിനുവേണ്ടി ബിസിനസ് ചെയ്യുന്നു എന്നതിന് വ്യക്തമായ ഒരു ഉത്തരം ഇല്ലാത്തതാണ് പലരെയും കുഴയ്ക്കുന്നത്.

ഇതിന് ഉത്തരം കണ്ടെത്താന്‍ പുറമേ നിന്നുള്ള വിദഗ്ധരുടെ സഹായം നല്ലതാണ്. സജീവ് നായരെപ്പോലെ മനസ് വായിച്ചെടുക്കാന്‍ കഴിയുന്ന, എല്ലാവര്‍ക്കും സ്വീകാര്യരായ വ്യക്തികളുണ്ടെങ്കില്‍ ഇത് മനോഹരമായി വികസിപ്പിച്ചെടുക്കാന്‍ സാധിക്കും.

ഇത്തരത്തിലുള്ള രണ്ട് വര്‍ക്ക്‌ഷോപ്പുകളാണ് കഴിഞ്ഞയാഴ്ച ഞങ്ങള്‍ ചെയ്തത്. രണ്ടും നൂറു കോടിക്ക് അടുത്ത് ടേണ്‍ ഓവര്‍ ഉള്ള കമ്പനികള്‍. ആദ്യത്തേത് പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ആയിരുന്നു. എല്ലാവരും നാല്‍പ്പതു വയസിനു താഴെ പ്രായമുള്ളവര്‍. മുന്നോട്ടു കുതിക്കണമെന്ന അടങ്ങാത്ത ആഗ്രഹമുള്ളവര്‍.

പൂജ്യത്തില്‍ നിന്ന് തുടങ്ങി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയെ നൂറു കോടിയിലേക്കെത്തിച്ചവര്‍. തങ്ങളുടെ സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഹോള്‍ സെയ്‌ലിംഗ് തന്ത്രങ്ങളിലൂടെ ഇവിടംവരെയെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന വിശ്വസ്തരുടെ ഒരുനിര തന്നെ കമ്പനിയിലുണ്ട്.

എങ്ങനെ ബിസിനസ് ചെയ്യണമെന്ന് വ്യക്തമായി അറിയുന്ന കൂട്ടര്‍. പക്ഷേ, അവര്‍ക്ക് അറിയാതിരുന്നത്, ഒന്നുമാത്രം. എന്തിനു വേണ്ടി അവരിത് ചെയ്യുന്നു..? നല്ല ജോലിയില്‍ നല്ല ശമ്പളം വാങ്ങി അല്ലലില്ലാതെ ജീവിച്ചിരുന്ന പലരും അതുപേക്ഷിച്ച് തന്നെയാണ് ഈ ഒട്ടും സുഖകരമല്ലാത്ത ബിസിനസിലേക്ക് ഇറങ്ങിയത്.

അത് എന്തിനു വേണ്ടി?...ഈ ചോദ്യമാണ് പത്തു പേരെയും അലട്ടിക്കൊണ്ടിരുന്നത്. സെഷന്‍ തുടങ്ങിയത് മുതല്‍ ഒരു വല്ലാത്ത പോസിറ്റീവ് വൈബ്രേഷന്‍ മുറിയില്‍ പ്രകടമായിരുന്നു. തങ്ങളുടെ മനസിലെ ആഗ്രഹങ്ങള്‍ ഓരോരുത്തരും പങ്കുവെച്ചു.

സമൂഹം എങ്ങനെയാകണമെന്നും ഈ ലോകത്തിനു തങ്ങള്‍ എന്ത് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ ചിന്തിച്ചു തുടങ്ങി. ഓരോരുത്തരും കൂടുതല്‍ സംസാരിച്ചു തുടങ്ങി. ഇപ്പോള്‍ ചെയ്യുന്ന ബിസിനസോ വെറും ധനലാഭമോ മാത്രമല്ല ഉദ്ദേശ്യം എന്ന് അവര്‍ക്കു തന്നെ മനസിലായിത്തുടങ്ങി.

പല വിദേശ കമ്പനികളുടെയും ഉദാഹരണങ്ങളിലൂടെയുള്ള കണ്ണോടിക്കല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ അവരെ സഹായിച്ചു. 'കാരിയര്‍' പോലുള്ള കമ്പനികള്‍ വിശ്വാസത്തിനും നേരായ രീതിയിലെ ബിസിനസിനും കൊടുക്കുന്ന പ്രാധാന്യം എല്ലാവരെയും ചിന്തിപ്പിക്കുന്നതായിരുന്നു.

ചെറിയ ലാഭത്തിനുവേണ്ടി തങ്ങളുടെ മൂല്യങ്ങള്‍ ബലി കഴിക്കാത്ത കമ്പനികള്‍ വിജയപഥത്തില്‍ എത്തുന്നുവെന്നത് ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു.

ഗുണനിലവാരവും വിശ്വാസ്യതയുമെല്ലാം എല്ലാവരും പറയുന്ന കാര്യങ്ങളാണെങ്കിലും എത്രപേര്‍ അതനുവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്‌നം. അതിനാല്‍ തന്നെ വെറുതെ ഇത്തരം മൂല്യങ്ങള്‍ ഉണ്ടെന്ന് പ്രഖ്യാപിക്കല്‍ അല്ല വിഷന്‍ വര്‍ക്‌ഷോപ്പിന്റെ ലക്ഷ്യം. ശരിയായ മൂല്യങ്ങള്‍ കണ്ടെത്തി അതിനനുസരിച്ച് ബിസിനസ് രീതികള്‍ വികസിപ്പിക്കലാണ് അതിന്റെ ഉന്നം.

എന്തൊക്കെയായാലും നല്ല രീതിയില്‍ ഏകദേശം എട്ട് മണിക്കൂറോളം മുന്നോട്ടുപോയി. അവസാനം നാലോളം മൂല്യങ്ങള്‍ കണ്ടെത്തുകയും അവയെ വിഷന്റെ ഭാഗമാക്കുകയും ചെയ്തു. ഈ പത്തു പേരുടെയും അര്‍പ്പണ മനോഭാവം എടുത്തുപറയേണ്ടതാണ്. അതിനാല്‍ത്തന്നെ ശരിയായ സിസ്റ്റം വികസിപ്പിച്ചാല്‍ കേരളത്തില്‍ നിന്നുള്ള ഒരു വലിയ ബ്രാന്‍ഡിനെ അടുത്ത അഞ്ച് വര്‍ഷത്തില്‍ പ്രതീക്ഷിക്കാം.

ഇതേ രീതിയിലുള്ള മറ്റൊരു വര്‍ക്‌ഷോപ്പ് കൂടി ഈയാഴ്ചയില്‍ തന്നെ നടന്നു. ആളുകള്‍ അറിഞ്ഞു തുടങ്ങിയ, മധ്യകേരളത്തിലെ ഒരു ബ്രാന്‍ഡിനു വേണ്ടിയായിരുന്നു ഇത്. വര്‍ക്‌ഷോപ്പിനുവേണ്ടി ഞങ്ങളെ വിളിച്ചപ്പോഴേ സംശയങ്ങളുടെ ഒരു നിരയുമായാണ് അവര്‍ വന്നത്. തങ്ങളുടെ രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ കഴിയുമോ എന്ന ഭയം അവരെ അലട്ടുന്നുണ്ടായിരുന്നു.

ഒന്ന് പറഞ്ഞോട്ടെ, നിങ്ങള്‍ ഓരോരുത്തരും പറയുന്ന ഈ രഹസ്യങ്ങളുണ്ടല്ലോ, ഇന്ന് വലിയ പരസ്യങ്ങളാണ്. ഇത് അറിവിന്റെ യുഗമാണ്. ആര്‍ക്കും ഒരറിവിനും പഞ്ഞമില്ലാത്ത കാലം. അവിടെ വില മതിക്കുന്നത് നിങ്ങളുടെ സേവന സന്നദ്ധത ആണ്.

അവര്‍ ആറു പേരായിരുന്നു. മാനേജിംഗ് ഡയറക്റ്റര്‍ തന്നെയായിരുന്നു പ്രധാനി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും ബാക്കി അഞ്ചു പേരോടും ഇതുവരെ തന്റെ മൂല്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത ഇദ്ദേഹം അതെല്ലാം പുറത്ത് പറയാനുള്ള ഒരു അവസരമായാണ് ഇതിനെ കണ്ടത്.

വര്‍ക്‌ഷോപ്പ് പാളിപ്പോകുമോ എന്നുവരെ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഭയപ്പെട്ടു. തന്റെ കഥ പറയുന്നതിലായിരുന്നു പുള്ളിക്ക് കൂടുതല്‍ താല്‍പര്യം. കഠിനമായ പരിശ്രമങ്ങളുടെ, ആരും എടുത്തിട്ടില്ലാത്ത റിസ്‌കുകളുടെ കഥാ സാഗരം തന്നെ പുറത്തുവന്നു. പക്ഷേ, എന്തിനുവേണ്ടി എന്ന ചോദ്യത്തിന് ഉത്തരം 'പണം', 'പണം' എന്നത് മാത്രമായിരുന്നു.

എന്നാല്‍'പണം' എന്തിനുവേണ്ടി എന്ന ചോദ്യത്തിന് മുന്നില്‍ അദ്ദേഹം പതറി, അല്ലെങ്കില്‍ മനസിലായില്ലെന്ന് നടിച്ചു. ബാക്കിയെല്ലാവരും വെറും ശ്രോതാക്കളായിരുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള മാര്‍ഗം വിഷന്‍ ഉണ്ടാക്കിയെടുക്കുന്നത് മാത്രമാണെന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞിട്ടുണ്ടായിരുന്നു എന്നു തോന്നുന്നു.

അതിനാല്‍ തന്നെ ഒരു വിഷന്‍ ഉണ്ടാക്കിയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരാളുടെ എല്ലാ വ്യഗ്രതയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പല തരത്തില്‍, അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

വിശ്വാസ്യതയും ചങ്കൂറ്റവും കൈമുതലായ ആ ചെറുപ്പക്കാരന്‍ ഒരു മനുഷ്യ സ്‌നേഹി കൂടിയായിരുന്നു എന്നത് മനസിലാക്കാന്‍ ഒരുപാട് ഉദാഹരണങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നു. എങ്കിലും എല്ലാത്തിനെയും സംശയത്തോടെ നോക്കിക്കാണുന്ന ഓര്‍ഗനൈസേഷന്‍ കള്‍ച്ചര്‍ അവരെ ബാധിച്ചിട്ടുണ്ടോയെന്ന് തോന്നി. പല ഘട്ടങ്ങളിലും സ്വന്തം കഴിവുകളേയും ഒപ്പമുള്ളവരുടെ കഴിവുകളേയും മുന്നിലെത്തുന്ന ഓരോരുത്തരുടെയും കഴിവുകളേയും വില കുറച്ചു കാണുന്ന സംശയരോഗം പുരോഗമനത്തിന് വിലങ്ങുതടിയായേക്കും.

ഇത്ര ഭംഗിയായി പ്രശ്‌നങ്ങളെ തരണം ചെയ്ത് ഇവിടം വരെയെത്തിയ ഈ ചെറുപ്പക്കാരന് ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ ഈ മൂല്യങ്ങള്‍ നന്നായി ഉപയോഗിച്ചാല്‍ മാത്രം മതി, ഒരു ഗ്ലോബല്‍ ബ്രാന്‍ഡ് ഉണ്ടാകാന്‍.

വിഷന്‍ വേറെയാരെങ്കിലും ഉണ്ടാക്കിത്തരുന്ന ഭംഗിയുള്ള വാചകമല്ല. നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ള മൂല്യങ്ങളുടെ പ്രതിഫലനമാണ്. അത് മനസിലാക്കിയെടുക്കാന്‍ ഒരു തുറന്ന സമീപനവും പോസിറ്റീവ് ആയ ചിന്താഗതിയും ആവശ്യമാണ്.

ഇല്ലെങ്കില്‍ വളര്‍ച്ച പരിമിതമാണ്. നിങ്ങളുടെ രണ്ടു ചുമലുകള്‍ക്ക് താങ്ങാവുന്നതിലധികം ആ ബ്രാന്‍ഡ് വളരുകയേയില്ല. ഈ വിഷന്‍ എല്ലാ സ്റ്റാഫിലേക്കും എത്തിക്കുന്നതും പ്രധാനമാണ്. ഓരോ തീരുമാനത്തിലും വിഷന്‍ പ്രതിഫലിക്കുകയും വേണം.
എന്തിനു വേണ്ടി ബിസിനസ് ചെയ്യുന്നു എന്ന് ഇതുവരെ ആലോചിച്ചിട്ടില്ലാത്തവര്‍, ഒന്ന് ചിന്തിച്ചു തുടങ്ങണം. വൈകിയാല്‍ പാഴാകുന്നത് ഒരു ജീവിതം തന്നെയാകാം

No comments:

Post a Comment